Connect with us

National

ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി; 'പിഎം നരേന്ദ്രമോദി' സിനിമ നാളെ റിലീസ് ചെയ്യില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മൊദിയുടെ ജീവ ചരിത്ര ആസ്പദമാക്കി തയ്യാറാക്കിയ “പിഎം നരേന്ദ്രമോദി” എന്ന സിനിമക്കെതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ഹര്‍ജി ഈ മാസം എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തില്‍ സിനിമ നാളെ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് സന്ദീപ് സിംഗ് ട്വീറ്ററില്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമ ഇറക്കുന്നത് ഇതിന്റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അമാന്‍ പന്‍വാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സിനിമ ഇപ്പോള്‍ റിലീസ് ചെയ്യുന്നത് സുതാര്യമായ തിരഞ്ഞെടുപ്പിന് തടസ്സമാകുമെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്‌വി കോടതിയെ ബോധിപ്പിച്ചു.

അതേസമയം, സിനിമക്ക് എതിരെ എന്തുകൊണ്ടാണ് നേരിട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. സമാനമായ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയും മുംബൈ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് നേരിട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

പിഎം നരേന്ദ്രമോഡി സിനിമ ഇപ്പോള്‍ റിലീസ് ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മെയ് 19ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.