Connect with us

Ongoing News

ഒളിക്യാമറ വിവാദം; പ്രതിരോധത്തിലായി യു ഡി എഫ്

Published

|

Last Updated

എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദം കത്തിപ്പടരുമ്പോൾ പ്രതിരോധത്തിലായി യു ഡി എഫ്. എം കെ രാഘവന്റെ പൊതുജീവിതം എല്ലാവർക്കും അറിയുന്നതാണെന്നും ചാനൽ വാർത്ത തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നുമുള്ള വാദഗതിയുയർത്താനാണ് കോൺഗ്രസിന്റെ ശ്രമം. എന്നാൽ, വിവാദം പരമാവധി കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ്.
ഇതിനെല്ലാം പുറമെ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഷമ്മിതിലകനും തെഹൽക മുൻ ലേഖകൻ മാത്യുസാമുവലും ചാനലിലെ ശബ്ദം രാഘവന്റേത് തന്നെയാണെന്ന വാദവുമായി രംഗത്തെത്തിയതും യു ഡി എഫിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ, എം കെ രാഘവൻ ഉൾപ്പെടെ കോൺഗ്രസിന്റെയും ബി ജെ പിയുടെയും സമാജ്‌വാദി പാർട്ടിയുടെയും പതിനഞ്ചോളം എം പിമാരെ ചാനൽ ഒളിക്യാമറയിൽ കുടുക്കിയിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ട മഹാരാഷ്ട്രയിലെ ബി ജെ പി. എം പി രാംദാസ് തദസിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ് നേതാവ് പൃഥിരാജ് ചൗഹാൻ ആവശ്യപ്പെട്ടിരിക്കുന്നതും എൽ ഡി എഫ് ഉയർത്തിക്കാട്ടുന്നു. വിവാദം കുത്തിപ്പൊക്കിയത് സി പി എമ്മിന്റെ ജില്ലാ നേതൃത്വതമാണെന്ന് സ്ഥാനാർഥി എം കെ രാഘവനും ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖും വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. എന്നാൽ, പതിനഞ്ച് എം പിമാരെയും കുടുക്കിയത് സി പി എമ്മാണോയെന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.

അതേസമയം, വ്യാഴാഴ്ച വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ റോഡ്‌ഷോ ആഘോഷപൂർവം നടക്കുമ്പോഴായിരുന്നു തൊട്ടടുത്ത മണ്ഡലമായ കോഴിക്കോട്ട് യു ഡി എഫ് ക്യാമ്പ് കണ്ണീരിലും ആശങ്കയിലുമായത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ സി പി എമ്മാണെന്നും തന്നെ വെട്ടാതെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പറഞ്ഞ രാഘവൻ തനിക്ക് ആത്മഹത്യ ചെയ്യാനാകില്ലല്ലോയെന്നും പറഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരയുകയായിരുന്നു. എന്നാൽ, മാധ്യമ സംഘം തന്നെ വന്നുകണ്ടെന്ന് രാഘവൻ സമ്മതിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് ചോദിച്ചുവെന്നും കേരളത്തിന് പുറത്ത് 20 കോടിയിലധികം രൂപ ചെലവു വരുമെന്ന് താൻ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ, ഈ കാര്യങ്ങൾ നേരെ വിപരീതമായാണ് തന്റെ ശബ്ദത്തിൽ ചാനൽ സംപ്രേഷണം ചെയ്തതെന്നും മദ്യത്തെക്കുറിച്ചും ഭൂമിയിടപാടിനെപ്പറ്റിയുമൊന്നും താൻ മിണ്ടിയിട്ടില്ലെന്നുമാണ് രാഘവന്റെ വാദം. എന്നാൽ, ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എം പിയെ സമീപിച്ചപ്പോൾ അദ്ദേഹം അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദമാണ് ഹിന്ദി ചാനൽ പുറത്തുവിട്ട വാർത്തയിലെ പ്രധാന ഭാഗം.

തെഹൽക മുൻ ലേഖകൻ മാത്യു സാമുവലിന്റേതായി വന്ന ഫേസ്ബുക്ക് പോസ്റ്റിൽ ചാനലിലെ ശബ്ദം രാഘവന്റേതാണെന്നും അല്ലെന്ന് തെളിയിച്ചാൽ താൻ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുമെന്നും ആണെന്നു തെളിഞ്ഞാൽ രാഘവൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമോയെന്നും വെല്ലുവിളിക്കുന്നുണ്ട്.
നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ രാഘവന്റെ പേര് പറയാതെ ചാനലിലെ വാർത്തയുടെ താരതമ്യ പഠനമാണ് ഫേസ്ബുക്കിൽ സൂചിപ്പിച്ചത്.
എൽ ഡി എഫ് കവല പ്രസംഗങ്ങളിലും സോഷ്യൽ മീഡിയയിലും രാഘവനെതിരായ ചാനൽ വാർത്ത പല തരത്തിലായി ഉപയോഗിക്കുകയാണ്. അതേസമയം, എൽ ഡി എഫ് സ്ഥാനാർഥി എ പ്രദീപ്കുമാർ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് നേതാക്കൾ പ്രതികരിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
തന്റെ പേരിലുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് കമ്മീഷണർക്കും എം കെ രാഘവൻ പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ ചാനൽ ശബ്ദം സംബന്ധിച്ച് ഫോറൻസിക് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.