Connect with us

Ongoing News

സിറ്റിംഗ് എം പിമാരിൽ ചിലർക്ക് കാലിടറിയേക്കും

Published

|

Last Updated

മീനച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂട് രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരം. ഇരുപക്ഷത്തേയും സിറ്റിംഗ് എം പിമാരിൽ ചിലർക്കെങ്കിലും കാലിടറുമെന്നാണ് തീ പാറും പോരാട്ടത്തിന്റെ അലയൊലികളിൽ പ്രതിഫലിക്കുന്നത്. മത്സരിക്കാൻ രാഹുൽ ഗാന്ധിയെത്തിയതിന്റെ ആവേശം കോൺഗ്രസ് ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുമ്പോൾ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി പ്രവചിച്ചവർ പോലും ഭേദപ്പെട്ട സീറ്റുകൾ ലഭിക്കുമെന്ന വിലയിരുത്തലിലേക്കെത്തിയത് എൽ ഡി എഫിന് ഉണർവ് നൽകുന്നു. അക്കൗണ്ട് തുറക്കുമെന്ന പതിവ് പ്രഖ്യാപനത്തിന് ബി ജെ പി ക്യാമ്പിൽ കുറവില്ലെങ്കിലും പ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്തെ പ്രതികരണങ്ങൾ ആശ്വസിക്കാൻ വക നൽകുന്നില്ല.

സാഹചര്യങ്ങളെല്ലാം എൽ ഡി എഫിന് പ്രതികൂലമാണെന്ന വിലയിരുത്തൽ പല കോണുകളിൽ നിന്നുമുയരുന്നതിനിടെ മികച്ച സ്ഥാനാർഥികളെ ഇറക്കിയാണ് എൽ ഡി എഫ് ഇതിനെ മറികടന്നത്. യു ഡി എഫിന്റെ സ്ഥാനാർഥി നിർണയ തർക്കം രാഹുൽ വരവിൽ അലിഞ്ഞ് ഇല്ലാതായി.

അവകാശവാദങ്ങൾക്ക് ഒരു ക്യാമ്പിലും ഒട്ടും കുറവില്ല. നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം ട്വന്റി ട്വന്റിയെന്ന് പറഞ്ഞ് രാഹുൽ മടങ്ങിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. 20ൽ 20 ഉം നേടുമെന്ന്. പതിനെട്ടിൽ കൂടുതൽ സീറ്റ് നേടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പുറമേക്ക് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആരും പ്രതീക്ഷിക്കുന്നിടത്തല്ല കാര്യങ്ങൾ.
തിരഞ്ഞെടുപ്പിന് മൂന്നാഴ്ചയുണ്ടെങ്കിലും ഫലം പ്രവചനാതീതമെന്ന വിലയിരുത്തലിലേക്ക് പല മണ്ഡലങ്ങളിലും കാര്യങ്ങളെത്തിക്കഴിഞ്ഞു. ത്രികോണ മത്സരത്തിന്റെ പ്രതീതിയുള്ള തിരുവനന്തപുരത്ത് മൂന്ന് മുന്നണികളും ഒരു പോലെ വിജയ പ്രതീക്ഷയിലാണ്. ഇരു മുന്നണികളും കുത്തകയാക്കിയ മണ്ഡലങ്ങളിൽ പോലും സിറ്റിംഗ് എം പിമാർ വെല്ലുവിളി നേരിടുന്നതാണ് സാഹചര്യം. ഒന്നിലധികം ടേം എം പിമാരായവർ പോലും സിറ്റിംഗ് സീറ്റുകളിൽ ഭീഷണി നേരിടുന്നു. പ്രചാരണ വിഷയങ്ങൾ മാറിമറിയുന്നതും സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
പുതിയ വിവാദങ്ങൾ ഉയർന്ന് വരുന്നത് ദിശ മാറ്റുമോയെന്ന ആധിയിലാണ് മുന്നണികൾ. രാഹുൽ വരവിന്റെ ആവേശത്തിനിടെ കോഴിക്കോട് എം കെ രാഘവനുമായി ബന്ധപ്പെട്ടുയർന്ന വിവാദം തിരിച്ചടിക്കുമെന്ന ഭീതിയുണ്ട് യു ഡി എഫിന്.

രാഹുൽ വരവിന്റെ അലയൊലികളുണ്ടാകുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്നത്. ദേശീയതല തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കേരളവും കൂടി ഉൾപ്പെട്ടുവെന്നതാണ് രാഹുലിന്റെ സാന്നിധ്യമുണ്ടാക്കിയ മാറ്റം. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മുഴുവൻ സീറ്റും പിടിച്ചെടുക്കണമെന്ന നിർദേശവും നൽകിയാണ് രാഹുൽ മടങ്ങിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് ഇതൊരു വെല്ലുവിളിയായതിനാൽ വരും ദിവസങ്ങളിൽ കളത്തിൽ കൂടുതൽ പണിയെടുക്കേണ്ടി വരും.

ഇടത് ക്യാമ്പും നല്ല പ്രതീക്ഷയിലാണ്. ദേശീയ നേതാക്കളുടെ പ്രചാരണ പര്യടനം തുടങ്ങിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് താര പ്രചാരകൻ. ശബരിമല വിവാദം ഉൾപ്പെടെ തിരിച്ചടിയാകുമെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നെങ്കിലും അതെല്ലാം മാറിയെന്നതിന്റെ ആത്മവിശ്വാസം എൽ ഡി എഫിനുണ്ട്. പത്തനംതിട്ടയിൽ പോലും ശബരിമല പ്രധാന ചർച്ചാ വിഷയമല്ലെന്ന സർവേ റിപ്പോർട്ട് മുന്നണിയുടെ ആത്മവിശ്വാസം കൂട്ടുന്നു.
വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയ ബി ജെ പിക്ക് സ്ഥാനാർഥി നിർണയ ചർച്ചകളിൽ തർക്കമുണ്ടായതാണ് തിരിച്ചടിച്ചത്. സ്ഥാനാർഥി നിർണയം അന്തിമമാക്കാൻ ആർ എസ് എസിന്റെ ശക്തമായ ഇടപെടൽ വേണ്ടി വന്നു. ഇനിയുള്ള മൂന്നാഴ്ച നിർണായകമാണ്. ജയപരാജയം നിർണയിക്കുന്ന വോട്ടുകൾ ആർക്കെന്ന് നിശ്ചയിക്കപ്പെടുന്നത് അവസാന നാളുകളിലെ ചർച്ചകളിലൂന്നിയാണ്. കാടിളക്കിയുള്ള പ്രചരണത്തിനൊപ്പം കരുതലോടെയുള്ള നീക്കം നടത്തുന്നവരെ വിജയവും തുണക്കും.

Latest