Connect with us

Editorial

രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ

Published

|

Last Updated

ബി ജെ പി നേതൃത്വത്തിൽ ഞെട്ടലുളവാക്കിയ തീരുമാനമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിത്വം. വർഗീയത ഇളക്കി വിട്ടും കോൺഗ്രസിന്റെ ദൗർബല്യം മുതലെടുത്തും ഉത്തരേന്ത്യയിൽ ബി ജെ പി ആധിപത്യം നേടിയെങ്കിലും ദക്ഷിണേന്ത്യയിൽ വിശിഷ്യാ കേരളത്തിൽ വേണ്ടത്ര വേരോട്ടം നേടാൻ സാധിച്ചിരുന്നില്ല ഇതുവരെയും പാർട്ടിക്ക്. 2014-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നിന്ന് ഒരു പ്രതിനിധിയെയെങ്കിലും പാർലിമെന്റിലെത്തിക്കാനാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നെങ്കിലും മതേതര കേരളം ആ പ്രതീക്ഷ തകർത്തു. ശബരിമല വിഷയം ഉയർത്തിപ്പിടിച്ച് ഇത്തവണ രണ്ട് സീറ്റെങ്കിലും നേടുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. എന്നാൽ രാഹുലിന്റെ വരവ് യു ഡി എഫിൽ സൃഷ്ടിച്ച പുത്തനുണർവിനും ആവേശത്തിനും മുമ്പിൽ പാർട്ടിക്ക് ഇത്തവണയും കേരളം ബലികേറാമലയാകുന്ന മട്ടാണ്. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തിൽ ബി ജെ പി നേതാക്കൾ പ്രകടിപ്പിക്കുന്ന പൊറുതികേടിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

അതേസമയം അമേഠിക്ക് പുറമെ വയനാട്ടിൽ കൂടി മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം നൽകുന്ന സന്ദേശമെന്താണെന്ന ചർച്ചയും ദേശീയ രാഷ്ട്രീയത്തിൽ സജീവമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സീറ്റുകൾ നേടാനാവില്ലെന്ന തിരിച്ചറിവിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. മാത്രമല്ല, അധികാരത്തിലെത്താനായാലും ഇല്ലെങ്കിലും ഇത്തവണ കേരളത്തിലും തെക്കൻ സംസ്ഥാനങ്ങളിലും കൂടുതൽ സീറ്റുകൾ നേടാനായില്ലെങ്കിൽ ഈ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്നും അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തുടർച്ചക്ക് വഴിയൊരുക്കുമെന്നും കോൺഗ്രസിനും യു ഡി എഫിനും ആശങ്കയുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിന് ഏറ്റവുംവലിയ ഒറ്റക്കക്ഷിയെ ങ്കിലുമാകണമെങ്കിൽ 150 സീറ്റെങ്കിലും കടക്കണം. 2004-ൽ പാർട്ടി ഒന്നാം യു പി എ സർക്കാർ രൂപവത്കരിച്ചത് 145 സീറ്റിന്റെ ബലത്തിലായിരുന്നു. നിലവിൽ 44 സീറ്റാണുള്ളത്. ഉത്തരേന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയേക്കാമെങ്കിലും ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ ജയിച്ചാലേ 150 നേടാനും മതേതര സർക്കാറിന്റെ നേതൃസ്ഥാനം അവകാശപ്പെടാവുന്ന സ്ഥിതിയിലേക്ക് കോൺഗ്രസ് പാർട്ടിക്ക് ഉയരാനും സാധിക്കുകയുള്ളൂ.

