Connect with us

Business

ആദായ നികുതി ഫോം പരിഷ്‌കരിച്ചു; വ്യക്തികളും ബിസിനസുകാരും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണം

Published

|

Last Updated

ന്യൂഡല്‍ഹി: 2018-19 വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ വിജ്ഞാപന ചെയ്തു. ഏഴ് വിഭാഗക്കാര്‍ക്കുള്ള ഫോമുകളില്‍ ശമ്പള വരുമാനക്കാര്‍ സമര്‍പ്പിക്കേണ്ട ഐടിആര്‍- 2 സഹജ് ഫോ്ം ഒഴികെ ഫോമുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വ്യക്തികളും ബിസിനസുകാരും നിലവിലുള്ളതിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും.

സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗത്വമുള്ളവരും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ ഓഹരി നിക്ഷേപം ഉള്ളവരുമായ വ്യക്തികള്‍ക്ക് ഇനി ലളിതമായ ഐടിആര്‍ 1, ഐടിആര്‍ 4 ഫോമുകള്‍ സമര്‍പ്പിക്കാനാകില്ല. ഇവര്‍ ഐടിആര്‍ 2, ഐടിആര്‍ മൂന്ന് ഫോമുകള്‍ നല്‍കണം. ഈ ഫോമില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഇക്യുറ്റി ഷെയറുകളുടെ വിവരം വെളിപ്പെടുത്തേണ്ടിവരും.

വ്യക്തികള്‍ അവരുടെ താമസസ്ഥലത്തിന്റെ സ്ഥിതിയും ഇന്ത്യയിലും വിദേശത്തും എത്ര ദിവസം താമസിക്കുന്നു തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കണം. വിദേശത്തെ സ്വത്തു വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കേണ്ടിവരും.

കാര്‍ഷിക വരുമാനത്തില്‍ നിന്ന് നികുതി ഇളവ്് ആവശ്യപ്പെടുവന്നവര്‍ അവരുടെ കൃഷി ഭൂമി നില്‍ക്കുന്ന സ്ഥലം, അതിന്റെ വ്യാപ്തി, ജലസേചനം സംബന്ധിച്ച വിവരങ്ങള്‍, ഭൂമി സ്വന്തമാണോ അതോ പാട്ടത്തിനാണോ തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തണം.

ശമ്പളക്കാര്‍ അവര്‍ക്ക് നികുതി ഇളവ് ലഭിക്കുന്ന അലവന്‍സുകളുടെ വിവരങ്ങളും വ്യക്തമാക്കണം. ഹൗസ് റെന്‍ഡ്, ലീവ് ട്രാവല്‍, കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ് തുടങ്ങിയവ വെളിപ്പെടുത്തേണ്ടി വരും. നേരത്തെ നികുതി നല്‍കേണ്ട അലവന്‍സുകളുടെ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയായിരുന്നു.

ഓഫ്‌ലൈനായി പേപ്പര്‍ ഫോമുകള്‍ ഇനി 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ.

Latest