Connect with us

Kerala

പെരുമാറ്റച്ചട്ടലംഘനം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എഴു സ്ഥാനാര്‍ഥികളില്‍ നിന്ന് തുക ഈടാക്കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഏഴു സ്ഥാനാര്‍ഥികള്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കംചെയ്ത ചെലവ് അവരില്‍നിന്ന് ഈടാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പണമടച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം സ്ഥാനാര്‍ഥികളെ പ്രോസിക്യൂട്ട് ചെയ്യാനും നിര്‍ദേശിച്ചു.

വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, ഹോര്‍ഡിംഗ്്സ് മുതലായവ നീക്കാന്‍ കളക്ടര്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനാല്‍ ജില്ലാ ഭരണകൂടം തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിലേക്ക് വരവ്വെച്ച് അവരോട് തുക അടയ്ക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പലതവണ നോട്ടീസുകള്‍ നല്‍കിയിട്ടും സ്ഥാനാര്‍ഥികള്‍ മറുപടി നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിശദ പരിശോധനയ്ക്ക് ശേഷം കമ്മീഷന്‍ അപ്പീല്‍ നിരസിക്കുകയും ജില്ലാ കളക്ടറുടെ നടപടി ശരിവെക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഒരു എം.എല്‍.എ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ ഏഴു സ്ഥാനാര്‍ഥികളില്‍ നിന്ന് എത്രയുംവേഗം ഈടാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്.