Connect with us

Education

കാലിക്കറ്റ് പി ജി പരീക്ഷ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പി ജി പരീക്ഷയെഴുതാൻ അവസരം നിഷേധിച്ചത് വിദ്യാർഥികളെ വെട്ടിലാക്കി. മുന്നറിയിപ്പില്ലാതെയാണ് പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചതെന്ന് കാണിച്ച് വിദ്യാർഥികൾ പരാതിയുമായി സർവകലാശാലയിലെത്തിയെങ്കിലും അധികൃതർ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് പരാതി ഉയർന്നു.

ഒരാഴ്ച മുമ്പ് ഇറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം 2015 അഡ്മിഷൻ മുതൽ ഉള്ളവരെ മാത്രമാണ് രണ്ടാം വർഷ പിജി പരീക്ഷയെഴുതാൻ അനുവദിക്കുന്നത്. 2014ൽ അഡ്മിഷൻ എടുക്കുകയും മുഴുവൻ പരീക്ഷകളും എഴുതി പൂർത്തിയാക്കുകയും ചെയ്യാത്ത വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചത്. മുന്നറിയിപ്പില്ലാതെ പരീക്ഷ റദ്ദ് ചെയ്ത നടപടിയിലൂടെ യൂനിവേഴ്‌സിറ്റി വഞ്ചിക്കുകയാണ് ചെയ്തതെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. 2014 അഡ്മിഷനുകാർക്കുള്ള പരീക്ഷയെക്കുറിച്ചുള്ള അന്വേഷണത്തിനെത്തുന്ന വിദ്യാർഥികളോട് ഉടൻ വിളിക്കുമെന്ന മറുപടിയായിരുന്നു അധികൃതർ നൽകിയിരുന്നത്. എന്നാൽ 2015 അഡ്മിഷൻ ബാച്ചിന്റെ നോട്ടിഫിക്കേഷൻ സർവകലാശാല പുറത്തിറക്കിയപ്പോഴാണ് 2014 അഡ്മിഷൻ വിദ്യാർഥികളുടെ അവസരം നഷ്ടപ്പെട്ടതായ വിവരം അധികൃതർ നൽകുന്നത്. അവസരം നിഷേധിക്കപ്പെട്ട കാര്യം അറിഞ്ഞ് വിദ്യാർഥികൾ ഇപ്പോൾ നെട്ടോട്ടമോടുകയാണ്.
വിശദ വിവരത്തിനായി യൂനിവേഴ്‌സിറ്റി നേരിട്ട് എത്തുന്നവർക്കും വ്യക്തമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറല്ലെന്നും പരാതിയുണ്ട്. 2019 അവസാന അവസരമെന്ന നിലയിൽ എഴുതാൻ കഴിയുമെന്ന് യൂനിവേഴ്‌സിറ്റി അധികൃതരുടെ നിർദ്ദേശം കണക്കിലെടുത്താണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയ്യാറെടുത്തത്. എന്നാൽ പരീക്ഷ നോട്ടിഫിക്കേഷൻ വന്നപ്പോൾ മാത്രമാണ് അവസരം നിഷേധിക്കപ്പെട്ടതായി അറിയുന്നത്.

യൂനിവേഴ്‌സിറ്റിയിൽ അന്വേഷിച്ചവരോട് സ്‌പെഷ്യൽ സപ്ലിമെൻററി പ്രകാരം പരീക്ഷ എഴുതലാണ് മാർഗമെന്നാണ് പരീക്ഷാ ഭവനിൽ നിന്ന് ലഭിച്ച വിവരമെന്ന് അവസരം നിഷേധിക്കപ്പെട്ട വിദ്യാർഥികൾ പറയുന്നു. എന്നാൽ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ എപ്പോൾ വിളിക്കുമെന്ന് പറയാൻ കഴിയില്ലെന്നുമാണ് വിദ്യാർഥികൾക്ക് ലഭിച്ച മറുപടി. സ്‌പെഷ്യൽ സപ്ലിമെൻററി പ്രകാരം പരീക്ഷയെഴുതുന്ന വിദ്യാർഥിക്ക് ഒരു പേപ്പറിന് 2625 രൂപ വെച്ചാണ് വിദ്യാർത്ഥി അടക്കേണ്ടത്. നിലവിൽ 1500 രൂപയിൽ താഴെ മാത്രം പരീക്ഷാ ഫീസ് അടക്കേണ്ട വിദ്യാർത്ഥികൾക്ക് യൂനിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതമൂലം ഭീമമായ തുക പരീക്ഷ ഫീസ് അടക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.