Connect with us

Malappuram

രാഹുലെത്തുക ഒരു തവണ മാത്രം; പ്രചാരണത്തിനായി പ്രിയങ്ക

Published

|

Last Updated

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക നൽകിയെങ്കിലും പ്രചാരണത്തിനായി തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ മാത്രമായിരിക്കുമെത്തുക. ദേശീയ അധ്യക്ഷനെന്ന നിലയിൽ രാജ്യവ്യാപകമായി പ്രചാരണത്തിനെത്തേണ്ടതിനാൽ വളരെ പരിമിതമായ സമയം മാത്രമേ മണ്ഡലത്തിലെത്താൻ കഴിയുകയുള്ളൂവെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ പ്രചാരണത്തനിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്തത്. ഇതിന് പിന്നാലെ വിവിധ പി സി സികൾ പ്രിയങ്കയെ പ്രചാരണത്തിനെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ പാർട്ടി ഒരു തീരുമാനം എടുത്തിരുന്നില്ല.
പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശിൽ മാത്രം പ്രചാരണത്തിനിറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഉത്തർ പ്രദേശിൽ മാത്രം പ്രിയങ്കയുടെ പ്രചാരണം ഒതുക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ പ്രചാരണം കേരളമുൾപ്പെടെ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിലുൾപ്പെടുത്തി പ്രിയങ്കഗാന്ധിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ പ്രചാരണത്തിനായെത്തും. ഇത് സംബന്ധിച്ച് കെ പി സി സി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തിയില്ലെങ്കിലും ഇത് പ്രചാരണത്തെ ബാധിക്കരുതെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി മണ്ഡലം കേന്ദ്രീകരിച്ച് സമഗ്രമായി പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിന് നേരത്തെ സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ടിരുന്ന ടി സിദ്ദീഖും വയനാട് ഡി സി സി അധ്യക്ഷനും നേതൃത്വം നൽകും.
പ്രിയങ്കയുടേതുൾപ്പെടെ 40 പേരുടെ പട്ടികയാണ് കോൺഗ്രസ് സമർപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിംഗ് എന്നിവർക്ക് പിറകിൽ നാലാമതായാണ് പ്രിയങ്ക പട്ടികയിലിടം പിടിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ മുഖ്യമന്ത്രിമാരായ കമൽ നാഥ്, അശോക് ഗെഹ്‌ലോട്ട്, അമരീന്ദർ സിംഗ്, നവജ്യോത് സിംഗ് സിദ്ദു, ഹാർദിക് പട്ടേൽ, ശത്രുഘ്‌നൻ സിൻഹ തുടങ്ങിയവരും കോൺഗ്രസ് പട്ടികയിൽ ഉണ്ട്.

കോൺഗ്രസിനൊപ്പം മുഴുവൻ പാർട്ടികളും ദേശീയ തലത്തിൽ താരപ്രചാരകരുടെ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. ബി ജെ പിയും കോൺഗ്രസിനെ പോലെ 40 പേരുടെ പട്ടികയാണ് സമർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയരാണ് പട്ടികയിലെ പ്രമുഖർ. മുലായം സിംഗ്, അഖിലേഷ് യാദവ്, രാം ഗോപാൽ യാദവ്, അസംഖാൻ, ഡിംപിൾ യാദവ് അടക്കമുള്ളവരാണ് എസ് പി പട്ടികയിലെ പ്രമുഖർ. ഉദ്ദവ് താക്കറെ, ആദിത്യ തുടങ്ങി 20 പേരുടെ പട്ടികയാണ് ശിവസേന സമർപ്പിച്ചിരിക്കുന്നത്. മായാവതി, ആകാശ് ആനന്ദ്, സതീഷ് മിശ്ര തുടങ്ങിയവർ ബി എസ് പിയുടെ താര പ്രചാരകരുടെ പട്ടികയിലുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest