Connect with us

Kerala

കോഴവിവാദം: എം കെ രാഘവന് കുരുക്ക് മുറുകുന്നു; വീഡിയോ വ്യാജമെന്ന് തെളിയിക്കാന്‍ വെല്ലുവിളി; വിഷയം മുഖ്യചര്‍ച്ചയാക്കാന്‍ എല്‍ ഡി എഫ്

Published

|

Last Updated

കോഴിക്കോട്: യു ഡി എഫ് സ്ഥാനാര്‍ഥിയും എം പിയുമായ എം കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ന്യൂസ് 9 ചാനല്‍ വീഡിയോ വ്യാജമല്ലെന്ന് വെളിപ്പെടുത്തി പ്രമുഖര്‍ രംഗത്ത്. ഇത് സംബന്ധിച്ച രാഘവന്റെയും യു ഡി എഫിന്റെയും പ്രതിരോധങ്ങള്‍ തുടരുന്നതിനിടെ വിഷയം തിരഞ്ഞെടുപ്പില്‍ സജീവമാക്കാന്‍ എല്‍ ഡി എഫ് തീരുമാനം. ആരോപണം പുറത്തുവന്ന ഉടന്‍ കാര്യമായ പ്രതികരണത്തിന് മുതിരാതിരുന്ന എല്‍ ഡി എഫ് നേതാക്കള്‍ ഇന്ന് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് പ്രതികരിച്ചത്. ആരോപണത്തിന് പിന്നില്‍ എല്‍ ഡി എഫാണെന്നും തെളിവുകള്‍ പുറത്തുവിടുമെന്നുമാണ് രാഘവന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ തെളിവുകള്‍ പുറത്തുവിടാന്‍ രാഘവനെ വെല്ലുവിളിക്കുന്നെന്നാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ പ്രതികരിച്ചത്. നാളെ മുതലുള്ള പ്രചാരണ പരിപാടികളില്‍ ഇത് പ്രധാന വിഷയമാക്കാനാണ് പദ്ധതി.

വീഡിയോയുടെ ആധികാരികത സംബന്ധിച്ച് രാഘവന്‍ പരാതി ഉന്നയിക്കുന്നതിനിടെ വീഡിയോ വ്യാജമാണെന്ന് രാഘവന്‍ തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഇല്ലെങ്കില്‍ രാഘവന്‍ രാഷ്ട്രീയം വിടുമോയെന്നും ചോദിച്ച് നാരദാ ന്യൂസ് മുന്‍ മേധാവി മാത്യൂ സാമുവല്‍ രംഗത്തെത്തി. വീഡിയോയില്‍ എം പിയുടെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങള്‍, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഷമ്മി തിലകനും പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലാണ് മാത്യു സാമുവല്‍ വീഡിയോ ദൃശ്യത്തിന്റെ ആധികാരികതയെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:

“”എം കെ.രാഘവന്‍ സ്റ്റിംഗ് വീഡിയോ വിഷയത്തില്‍ ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് വെല്ലുവിളിക്കുന്നത് കണ്ടു. സി പി എമ്മിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കള്ളക്കളികള്‍ പുറത്തു കൊണ്ടുവരും എന്നും അതിനെ നിയമപരമായി നേരിടും എന്നുമാണ് ഇവര്‍ പറഞ്ഞത്. സിദ്ദീഖിന്റെയും രാഘവന്‍ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു. രാഘവന്‍ സാര്‍ പറയുന്നത് ഇത് “പാരാ ഡബ്” ആണെന്നാണ്. ആ വാക്കല്ല അവിടെ ഉപയോഗിക്കേണ്ടത്. അതിന്റെ പേര് ഓഡിയോ വീഡിയോ വിഷ്വല്‍ ” tampered” അല്ലെങ്കില്‍ “doctored” എന്നാണ്. അതുമല്ലെങ്കില്‍ “manufactured”ആണ്.

