Connect with us

Ongoing News

ഒളിക്യാമറയിൽ കുടുങ്ങിയവരിൽ ബി ജെ പിക്കാരും

Published

|

Last Updated

ന്യൂഡൽഹി: ടി വി 9 ഭാരത് വർഷ ചാനൽ നടത്തിയ ഒളിക്യാമറാ ഓപറേഷനിൽ കുടുങ്ങിയത് കോഴിക്കോട് എം പി. എം കെ രാഘവൻ മാത്രമല്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർഥികൾ പണമൊഴുക്കിയതിന് തെളിവായി പുറത്തുവന്ന ഒളിക്യാമറാ ദൃശ്യങ്ങളിൽ കുടുങ്ങിയത് അഞ്ച് ബി ജെ പി. എം പിമാരുൾപ്പെടെ 15 പേരാണ്. കോഴിക്കാട് യു ഡി എഫ് സ്ഥാനാർഥി കൂടിയായ എം കെ രാഘവൻ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയ രാഘവൻ ഇന്നലെ വൈകാരികമായാണ് ആരോപണത്തോട് പ്രതികരിച്ചത്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ബി ജെ പി. എം പിമാരായ രാംദാസ് തദാസ്, ലഖൻ ലാൽ സാഹു, ഉദിത് രാജ്, ഫഗൻ സിംഗ് കുലസ്‌തെ, ബഹാദൂർ സിംഗ് കോലി എന്നിവരും പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഒരു കമ്പനിയുടെ പേരിൽ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷൻ നൽകാമെന്ന വാഗ്ദാനത്തിൽ ഇവർ ഉൾപ്പെടെ 15 പേർ താത്പര്യം കാട്ടിയെന്നാണ് ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചാനൽ ആരോപിക്കുന്നത്. 18 പേരെയാണ് സംഘം സമീപിച്ചത്. ബി ജെ പി, കോൺഗ്രസ്, എ എ പി, എൽ ജെ പി, എസ് പി, ആർ ജെ ഡി, ശിരോമണി അകാലിദൾ, ജൻ അധികാർ പാർട്ടി എന്നിവയിൽ നിന്നുള്ള എം പിമാരാണ് ഒളിക്യാമറയിൽ കുടുങ്ങിയത്.
അതിനിടെ, ഒളിക്യാമറയിൽ കുടുങ്ങിയ മഹാരാഷ്ട്രയിലെ ബി ജെ പി. എം പിക്കെതിരെ ആക്രമണം ശക്തമാക്കി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ബി ജെ പി. എം പി രാംദാസ് തദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ആവശ്യപ്പെടുന്ന ദൃശ്യമാണ് പുറത്തു വന്നത്. ഇദ്ദേഹം സംസ്ഥാനത്ത് വാർധയിൽ നിന്ന് രണ്ടാമതും ജനവിധി തേടുകയാണ്. രാം ദാസിന്റെ സ്ഥാനാർഥിത്വം റദ്ദാക്കാൻ കമ്മീഷൻ തയ്യാറാകണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ ആവശ്യപ്പെട്ടു. കോൺഗ്രസിലെ ചാരുലത തോകാസ് ആണ് ഇവിടെ രാംദാസിന്റെ എതിരാളി.
കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ ഉപതിരഞ്ഞെടുപ്പ് ഓഫീസർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാർധ കലക്ടറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് രാംദാസ് ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാംദാസ് പറഞ്ഞു.

Latest