റിപ്പോ നിരക്ക് കുറച്ചു

Posted on: April 5, 2019 12:40 pm | Last updated: April 5, 2019 at 12:40 pm

മുംബൈ: ആർ ബി ഐയുടെ റിപ്പോ നിരക്ക് 25 പോയിന്റ് കുറക്കാൻ തീരുമാനം. ഇതോടെ നിരക്ക് 6.25ൽ നിന്ന് ആറ് ശതമാനമായി കുറയും. നിരക്ക് നിശ്ചയിക്കുന്ന ആറംഗ പാനലിന്റെ തലവൻ കൂടിയായ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസാണ് മൂന്നു ദിവസം നീളുന്ന പണാവലോകന യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. 2019- 20 സാമ്പത്തിക വർഷത്തെ ആദ്യ ദൈ്വമാസ പണാവലോകന  യോഗമാണ് നടന്നത്.

വാണിജ്യ ബേങ്കുകൾക്ക് റിസർവ് ബേങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കുറച്ചത്. ഇതോടെ ഭവനത്തിനും വാഹനത്തിനും മറ്റുമുള്ള വായ്പകളുടെ പലിശ നിരക്ക് കുറയും. തുടർച്ചയായി ഇത് രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഒന്നര വർഷത്തെ ഇടവേളക്കു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലും റിപ്പോ നിരക്ക് 25 പോയിന്റുകൾ കുറച്ചിരുന്നു.