Connect with us

Ongoing News

ഭരണ ദുര്‍വിനിയോഗത്തിന്റെ ധാര്‍ഷ്ട്യ മുഖം

Published

|

Last Updated

അധികാരത്തിലിരിക്കുന്ന കക്ഷി ഭരണസ്വാധീനം തിരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്തരുതെന്നാണ് ചട്ടം. അത് പെരുമാറ്റച്ചട്ട ലംഘനമാണ്. എന്നാല്‍ തങ്ങള്‍ക്കിത് ബാധകമല്ലെന്ന മട്ടിലാണ് നിലവിലെ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍. പതിനേഴാം ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം ശതാബ്ദി എക്‌സ്പ്രസ്സ് ട്രെയിനിലെ ചായക്കപ്പില്‍ മേ ഭീ ചൗക്കീദാര്‍ എന്ന ബി ജെ പിയുടെ പ്രചാരണ വാക്യം പ്രത്യക്ഷപ്പെട്ടു. എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളില്‍ മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രങ്ങളും വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “പി എം നരേന്ദ്ര മോദി” എന്ന സിനിമ ഇറങ്ങി. ഇതിനു പിന്നാലെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഒത്താശയോടെ പ്രധാനമന്ത്രി യുടെ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും തത്സമയം റിപ്പോര്‍ട്ട് ചെയ്യാനായി ഒരു ചാനലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്.

മാര്‍ച്ച് 31ന് വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനു ശേഷമാണ് ബി ജെ പി അനുകൂല ചാനലായ നമോ ടി വി തുടങ്ങിയത്. ബി ജെ പി ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചാനല്‍ തുടങ്ങുന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. ചാനലിന്റെ പ്രേക്ഷകരാവാന്‍ പ്രവര്‍ത്തകരോട് ബി ജെ പി അനുകൂല സോഷ്യല്‍ മീഡിയാ പേജുകള്‍ നിരന്തരം ആഹ്വാനം ചെയ്തു വരികയുമാണ്. മോദിയുടെ ചിത്രമാണ് ഇതിന്റെ ലോഗോ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികളുള്‍പ്പടെ അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രചാരണ പരിപാടികളാണ് ചാനല്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെയും അതിന്റെ നേട്ടങ്ങളെയും പരിചയപ്പെടുത്തി വോട്ടര്‍മാരെ ബി ജെ പിക്ക് അനുകൂലമാക്കാനുള്ള ശ്രമവും നടത്തി വരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകരിച്ച ടി വി ചാനല്‍ പട്ടികയില്‍ നമോ ടി വി എന്നൊരു ചാനല്‍ ഇല്ല. അതേസമയം, മന്ത്രാലയത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യവുമാണ്. കരണ്‍ ഥാപ്പര്‍, ബര്‍ഖാ ദത്ത്, പുണ്യപ്രസൂണ്‍ ജോഷി തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ കാര്‍മികത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങാന്‍ തീരുമാനിച്ച ഹാര്‍വെസ്റ്റ് ടി വിക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം എന്തുകൊണ്ടാണ് നമോ ടി വിക്ക് അനുമതി നല്‍കിയതെന്ന ചോദ്യം മാധ്യമ മേഖലയില്‍ നിന്നുയരുന്നുണ്ട്.

പരസ്യങ്ങളൊന്നുമില്ലാതെയാണ് നമോ ചാനല്‍ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അതിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചും സംശയം ഉയര്‍ന്നത് സ്വാഭാവികം. പ്രധാനമന്ത്രി മോദിയോ, അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കോര്‍പറേറ്റ് ഭീമന്മാരോ ആണ് ഇതിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ചാനലിനെതിരെ രംഗത്തു വരികയും മന്ത്രാലയം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. നമോ ടി വി മുഴുസമയ വാര്‍ത്താ ചാനല്‍ അല്ലെന്നും ഒരു പരസ്യ സംവിധാനം മാത്രമാണെന്നുമുള്ള ന്യായീകരണമാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്നത്. വിഷയം വിവാദമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് സമയത്ത് ടി വിക്ക് ലൈസന്‍സ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. അതേസമയം, ചാനലിന്റെ ഉടമ ആരാണെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ്സ് ഏതെന്നും മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതന്‍ എന്ന പേരിലാണെന്നത് ദുരൂഹവുമാണ്.
കേന്ദ്ര ഭരണകക്ഷി നടത്തുന്ന പെരുമാറ്റച്ചട്ടങ്ങള്‍ തിര. കമ്മീഷന്‍ കാണാത്ത ഭാവം നടിക്കുകയാണ് പതിവ്. അചല്‍കുമാര്‍ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതിനു ശേഷം വിശേഷിച്ചും. വിഷയം വിവാദമാകുമ്പോഴാണ് ചിലപ്പോഴെങ്കിലും കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ സന്നദ്ധമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് വേളയില്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയത് പെരുമാറ്റച്ചട്ടമാണെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കമ്മീഷന്‍, ഗുജറാത്തിലെ സബര്‍മതിയില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ച വിഷയത്തില്‍ കണ്ണു ചിമ്മുകയാണുണ്ടായത്.

പ്രതിപക്ഷങ്ങള്‍ക്കെതിരെ ബി ജെ പി പരാതി നല്‍കിയാല്‍ അര മണിക്കൂറിനകം നടപടിയെടുക്കുന്ന കമ്മീഷന്‍ ബി ജെ പി നേതാക്കള്‍ എന്തു ചെയ്താലും കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്ന ആരോപണം പ്രതിപക്ഷത്തിനിടയില്‍ വ്യാപകമാണ്. റെയില്‍വേ ടിക്കറ്റുകളിലും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളിലും പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് രൂക്ഷമായ വിമര്‍ശനത്തിനും വിവാദത്തിനും വിധേയമായതിനു ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു മന്ത്രാലയങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

പെരുമാറ്റച്ചട്ട ലംഘനം ആര് നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ തിര. കമ്മീഷന്‍ ആര്‍ജവം കാണിക്കണം. ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കമ്മീഷന്‍ ഭരണ കക്ഷികളോട് അനഭിമതമായ വിധേയത്വം കാണിക്കുന്നതും സമ്മര്‍ദത്തിനു വഴങ്ങുന്നതും ജനാധിപത്യത്തിന് കളങ്കവും രാജ്യത്തിന് നാണക്കേടുമാണ്. സ്വതന്ത്രമായല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന സന്ദേഹം ഉയര്‍ന്നു വരാന്‍ ഇതിടയാക്കുകയും തിരഞ്ഞെടുപ്പിലുള്ള വിശ്വാസം തന്നെ ജനങ്ങള്‍ക്ക് നഷ്ടമാകുകയും ചെയ്യും. നമോ ടി വിക്കെതിരെയും ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ നയം സ്വീകരിക്കുന്ന വാര്‍ത്താ വിതരണ വകുപ്പിനെതിരെയും കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കുകയും ചാനലിന് പിന്നിലെ അജ്ഞാതന്‍ ആരെന്ന് കണ്ടെത്തി ജനങ്ങളെ അറിയിക്കുകയും വേണം.

---- facebook comment plugin here -----

Latest