Connect with us

Ongoing News

എം പിയായ ഭാര്യക്ക് സീറ്റില്ല; സിദ്ദു പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നു

Published

|

Last Updated

സിദ്ദുവും ഭാര്യ കൗറും

ചണ്ഡീഗഢ്: ഭാര്യയും മുൻ എം പിയുമായ നവജ്യോത് കൗർ സിദ്ദുവിന് സീറ്റ് നിഷേധിച്ചതിൽ പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവിന് അമർഷം. ഇതേതുടർന്ന് 20 ദിവസമായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വേദികളിൽ നിന്നെല്ലാം സിദ്ദു അപ്രത്യക്ഷനാണ്. തനിക്ക് സീറ്റ് നൽകാത്തതിലുള്ള നിരാശ കൗർ അറിയിക്കുകയും ചെയ്തു. കൗറിന് പകരം കരുത്തനായ സ്ഥാനാർഥിയെയാണ് ചണ്ഡീഗഢിൽ നിന്ന് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. നാല് തവണ എം പിയായ മുൻ റെയിൽവേ മന്ത്രി പവൻ കുമാർ ബൻസലിനാണ് പാർട്ടി സീറ്റ് നൽകിയത്. പാർട്ടി നടപടിയിൽ താൻ നിരാശനാണെന്നും ഇത്തരമൊരു തീരുമാനം പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കരുതിയില്ലെന്നും കൗർ വ്യക്തമാക്കി. കൗറിന്റെ അമർഷം മറ നീക്കി പുറത്ത് വന്നതോടെയാണ് സിദ്ദുവിന്റെ അസാന്നിധ്യം ചർച്ചയാകുന്നത്.

പാർട്ടിയുടെ പൊതുപരിപാടികളിൽ നിന്നും ചർച്ചകളിൽ നിന്നും സിദ്ദു ഒഴിഞ്ഞു മാറുകയാണ്. പാർട്ടിയുടെ ആവേശ പ്രചാരകനായ സിദ്ദുവിന്റെ വിട്ടുനിൽക്കൽ പ്രവർത്തകരെയും നേതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
എല്ലാ സംസ്ഥാന ഘടകങ്ങളോടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരേണ്ട നേതാക്കളെ നിർദേശിക്കാൻ എ ഐ സി സി ആവശ്യപ്പെട്ടപ്പോൾ പ്രിയങ്കാ ഗാന്ധിയെ പോലും പിന്തള്ളി നേതാക്കൾ മുറവിളികൂട്ടിയത് സിദ്ദുവിന് വേണ്ടിയായിരുന്നു. എന്നാൽ ഏറ്റവും ഡിമാൻഡുള്ള കോൺഗ്രസിന്റെ ഈ താര പ്രചാരകനെക്കുറിച്ച് 20 ദിവസത്തോളമായി യാതൊരു വിവരവും ഇല്ലെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം മുൻകൈയെടുക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിൽ അഞ്ചെണ്ണമാണ് നിലവിൽ കോൺഗ്രസിനുള്ളത്.

Latest