Connect with us

International

എത്യോപ്യന്‍ വിമാനദുരന്തത്തിനിടയാക്കിയത് ബോയിംഗ് വിമാനത്തിന്റെ സോഫ്റ്റ്‌വെയര്‍ തകരാര്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

ആഡിസ് അബാബ: 157 പേരുടെ മരണത്തിനിടയാക്കിയ എത്യോപ്യന്‍ വിമാന ദുരന്തത്തിനിടയാക്കിയത് ബോയിംഗ് വിമാനത്തിന്റെ സോഫ്റ്റ്‌വെയര്‍ തകരാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ ആന്റി സ്റ്റാള്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എത്യോപ്യന്‍ ഗതാഗത മന്ത്രി ഡഗ്മാവിത് മോഗസ് ആണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിമാനം അപകടത്തില്‍പെടുന്നതിന് മുമ്പ് 20ഓളം തവണ മൂക്കുകുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇത്തരം ഘട്ടങ്ങളില്‍ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ബോയിംഗ് കമ്പനി നിര്‍ദേശിച്ച എല്ലാ നടപടിക്രമങ്ങളും ഈ സമയം പൈലറ്റ് പാലിച്ചുവെങ്കിലും വിമാനം നിയന്ത്രണത്തിലായില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം വിമാനത്തിന്റെ ആന്റിസ്റ്റാള്‍ സെന്‍സര്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സാധിക്കാതിരുന്നത്.

പൈല്റ്റുമാര്‍ക്ക് ബോയിംഗ് വിമാനം പറത്തുന്നതില്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍. പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂക്കുകുത്തിയ വിമാനം തിരികെ കൊണ്ടുവരാൻ കമ്പനി നിർദേശിച്ച എല്ലാ കാര്യങ്ങളും പെെലറ്റ് കൃത്യമായി ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ അമേരിക്കന്‍ വിമാനകമ്പനിയായ ബോയിംഗിന്റെ രണ്ട് വിമാനങ്ങളാണ് ദുരന്തത്തില്‍പെട്ടത്. ലയണ്‍ എയര്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചതാണ് ഇതില്‍ ആദ്യ അപകടം. മാര്‍ച്ച് പത്തിന് എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ 157 പേര്‍ മരിച്ചു. രണ്ട് അപകടങ്ങളിലുമായി 346 പേരാണ് മരിച്ചത്. രണ്ട് അപകടങ്ങളും സംഭവിച്ചത് ബോയിംഗ് 737 മാക്‌സ് വിമാനത്തിനാണ്. ഇതേതുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ബോയിംഗ് 737 വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനിടെ, ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ പരിഷ്‌കരിച്ച സോഫ്റ്റ്‌വെയര്‍ കമ്പനി വിജയകരമായി പരീക്ഷിച്ചു. വിമാനത്തിന്റെ എംസിഎഎസ് ആന്റി-സ്റ്റാ ള്‍ സോഫ്റ്റ്‌വെയറാണ് അപ്‌ഡേറ്റ് ചെയ്തത്.

Latest