Connect with us

Gulf

റാസ് അല്‍ ഖൈമയില്‍ വാഹനങ്ങള്‍ അഗ്നിക്കിരയായി

Published

|

Last Updated

റാസ് അല്‍ ഖൈമ: എമിറേറ്റില്‍ വിവിധയിടങ്ങളിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് കാറുകള്‍ കത്തി നശിച്ചു. ഒരാഴ്ചക്കിടെ ഇത്തരത്തില്‍ അഞ്ച് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അല്‍ ഉറൈബി, അല്‍ നഖീല്‍, ഖോര്‍ ഖൈര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. രണ്ട് കാറുകളും ഒരു ഹെവി ട്രക്കും കത്തിനശിച്ചു.

മൂന്ന് വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചുവെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ബിന്‍ യാക്കൂബ് പറഞ്ഞു. അടുത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുന്നതിന് മുന്‍പ് നിയന്ത്രിക്കാനായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റാസല്‍ഖൈമയില്‍ തന്നെ പുതിയ നിസാന്‍ പട്രോള്‍ കാറില്‍ തീപടര്‍ന്നു പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പ്രചരിപ്പിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കാര്‍ ഗ്യാരേജില്‍ നിന്ന് പുറത്തിറക്കിയ ഉടനെ തീപിടിക്കുകയായിരുന്നുവെന്ന് ഉടമ പറയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു.

എന്നാല്‍ കാറുകള്‍ യഥാസമയം സര്‍വീസ് ചെയ്യാത്തതും വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ബിന്‍ യാക്കൂബ് പറഞ്ഞു.
തേയ്മാനം സംഭവിച്ച ഭാഗങ്ങള്‍ സമയത്ത് മാറ്റാനോ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താനോ പലരും ശ്രദ്ധിക്കാറില്ല. പിന്നീട് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കും. തീകെടുത്താനുള്ള ഉപകരണവും പ്രഥമ ശുശ്രൂഷാ കിറ്റും വാഹനത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Latest