Connect with us

National

ഭീകരത പ്രശ്‌നമല്ലെങ്കില്‍ രാഹുല്‍ എസ്പിജി സുരക്ഷ ഒഴിവാക്കണം: സുഷമ സ്വരാജ്

Published

|

Last Updated

ഹൈദരാബാദ്: രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും ഭീകരവാദമല്ലെന്നും പറയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. രാജ്യത്ത് ഭീകരപ്രശ്‌നമില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ എസ്പിജി സുരക്ഷയില്‍ നാട് ചുറ്റുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ഇന്നേ വരെ താങ്കളുടെ കുടുംബം എസ്പിജി സുരക്ഷയിലാണ്. ഭീകരത ഒരു പ്രശ്‌നമായി തോന്നുന്നില്ലെങ്കില്‍ സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കുകയാണ് വേണ്ടതെന്നും സുഷമ സ്വരാജ് പറഞ്ഞു. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ കണക്കറ്റ് വിമര്‍ശിക്കുകയാണ് ചെയ്തത്. ജെയ്‌ഷെ ഇ മുഹമ്മദിനെതിരായ ആക്രമണത്തിന്റെ ക്രഡിറ്റ് ബിജെപി ഒറ്റക്ക് നേടുമെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് തീര്‍ത്തും ബാലിശമാണ്. സുരക്ഷ, ക്ഷേമം, വികസനം എന്നീ മൂന്ന് പ്രധാന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബിജെപിയും എന്‍ഡിഎയും പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.