വീണ്ടും പറയാം, ഇത് സ്പൈ ക്യാമറ ഡിവൈസ് iphone -4s ണ്. അതില്‍ “stealth spy” ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഇത് “ഫ്ലൈറ്റ്” മോഡിലേക്ക് പോകും. iphone മുഴുവനായി ഓഫ് മോഡിലാകും. എന്നിരുന്നാലും റെക്കോഡിംഗ് വൈഡ് ആംഗിളില്‍ നടക്കും. അതായത് ഇതിന്റെ പിക്ചര്‍ ക്വാളിറ്റി ഐഫോണ്‍ ക്യാമറയുടേതാണ്. സൗണ്ടും വിശ്വല്‍സും ഒരു പോലെ റെക്കോര്‍ഡ് ചെയ്യും.അതിനു ശേഷം അത് ലാപ്ടോപ്പിലേക്കു മാറ്റും, എന്നിട്ട് അതിനെ പെന്‍ഡ്രൈവിലാക്കി എഡിറ്റ് ചെയ്യും.

ഇവിടെ അദ്ദേഹം പറഞ്ഞ പോലെ അതേ ശബ്ദത്തില്‍ അതുപോലെ പാരാ ഡബ് ചെയ്താല്‍ വളരെവേഗം കണ്ടുപിടിക്കാന്‍ കഴിയുന്നതേ ഉള്ളൂ. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അത് ടെസ്റ്റ് ചെയ്യുന്ന സോഫ്‌റ്റ്വെയര്‍ കാണാം. രണ്ടു മിനിട്ടു കൊണ്ട് അത് കണ്ടുപിടിക്കാം.
ഞാന്‍ കണ്ടിടത്തോളം ഇത് ഒറിജിനല്‍ ഫൂട്ടേജ് ആണ്. എഡിറ്റ് ചെയിതിട്ടുണ്ട്, പക്ഷെ ഒന്നും തിരുകി കയറ്റിയിട്ടില്ല. ഒറിജിനല്‍ സൗണ്ട് ട്രാക്കാണ്.

ഞാന്‍ ഈ ചാനലുകാരില്‍ നിന്നും അവരുടെ ഒറിജിനല്‍ അണ്‍ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം. നിങ്ങള്‍ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറന്‍സിക് ലാബില്‍ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവന്‍ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാല്‍ മാത്രം നിങ്ങള്‍ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാാഷ്ട്രീയം പൂര്‍ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഇനി ജേര്‍ണലിസം ചെയ്യുകയില്ല – മാത്യൂ സാമുവല്‍ പോസ്റ്റില്‍ പറയുന്നു.
.
വീഡിയോയില്‍ എം പി യഥാര്‍ഥത്തില്‍ പറഞ്ഞ വാചകങ്ങള്‍ മാറ്റി ഡബ്ബ് ചെയ്തതാണെങ്കില്‍, അദ്ദേഹത്തിന്റെ “ചുണ്ടിന്റെ ചലനവും”, മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മില്‍ യാതൊരു കാരണവശാലും ചേര്‍ന്ന് പോകില്ല. എന്നാല്‍ ഇവിടെ അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങള്‍, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം ഡബ്ബിംഗ് അല്ല. അന്യ ഭാഷയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് ഡബ്ബ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അനേകം നടന്മാര്‍ക്ക് ശബ്ദം നല്‍കാനുള്ള അവസരവും ഭാഗ്യവും തനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എന്റെ അനുഭവത്തില്‍, എന്റെ തന്നെ ശബ്ദത്തില്‍ അല്‍സ്വല്‍പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, സമൂഹത്തില്‍ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഷമ്മി തിലകന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അതേസമയം സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിനിധികളാണ് ചാനലിനെ നഗരപത്തില്‍ എത്തിച്ചതെന്നും ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നുമാണ് രാഘവന്‍ പറയുന്നത്. എന്നാല്‍ സി പി എം ഇത് തള്ളുകയാണ്. 15 എം പിമാര്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആന്ധ്രയില്‍ നിന്നും മാഹാരാഷ്ട്രയില്‍ നിന്നുമുള്ള കോണ്‍ഗ്രസ്, ബി ജെ പി എം പിമാരുണ്ട്. ഇതിനെല്ലാം പിന്നില്‍ തങ്ങളാണോയെന്ന് വ്യക്തമാക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആവശ്യപ്പെടുന്നു. മഹാരാഷ്ട്രയില്‍ കുടുങ്ങിയ ബി ജെ പി സ്ഥാനാര്‍ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതും സി പി എം ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest