Connect with us

National

മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്ത് തുപ്പി; ഐറിഷ് വനിതക്ക് തടവും പിഴയും

Published

|

Last Updated

ലണ്ടന്‍: എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യവെ കൂടുതല്‍ മദ്യം നല്‍കാത്തതിന് ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത ഐറിഷ് വനിതക്ക് ആറ് മാസം തടവ് ശിക്ഷ. സിമോണ്‍ ബേണ്‍സ് എന്ന അഭിഭാഷകയെയാണ് ലണ്ടനിലെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം . വിമാന ജീവനക്കാരനെ പ്രതി വംശീയമായി അധിക്ഷേപിച്ചെന്നും ഇതിന് സിമോണ്‍ അധിക്ഷേപിച്ച വ്യക്തിക്ക് 300 പൗണ്ട് പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അമിതമായി മദ്യപിച്ചിരുന്ന സിമോണ്‍ ഒരു ബോട്ടില്‍ വൈന്‍കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെയാണ് ഇവര്‍ പ്രകോപിതയായത്. താന്‍ രാജ്യാന്തര പ്രശസ്തയായ അഭിഭാഷകയാണെന്നും നിങ്ങളെപ്പോലെയുള്ള നികൃഷ്ടര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. ഹീത്രൂവില്‍ വിമാനമിറങ്ങിയപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.