Connect with us

Kozhikode

കാലിത്തീറ്റക്ക് കുത്തനെ വിലകൂട്ടി

Published

|

Last Updated

കോഴിക്കോട്: കടുത്ത വേനലിൽ ക്ഷീര കർഷകരെ വലച്ച് കാലിത്തീറ്റക്ക് കേരളാ ഫീഡ്‌സ് കുത്തനെ വിലകൂട്ടി. പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സ് വില കുത്തനെ ഉയർത്തിയതുമൂലം മറ്റ് സ്വകാര്യ കാലിത്തീറ്റ സംരംഭകരും വില വർധിപ്പിച്ചു.
ഒരു ചാക്കിന് കഴിഞ്ഞ ആറ് മാസം കൊണ്ട് ശരാശരി 170 രൂപയുടെ വർധനവാണ് ഉണ്ടായത്. 988 രൂപയായിരുന്ന കേരള ഫീഡ്‌സ് റിച്ച് കാലിത്തീറ്റക്ക് 1070 രൂപയായി. 1010 രൂപ വിലയുണ്ടായിരുന്ന കേരളാ ഫീഡ്‌സ് മിടുക്കി കാലിത്തീറ്റക്ക് 1,095 രൂപയായി. കേരള ഫീഡ്‌സ് എലറ്റ് 1,070 രൂപയിൽ നിന്ന് 1,175 രൂപയുമായി വർധിച്ചു.

ഒരാഴ്്ച മുമ്പ് ഇരിങ്ങാലക്കുട പ്ലാന്റിലെത്തിയ മന്ത്രി കെ രാജു കേരളാ ഫീഡ്‌സ് തീറ്റയുടെ വില കൂട്ടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് കാലിത്തീറ്റയുടെ വില കൂട്ടിയുള്ള ഉത്തരവ് ഇറക്കി. പ്രളയം തളർത്തിയതിനൊപ്പം വേനലും വലക്കുന്ന ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കിയാണ് ഈ വിലക്കയറ്റം. സബ്‌സിഡി നൽകിയത് ഉൾപ്പെടെയുള്ള പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ 27 കോടിയാണ് കേരളാ ഫീഡ്‌സിന് അനുവദിച്ചത്. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വില കൂട്ടിയത് എന്നാണ് കേരള ഫീഡ്‌സിൽ നിന്ന് ലഭിക്കുന്ന വിവരം. കടുത്ത വേനലിൽ പാലിന്റെ അളവ് കുറയുന്നതോടോപ്പം കന്നുകാലികളിൽ രോഗങ്ങളും വർധിക്കുകയാണ്.അത്യുഷ്ണം മൂലം പശുക്കൾ കുഴഞ്ഞു വീഴുന്നതും പതിവാകുന്നു. അത് പോലെ കാത്സ്യക്കുറവും കന്നു കാലികളിൽ കാണപ്പെടുന്നണ്ട്. ഇതിനെല്ലാം പരിഹാരമായി കന്നുകാലികൾക്ക് തീറ്റ വർധിപ്പിക്കണം എന്നാണ് മൃഗ ഡോക്ടർമാർ പറയുന്നത്. എന്നാൽ തീറ്റപ്പുല്ലിന്റെ ലഭ്യത കുറവ് മൂലം വലയുന്ന കർഷകർ കന്നുകാലികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാലിത്തീറ്റ തന്നെ ആശ്രയിക്കേണ്ടി വരുന്നു. വേനലിൽ പാലുത്പാദനം കുറഞ്ഞത് മൂലം പ്രതിസന്ധിയിലായ കർഷകരെ തളർത്തുന്നതാണ് കേരളാ ഫീഡ്‌സിന്റെ ഈ നിലപാടെന്ന്് ആവള ക്ഷീര കർഷക സംഘം പ്രസിഡന്റ് പ്രമോദ് പറയുന്നു.

മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു മാറ്റവുമില്ല. അനുദിനം നിരവധി പേരാണ് ഈ മേഖലയിൽ നിന്ന് കൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ്് കഴിയുന്നതോടെ കർഷകർ സംഘടിച്ച് കേരളാ ഫീഡ്‌സ് ഫാക്ടറി ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമരങ്ങളുമായിമുന്പോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രമോദ് പറയുന്നു. പൊതുമേഖലാ സ്ഥാപനം വില ഉയർത്തുന്നത് കൊണ്ട് കെ എസ് ഉൾപ്പെടെയുള്ള സ്വകാര്യ കാലിത്തീറ്റ സംരംഭകരും വില വർധിപ്പിച്ചു. സാധാരണ വേനൽ കാലങ്ങളിൽ മിൽമ ഇൻസെന്റീവ് നൽകാറുണ്ടായിരുന്നുവെങ്കിലും ഇത്തവണ അതും നൽകിയില്ല. ഇത് കർഷകരെ പ്രയാസപ്പെടുത്തുന്നു.

കോഴിക്കോട്