Connect with us

Malappuram

'ഇതരസംസ്ഥാന തൊഴിലാളികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കണം'

Published

|

Last Updated

കോട്ടക്കൽ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. വോട്ട് രേഖപ്പെടുത്താനായി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചത്.
ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ടൂറിസ്റ്റ് കഫേകൾ തുടങ്ങിയവ വൻ പ്രതിസന്ധിയിലാണിപ്പോൾ. നിർമാണ മേഖലകളാവട്ടെ പാടെ തളർന്നുതുടങ്ങി. പ്രളയാനന്തര നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന അവസരത്തിൽ ഇവരുടെ തിരിച്ചുപോക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഹോട്ടലുകളിലും പാചകതൊഴിൽ മുതൽ ശുചീകരണം വരെ എല്ലാ ജോലികളും ചെയ്യുന്നത് ഇവരാണ്. കെട്ടിട നിർമാണ ജോലികളിലും ഇവരുടെ പങ്ക് നിർണായകമാണ്. നാട്ടിൻപുറങ്ങളിലെ ചെറിയ കെട്ടിടങ്ങൾ മുതൽ നഗരങ്ങളിലെ വൻസംരംഭങ്ങൾ വരെ ഇതര സംസ്ഥാന ജോലിക്കാരെ വെച്ചാണ് പൂർത്തിയാക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകുമെന്ന കാര്യം അറിഞ്ഞുകൊണ്ട് തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
ഇതുണ്ടാക്കുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയിരുന്നു. അനുകൂല നടപടികൾ ഉണ്ടാകാത്തതാണ് ഇവർ കൂട്ടത്തോടെ നാട് പിടിക്കാനിടയാക്കിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സംഘാടകരുടെ പരാതി. ഇതര സംസ്ഥാന തൊഴിലാളികളിൽ അസാം സ്വദേശികളാണ് ഏറെയും തിരിച്ചുപോകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ടെങ്കിലും അസാം സ്വദേശികളുടെ കൂട്ടത്തോടെയുള്ള മടക്കം ഏറെ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.
തൊഴിലാളികളുടെ പോക്ക് കൂടിയതോടെ പല വൻകിട കെട്ടിട നിർമാണ പദ്ധതികളും നിർത്തിവെച്ചിരിക്കുകയാണ്.

Latest