Connect with us

Kottayam

കോട്ടയം പഴയ കോട്ടയമല്ല

Published

|

Last Updated

വി എൻ വാസവൻ, തോമസ് ചാഴികാടൻ, പി സി തോമസ്

ജില്ലയിൽ ചൂട് 37 ഡിഗ്രി സെൽഷ്യസിലാണെങ്കിൽ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം 100 ഡിഗ്രി സെൽഷ്യസിലാണ്. ഈ തവണ കോട്ടയത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ആർക്കാണ് വിജയ സാധ്യയെന്ന് പ്രവചിക്കാൻ പോലും പറ്റാത്തതരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ അണികൾ ഇരട്ടി ആത്മവിശ്വാസത്തിലാണ്. തങ്ങളുടെ സ്ഥാനാർഥികൾക്കനുകൂലമായ വോട്ടുകൾ ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് അണികൾ.

യു ഡി എഫ് കോട്ടയെന്ന് പൊതുവേ അറിയപ്പെടുന്നതെങ്കിലും ആറ് തവണ ചെങ്കൊടിക്ക് വിജയശംഖ് മുഴക്കുവാൻ സാധിച്ച മണ്ഡലമാണ് കോട്ടയം. ഇത്തവണ കോട്ടയത്തെ ചുവപ്പിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഇടതുപക്ഷം.
ജനപ്രിയനും മുൻ എം എൽ എയും പാർട്ടി ജില്ലാ സെക്രട്ടറിയുമായ വി എൻ വാസവനേയാണ് കോട്ടയത്തെ ചുവപ്പിക്കാൻ എൽ ഡി എഫ് ഇറക്കിയത്. ഏറ്റുമാനൂർ നിയോജക മണ്ഡലം മുൻ എം എൽ എ തോമസ് ചാഴികാടനേയാണ് യു ഡി എഫിന് വേണ്ടി ഘടക കക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗം രംഗത്തിറക്കിയത്. എൻ ഡി എ, മുൻ എം പി. പി സി തോമസിനെ കോട്ടപിടിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നു.

2014 ലാണ് കോട്ടയം മണ്ഡലം പുനർനിർണയം ചെയ്തത്. പഴയ കോട്ടയത്തിന്റെ ഭാഗമായിരുന്ന കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടക്ക് പോയി. പകരം ഉറച്ച യു ഡി എഫ് കോട്ടയായ എറണാകുളത്തെ പിറവം കോട്ടയത്തുമായി. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, പിറവം, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇതിൽ ഏറ്റുമാനൂർ, വൈക്കം എന്നിവ ഇടതുപക്ഷം വിജയിച്ചു വരുന്ന മണ്ഡലങ്ങളാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ചത് ജോസ് കെ മാണിയായിരുന്നു. അന്ന് 4,24,194 വോട്ടുകൾ നേടിയാണ് ജോസ് കെ മാണി വിജയിച്ചത്. പിറവം 63,942, പാലാ 66,968, കടുത്തുരുത്തി 63,554, വൈക്കം 54,623, ഏറ്റുമാനൂർ 56,429, കോട്ടയം 56,395, പുതുപ്പള്ളി 61,552 എന്നിങ്ങനെയാണ് ജോസ് കെ മാണിയുടെ വോട്ട് കണക്ക്. എതിരാളിയായി മത്സരിച്ച ജനതാദൾ എസ് സ്ഥാനാർഥി മാത്യു ടി തോമസിന് പിറവം 55,611, പാലാ 35,569, കടുത്തുരുത്തി 38,594, വൈക്കം 52,550, ഏറ്റുമാനൂർ 43,921, കോട്ടയം 39,943, പുതുപ്പള്ളി 36,793 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
നൂറ്ശതമാനം വിജയസാധ്യത മുന്നിൽ കണ്ടാണ്് വി എൻ വാസവൻ മണ്ഡല പര്യടനം നടത്തുന്നത്. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച വാസവന്റെ കന്നി പാർലിമെന്റ് മത്സരമാണിത്. 1987 ലാണ് വാസവൻ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. അന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ എതിർസ്ഥാനാർഥിയായാണ് വാസവൻ എത്തിയത്. 15 വർഷത്തോളം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന വാസവൻ 2006 ൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിലെ അജയ് തറയിലിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. പിന്നീട് 2015ൽ സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ പരാജയം നികത്തി കോട്ടയത്ത് എൽ ഡി എഫ് സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വി എൻ വാസവൻ.

യു ഡി എഫിന് ശക്തമായ സ്വാധീനമുള്ള പിറവം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ എൽ ഡി എഫിന് അനുകൂലമാക്കി മാറ്റാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് വാസവൻ നടത്തുന്നത്. കാലാവധി പൂർത്തീകരിക്കാതെ മണ്ഡലത്തെ അനാഥമാക്കി രാജ്യസഭയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയുടെ അധികാര മോഹമാണ് പ്രധാന പ്രചാരണ ആയുധം. മണ്ഡലം നേരിട്ട വികസന മുരടിപ്പിനെ മറികടക്കാൻ സമഗ്രമായ വികസന മാർഗരേഖയാണ് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നടപ്പാക്കാനുള്ളതെന്നും വി എൻ വാസവൻ വോട്ടർമാരെ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തെ അനാഥമാക്കി പോകില്ലെന്ന് ഉറപ്പും ജനങ്ങൾക്ക് വാസവൻ നൽകുന്നു. പ്രളയകാലത്ത് രക്ഷാപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന വാസവന്റെ ജനകീയത വോട്ടാക്കാനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്. ഇടത് മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളും സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങളും വാസവന്റെ സാമൂഹിക ബന്ധങ്ങളും എൽ ഡി എഫ് പ്രയോഗിക്കുന്നുണ്ട്. ഒരു ലക്ഷത്തിൽ അധികം വരുന്ന പുതിയ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ എൽ ഡി എഫ് ശ്രമിക്കുന്നു. കേരള കോൺഗ്രസുകൾ നേർക്കുനേർ മത്സരിക്കുമ്പോൾ വിഭജിക്കുന്ന വോട്ടുകളിലൂടെ വിജയിക്കാമെന്നാണ് ഇടത് കണക്ക് കൂട്ടൽ. ശബരിമല വിഷയം, ചർച്ച് ആക്ട് ബിൽ എന്നിവയിലെ സർക്കാറിന്റെ നിലപാട് പ്രതിസന്ധിയാകില്ലെന്ന വിശ്വാസത്തിലാണ് എൽ ഡി എഫിന്റെ പ്രയാണം.

മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജോസ് കെ മാണി തുടങ്ങിവച്ചതും പൂർത്തീകരിച്ചതുമായ വികസന പ്രവർത്തനങ്ങൾ വിജയത്തിന് സഹായകരമാകുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ജനവിധി തേടുന്നത്. കോട്ടയം മണ്ഡലം എന്നും യു ഡി എഫിന് ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസവും ചാഴികാടനുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിന് മുമ്പ് യു ഡി എഫ് നേരിട്ട പ്രധാനവെല്ലുവിളി സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഉണ്ടായ അഭിപ്രായഭിന്നതയാണ്. കേരള കോൺഗ്രസ് സ്ഥാനാർഥിയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ യു ഡി എഫിലെ ഒരു വിഭാഗത്തിന്റേയും ജോസഫ് വിഭാഗത്തിന്റേയും അഭിപ്രായഭിന്നത പരിഹരിച്ച് തിരഞ്ഞെടുപ്പിൽ ഒപ്പം കൊണ്ടുപോകുക എന്ന കടമ്പകടന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആ വെല്ലുവിളിയെ മറികടക്കാൻ സാധിച്ചുവെന്ന് തോന്നിക്കും വിധമാണ് തോമസ് ചാഴികാടന്റെ പ്രചാരണം . ജോസഫ് വിഭാഗവും യു ഡി എഫ്് നേതാക്കളും ചാഴികാടനൊപ്പം പ്രചാരണത്തിൽ സജീവമായുണ്ട്. തനിക്ക് ലഭിച്ച സ്വീകാര്യത തോമസ് ചാഴികാടന് നൽകണമെന്ന് അഭ്യർഥിച്ച് ജോസ് കെ മാണിയും പ്രചാരണ രംഗത്തുണ്ട്. റബ്ബർ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നും റബ്ബർ മേഖലക്ക് ഉണർവിനായുള്ള പദ്ധതികൾ കൊണ്ടുവരുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളാണ് ചാഴികാടൻ ജനങ്ങൾക്ക് മുമ്പിലേക്ക് വയ്ക്കുന്നത്.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് 4,04,962 വോട്ടുകൾ ലഭിച്ചു. 2014ൽ അത് 4,24,194 വോട്ടുകളായി വർധിച്ചു. ഇത്തവണ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. ജോസ് കെ മാണിയുടെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് ചാഴികാടൻ പ്രചാരണം നടത്തുന്നത്. ഏഴ് റെയിൽവേ സ്റ്റേഷനുകൾ ആദർശ് സ്റ്റേഷനുകളാക്കി. ഏറ്റുമാനൂരിൽ സ്റ്റേഷൻ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി. കുമാരനെല്ലൂർ, മൂലേടം മേൽപ്പാലങ്ങൾ യാഥാർഥ്യമായി. കാരിത്താസ് ഓവർ ബ്രിഡ്ജിന് അനുമതിയായി. കോട്ടയം സ്റ്റേഷന്റെ രണ്ടാം കവാടത്തിൽ മൾട്ടി ലെവൽ പാർക്കിംഗിനുള്ള നടപടികൾ പുരോഗമിക്കുന്നു. തുടങ്ങി വിവിധ മേഖലകളുടെ പുരോഗതിക്കായി ജോസ് കെ മാണി നടത്തിയ പ്രവർത്തനങ്ങൾ എണ്ണിപറയുന്ന തോമസ് ചാഴികാടൻ, ജോസ് കെ മാണി രാജ്യസഭയിലേക്ക് മാറിയ ശേഷവും മണ്ഡലത്തിൽ 27 കോടി രൂപയുടെ പദ്ധതികൾ കൊണ്ടുവന്നതായും ചൂണ്ടിക്കാട്ടുന്നു.

കേരള കോൺഗ്രസ് ചെയർമാനും മുൻ എം പിയുമായ എൻ ഡി എ സ്ഥാനാർഥി പി സി തോമസും വലിയ ആത്മ വിശ്വാസത്തിലാണ്. 2004ൽ ഇടത്, വലത് മുന്നണികളെ തോൽപ്പിച്ച് എം പിയായതിന്റെ അനുഭവസമ്പത്തുമായാണ് പി സി തോമസ് പ്രചാരണം നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ ഭരണത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങളുടെ വോട്ട് എൻ ഡി എക്ക് ലഭിക്കുമെന്നാണ് പി സി തോമസ് കണക്കുകൂട്ടുന്നത്. എം പി ആയിരുന്ന കാലഘട്ടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും വോട്ടാക്കിമാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അന്ന് റബ്ബർ കർഷകർക്കായി നടത്തിയ ഇടപെടലുകളും പ്രചാരണത്തിൽ ഊന്നിപ്പറയുന്നു. ശബരിമല പോലുള്ള വിഷയങ്ങൾ പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വിഷയം ജനങ്ങളുടെ മനസ്സിൽ ഉയർന്നു വരുമെന്നാണ് എൻ ഡി എ യുടെ പ്രതീക്ഷ.
തിരഞ്ഞെടുപ്പിന് രണ്ടാഴ്ച കൂടി മാത്രമുള്ളപ്പോൾ പ്രമുഖ നേതാക്കളെ മണ്ഡലത്തിലെത്തിച്ച് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വി എൻ വാസവന് വോട്ട് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളാണ് എത്തിയത്. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രഭാവം മണ്ഡലത്തിലും അലകൾ സൃഷ്ടിക്കുന്നുണ്ട്.

കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരിൽ ക്രിസ്ത്യൻവോട്ടുകൾ ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അത് യു ഡി എഫിന് തിരിച്ചടിയാകും. പ്രളയത്തിന്റെ ഉത്തരവാദിത്വം സർക്കാറിനാണെന്ന റിപ്പോർട്ടും പ്രചാരണ തന്ത്രമാക്കി പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. ശബരിമല വിഷയത്തിലെ നിലപാട് രാഷ്ട്രീയ മുതലെടുപ്പെന്ന പ്രചാരണം എൻ ഡി എക്ക് ക്ഷീണം സൃഷ്ടിക്കും. പ്രമുഖ പാർട്ടികളുടെ നേതാക്കൾക്ക് പുറമെ എസ് യു സി ഐ, ബി എസ് പി, പത്ത് സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. ഇ വി പ്രകാശ് (എസ് യു സി ഐ), ജിജോ മോൻ കെ ജെ (ബഹുജൻ സമാജ് പാർട്ടി) എന്നിവരും പ്രചാരണ രംഗത്ത് സജീവമാണ്.
നേട്ടങ്ങളും കോട്ടങ്ങളും തുലനം ചെയ്തുള്ള തിരഞ്ഞെടുപ്പിൽ മത്സരത്തിന്റെ കാഠിന്യവും ഏറുകയാണ്.

യു ഡി എഫ്
സാധ്യത: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, പാർട്ടിയുടെ മണ്ഡലത്തിലെ സ്വാധീനം. ശബരിമല വിഷയത്തിലെ നിയമപോരാട്ടം.
ആശങ്ക: കേരള കോൺഗ്രസിൽ മാണി- ജോസഫ് വിഭാഗത്തിന്റെ അഭിപ്രായ ഭിന്നത. ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് സ്ഥാനാർഥിയോടുള്ള അതൃപ്തി. മണ്ഡലം അനാഥമായത്.

എൽ ഡി എഫ്
സാധ്യത: മണ്ഡലത്തിലെ വികസന മുരടിപ്പ്, കോൺഗ്രസിലെ ഗ്രൂപ്പ് പോര്, പുതുതലമുറ വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷ, ജനകീയ പ്രവർത്തനങ്ങൾ.
ആശങ്ക: ശബരിമല വിഷയത്തിലെ എൽ ഡി എഫ് നിലപാട്. ചർച്ച് ആക്ട് ബിൽ, കേരള കോൺഗ്രസിന്റെ സ്വാധീനം.

എൻ ഡി എ
സാധ്യത: മോദിയുടെ വികസന പ്രവർത്തനങ്ങൾ, ശബരിമല വിഷയത്തിലെ നിലപാട്.
ആശങ്ക: ഹൈന്ദവ വോട്ടുകൾ ചോരാതെ നിലനിർത്തുക