കേരളത്തിന് പുറമെ കർണാടകയും തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വയനാട്. ഇവിടെ രാഹുൽ മത്സരിക്കുന്നത് രണ്ട് അതിർത്തി സംസ്ഥാനങ്ങളിലും സഖ്യകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസിന് വൻമുന്നേറ്റത്തിന് ഒരു പക്ഷേ മുഴുവൻ സീറ്റുകളും തൂത്തുവാരാൻ വഴിയൊരുക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. കർണാടകയിൽ ജെ ഡി എസുമായും തമിഴ്‌നാട്ടിൽ ഡി എം കെയുമായും ചേർന്നാണ് പാർട്ടി മത്സരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 40 സീറ്റെങ്കിലും കൈപ്പിടിയിലൊതുക്കാനാകുമെന്നാണ് കരുതുന്നത്.
അതേസമയം രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം കൊണ്ട് പാർട്ടിക്ക് ചില തിരിച്ചടികൾക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പാർട്ടി മുഖ്യഎതിരാളിയായി ചൂണ്ടിക്കാട്ടുന്നത് ബി ജെ പിയെയാണ്. കേരളത്തിൽ, തിരുവനന്തപുരം മാറ്റി നിർത്തിയാൽ മറ്റൊരിടത്തും കോൺഗ്രസിന് മുഖ്യ എതിരാളി ബി ജെ പിയല്ല, സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്. പത്തൊമ്പത് മണ്ഡലങ്ങളിലും കോൺഗ്രസ് ഏറ്റുമുട്ടേണ്ടത് ഇവരുമായാണ്. ബി ജെ പിക്കെതിരെ പോരാടുകയെന്ന കോൺഗ്രസിന്റെ ദേശീയ നിലപാടിനു വിരുദ്ധമാണത്. കോൺഗ്രസിനോടുള്ള ഇടതുപക്ഷത്തിന്റെ അകൽച്ച ഇത് വർധിപ്പിക്കും. കോൺഗ്രസിനെ ഒഴിവാക്കി മായാവതിയുടെ നേതൃത്വത്തിൽ പുതിയൊരു സഖ്യത്തിന് ഇടതുപക്ഷം മുന്നിട്ടിറങ്ങിയത് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ മേധാവിത്വം തകർക്കുകയാണ് ഇതിലൂടെ ഇടതുപക്ഷം ലക്ഷ്യമാക്കുന്നത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിക്കഴിഞ്ഞാൽ ഭരണത്തിലേറുന്നതിന് പിന്തുണ പ്രതീക്ഷിക്കാവുന്നവരാണ് ഇടതുപക്ഷം. 2004ൽ ഇടതുപക്ഷത്തിന്റെ കൂടി സഹായത്തോടെയായിരുന്നു കോൺഗ്രസ് നേതൃത്വത്തിൽ ഒന്നാം യു പി എ സർക്കാർ അധികാരത്തിലേറിയത്. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷവും പാർലിമെന്റിനകത്തും പുറത്തും ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷം കോൺഗ്രസിനോടൊപ്പം പരമാവധി യോജിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്.

മുസ്‌ലിം ലീഗിന് അൽപ്പം സ്വാധീനമുള്ള മണ്ഡലമാണ് വയനാടെന്നതിനാൽ രാഹുലിന്റെ സ്ഥാനാർഥിത്വം ബി ജെ പിക്ക് വർഗീയ ധ്രുവീകരണത്തിന് സഹായകമായേക്കാമെന്നതാണ് മറ്റൊരു പ്രശ്‌നം. മുസ്‌ലിം ലീഗിനെ ചത്തകുതിര എന്ന് വിശേഷിപ്പിച്ച ജവഹർലാൽ നെഹ്‌റുവിന്റെ പേരമകന് ലോക്‌സഭയിലെത്താൻ ലീഗിന്റെ സഹായം തേടേണ്ട ഗതികേട് വന്നു ചേർന്നതായി ഇതിനകം തന്നെ ബി ജെ പി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇത് കേരളത്തിൽ വലിയ പ്രതിഫലനമൊന്നും സൃഷ്ടിക്കുകയില്ലെങ്കിലും വടക്കേ ഇന്ത്യയിൽ കോൺഗ്രസിനെതിരായ ഹിന്ദു ധ്രുവീകരണത്തിന് ഒരു പരിധിവരെ സഹായകരമാകുമെന്ന് ആശങ്കിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തെ മാറ്റി നിർത്തി രാഹുലിന് കർണാടകയിലോ തമിഴ്‌നാട്ടിലോ മത്സരിക്കാമായിരുന്നുവെന്ന പക്ഷക്കാരുമുണ്ട് മതേതര വിഭാഗങ്ങളിൽ.

Latest