Connect with us

Articles

ഇന്ദ്രപ്രസ്ഥമൊഴിയും മുമ്പ്‌ ഇനിയാരുണ്ട് പുറത്തുവരാന്‍?

Published

|

Last Updated

സ്വാമി അസീമാനന്ദ, ദയാനന്ദ് പാണ്ഡെ

തെളിവുകളുടെ അഭാവത്തില്‍ കോടതിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനാകില്ലെന്ന മുഖവുരയോടെ കഴിഞ്ഞ ഇരുപതാം തീയതിയാണ് രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഝോത സ്ഫോടനക്കേസിന്റെ വിധി പഞ്ചുകുള എന്‍ ഐ എ സ്പെഷ്യല്‍ ജഡ്ജി ജഗദീപ് സിംഗ് പ്രസ്താവിച്ചത്. വേദനയോടെയാണ് ഈ വിധി അവസാനിപ്പിക്കുന്നതെന്ന് തുറന്നെഴുതിയാണ് ജഡ്ജി കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധി പ്രസ്താവത്തില്‍ ഒപ്പുവെച്ചത്. സ്വാമി അസീമാനന്ദ ഉള്‍പ്പടെ കേസില്‍ പിടിക്കപ്പെട്ട നാല് പ്രതികളും നീതിന്യായത്തിന്റെ താക്കോല്‍ പഴുതിലൂടെ പുറത്തിറങ്ങി. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ അവസാന കേസും മായ്ച്ചു കളഞ്ഞു. ഹിന്ദുത്വ തീവ്രവാദമെന്ന ഒന്നില്ലെന്ന് രാജ്യത്തെ പ്രധാനമന്ത്രിയടക്കം തിരഞ്ഞെടുപ്പ് വേദികളില്‍ ഉപയോഗിച്ചു തുടങ്ങി. കോണ്‍ഗ്രസ് ഭരണകാലത്ത് ഹിന്ദുക്കള്‍ക്കെതിരെ ആസൂത്രിതമായി നടന്ന നീക്കമായിരുന്നു ഹിന്ദുത്വ തീവ്രവാദമെന്നും തീവ്ര ഹിന്ദുത്വ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരിക്കുന്നു. എന്നാല്‍, സംഝോതയടക്കം തീവ്രഹിന്ദുത്വ ശക്തികള്‍ പ്രതികളായ സ്ഫോടനക്കേസുകളില്‍ അന്വേഷണ ഏജന്‍സി തന്നെ തെളിവുകളില്‍ വെള്ളം ചേര്‍ക്കുകയും കണ്ണുമറക്കപ്പെട്ട നീതിദേവതയുടെ മുന്നിലൂടെ കൊടും ഹിന്ദുത്വ ക്രിമിനലുകള്‍ നിരപരാധിത്വത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി ഇറങ്ങിപ്പോകുകയും ചെയ്തു എന്നു പറയുന്നതാകും ശരി.

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഖുര്‍ഷിദ് ഖസൂരി ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസം 2007 ഫെബ്രുവരി 18ന് അതിരാവിലെ ഡല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് പോയ സംഝോത എക്‌സ്പ്രസിലാണ് ഇന്ത്യ- പാക് അതിര്‍ത്തിയായ അട്ടാരിയില്‍ വെച്ച് മാരകമായ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 68 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ അധിക പേരും പാക് പൗരന്‍മാരായിരുന്നു. രണ്ട് കോച്ചുകള്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ പൂര്‍ണമായും തകര്‍ന്നു. ഇതിന് പിന്നാലെ, സ്ഫോടനം നടത്തിയത് മുസ്ലിം തീവ്രവാദികളാണെന്ന് നാടുനീളെ പ്രചരിപ്പിക്കപ്പെട്ടു. പത്രങ്ങളിലെ സംഘ്പരിവാര്‍ മനോഭാവമുള്ള എഡിറ്റര്‍മാര്‍ ആ പ്രചാരണങ്ങളെ ശരിവെച്ച് കഥകള്‍ മെനഞ്ഞു.

കേസില്‍ 2007 ഫെബ്രുവരി 20ന് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യ ഘട്ടത്തില്‍ സിമിയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീവ്ര വലത് ഹിന്ദുത്വ ശക്തികളാണ് സ്ഫോടനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നും അന്വേഷണ സംഘം കണ്ടെത്തി. മലെഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ച ഹേമന്ദ് കര്‍ക്കരെയാണ് അന്വേഷണ സംഘത്തിന് ഹിന്ദുത്വ തീവ്രവാദികളിലേക്ക് നീങ്ങുന്ന തെളിവുകള്‍ നല്‍കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2010ല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു. സ്വാമി അസീമാനന്ദ, സുനില്‍ ജോഷി, ലോകേഷ് ശര്‍മ, സന്ദീപ് ദാന്‍ഗെ, രാമചന്ദ്ര കാലാസാന്‍ഗാര, രജീന്ദര്‍ ചൗധരി, കമല്‍ ചൗഹാന്‍ അമിത് എന്നിവരുടെ പേരുകളാണ് എന്‍ ഐ എ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പ്രസ്താവിക്കുമ്പോള്‍ സ്വാമി അസീമാനന്ദ ജാമ്യത്തിലും ലോകേഷ് ശര്‍മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നീ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. സന്ദീപ് ദാന്‍ഗെ, രാമചന്ദ്ര കാലാസാന്‍ഗാര, കമല്‍ ചൗഹാന്‍ അമിത് എന്നിവരെ കണ്ടെത്താനേ കഴിഞ്ഞിരുന്നില്ല. മുഖ്യ ആസൂത്രകനെന്ന് വിശേഷിപ്പിച്ചിരുന്ന സുനില്‍ ജോഷി 2007ല്‍ തന്നെ മധ്യപ്രദേശില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഗുജറാത്തിലെ അക്ഷര്‍ധാം, ജമ്മു കശ്മീരിലെ രഘുനാഥ് മന്ദിര്‍, വരാണസിയിലെ ശങ്കത് മോഹന്‍ മന്ദിര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനത്തിന്റെ പ്രതികാരമായാണ് പ്രതികള്‍ ട്രെയിനില്‍ സ്ഫോടനം നടത്തിയതെന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ബോംബ് കാ ബ്ദലാ ബോംബ്(ബോംബിന്റെ പ്രതികാര ബോംബ്) എന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിധി പ്രസ്താവം വന്നപ്പോള്‍ എല്ലാവരും പുറത്തിറങ്ങി. എന്‍ ഐ എയുടെ തെളിവുകളില്‍ ചില പഴുതുകളുണ്ടായിരുന്നുവെന്നാണ് ജഡ്ജി വ്യക്തമാക്കിയത്. തീവ്രവാദത്തിന് മതമല്ല കാരണമെന്നും ലോകത്ത് ഒരു മതവും തീവ്രവാദം പ്രചരിപ്പിക്കുന്നില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷണത്തിന്റെയോ പൊതു അഭിപ്രായത്തിന്റെയോ പേരില്‍ മാത്രം കോടതിക്ക് തീരുമാനങ്ങളെടുക്കാനാകില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നുണ്ട്.

സംഝോത എക്‌സ്പ്രസിന്റെ ബോഗികളിലൊന്നിന്റെ ഉള്‍വശം.

എന്‍ ഐ എ തെളിവുകളില്‍
പഴുതുണ്ട്
സംഝോത സ്ഫോടനക്കേസിന്റെ വിധിപ്രസ്താവം വന്നതു മുതല്‍ എങ്ങനെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് വിവിധ കോണുകളില്‍ നിന്ന് സംശയത്തോടെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വിധിപ്രസ്താവം വന്നതിന് പിന്നാലെ എന്‍ ഐ എക്കെതിരെ ആരോപണവുമായി ആദ്യമെത്തിയത് കേസ് അന്വേഷിച്ചിരുന്ന മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന വികാസ് നരേന്‍ റായാണ്. എങ്ങനെയാണ് പ്രതികള്‍ മോചിപ്പിക്കപ്പെട്ടതെന്ന് വ്യക്തമാക്കി ദി ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രത്തോടാണ് വികാസ് നരേന്‍ റായ് സംസാരിച്ചത്. കേസില്‍ നാല് പ്രതികള്‍ കുറ്റവിമുക്തരായ വിധിയുമായി പുറത്തിറങ്ങുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്കാണെന്നും കോടതിയില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാതിരുന്നതാണ് പ്രതികളെ രക്ഷപ്പെടുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വസ്തുതകള്‍ പ്രോസിക്യൂഷന്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ കേസ് അന്വേഷിച്ചിരുന്നപ്പോള്‍ കണ്ടെത്തിയ തെളിവുകളെക്കുറിച്ചും വികാസ് റായ് വ്യക്തമാക്കി. ഇന്‍ഡോറിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് സ്ഫോടനത്തിന് ഉപയോഗിച്ച ബാഗ് വാങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലെഗാവ് കേസുകള്‍ ഒരേ ഗ്രൂപ്പാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ ഐ എ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും ഇതാണ് പ്രതികള്‍ രക്ഷപ്പെട്ടുപോകുന്നതിന് ഇടയാക്കിയതെന്നും റായ് പറഞ്ഞു.

യഥാര്‍ഥത്തില്‍ സംഝോത സ്ഫോടനക്കേസിന്റെ ദിശ മാറുന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ്. സംഝോത എന്നല്ല, ഇതേ രീതിയില്‍ സ്വാമി അസീമാനന്ദയുടെ നേതൃത്വത്തില്‍ നടന്ന മക്കാ മസ്ജിദ്, മലെഗാവ്, അജ്മീര്‍ ദര്‍ഗ എന്നീ കേസുകളിലെ എന്‍ ഐ എ ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. എല്ലാ കേസുകളിലും പ്രതികള്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചു പുറത്തിറങ്ങി. ശക്തമായ തെളിവുകളുണ്ടായിരുന്നിട്ടും അവ കൃത്യമായി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല എന്നതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരമാണ് ഹിന്ദുത്വ തീവ്രവാദത്തിലും അവര്‍ നടത്തിയ സ്ഫോടനങ്ങളിലും കൃത്യമായ അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടത്. അന്വേഷണ ഏജന്‍സികള്‍ക്ക് സമ്പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇതോടെ വസ്തുതകള്‍ പുറത്തെത്തി. ഈ പകയാണ് എന്‍ഫോഴ്സ്‌മെന്റിനെ ഉപയോഗിച്ച് ബി ജെ പി ചിദംബരത്തോട് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.

മോദി അധികാരത്തിലെത്തിയതോടെ കേസില്‍ വെള്ളം ചേര്‍ക്കാന്‍ പ്രോസിക്യൂഷനു പോലും നിര്‍ദേശം നല്‍കി. സംഝോത സ്ഫോടനക്കേസില്‍, സ്ഫോടക വസ്തുക്കള്‍ ട്രെയിനില്‍ സ്ഥാപിക്കുന്നത് പുരാതന ദില്ലി റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു. എന്നാല്‍ ഇവിടെ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതിനോ അത് കോടതിയില്‍ ഹാജരാക്കുന്നതിനോ എന്‍ ഐ എ തയ്യാറായില്ല. വിശ്രമ മുറികളിലോ ഡോര്‍മെട്രികളിലോ വന്നുപോയവരുടെ ഡോക്യുമെന്റുകളും കേസില്‍ ഹാജരാക്കിയിരുന്നില്ല. പ്രതികള്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളോ സംഭവസ്ഥലത്തു നിന്നുള്ള ഫിംഗര്‍പ്രിന്റ് അടയാളങ്ങളോ അന്വേഷണ സംഘം കോടതിയില്‍ എത്തിച്ചില്ല. മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട ദയാനന്ദ് പാണ്ഡെയുടെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെടുത്ത സ്ഫോടനത്തിനായുള്ള ഗൂഢാലോചനയുടെ വീഡിയോ ടാപ്പുകള്‍ ശക്തമായ തെളിവായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ തെളിവുകള്‍ ആവശ്യമായ രീതിയില്‍ പരിഗണിച്ചില്ല. സ്ഫോടനത്തിനായി അഹ്മദാബാദ്, ഉജ്ജയ്ന്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഫരീദാബാദ്, പൂനെ എന്നിവിടങ്ങളില്‍ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നതായി അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാണ്ഡെയുടെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെടുത്ത റെക്കോര്‍ഡുകളില്‍ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനകളുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. മലെഗാവ് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതും സംഘവും വിദേശത്തെയും രാജ്യത്തെയും വിവിധ സായുധ സംഘടനകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും ദയാനന്ദ് പാണ്ഡെയുടെ ടാപ്പിലുണ്ടായിരുന്നു. ഇതേ സംഘം തന്നെയാണ് സംഝോത സ്ഫോടനവും നടത്തിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങളൊന്നും കോടതിയില്‍ കൃത്യമായി ഉന്നയിച്ചില്ല.

സ്‌ഫോടനക്കേസില്‍ ആരോപിതരായ പ്രതികളെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കുകയെന്ന ദൗത്യം ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന രീതിയിലായിരുന്നു എന്‍ ഐ എ കേസ് കൈകാര്യം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്ര വക്താക്കള്‍ നടത്തിയ ഭീകരവാദ കേസുകള്‍ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ആത്മ സംതൃപ്തിയോടെയാകും സംഘ്പരിവാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിരപരാധികള്‍ക്ക് മേല്‍ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടിട്ട പ്രതികള്‍ കൈവീശി ജയിലുകളില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ജനാധിപത്യ ഇന്ത്യയെ വല്ലാതെ ഭയപ്പെടുത്തുന്നതാണ്. കൊല്ലപ്പെട്ട മനുഷ്യരുടെ കുടുംബാംഗങ്ങള്‍ നീതിക്ക് വേണ്ടി ഇത്ര കാലം നടത്തിയ പ്രയത്‌നങ്ങള്‍ മാത്രം വെറുതെയാകുന്നു. നീതി ആരുടെ പക്ഷത്താണെന്ന് തിരിച്ചറിയുന്ന ചില അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കാലക്രമേണ സത്യം വിളിച്ചുപറയുമെന്നും പ്രതികള്‍ വീണ്ടും അഴിയെണ്ണുമെന്നും വെറുതെ പ്രതീക്ഷിക്കാം.

ശാഫി കരുമ്പില്‍ • mskvalakkulam@gmail.com