Connect with us

Ongoing News

മാണ്ഡ്യയിലും ഹാസനിലും വിജയം ഉറപ്പിക്കാൻ അടവുകൾ പയറ്റി ജെ ഡി എസ്

Published

|

Last Updated

കർണാടകയിലെ മാണ്ഡ്യയിലും ഹാസനിലും ജനതാദൾ- എസ് സ്ഥാനാർഥികളെ ലോക്‌സഭയിലെത്തിക്കാൻ അടവുകൾ പയറ്റുകയാണ് നേതൃത്വം. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് ജെ ഡി എസ് സ്ഥാനാർഥികൾക്ക് അനുകൂലമായ നടപടികളാണ് കുമാരസ്വാമിയും കൂട്ടരും ചെയ്യുന്നതെന്ന് ആരോപിച്ച് എതിർപക്ഷം രംഗത്തെത്തിയതോടെ രണ്ട് മണ്ഡലങ്ങളിലും പ്രചാരണ രംഗം കലങ്ങി മറിയുകയാണ്. മാണ്ഡ്യയിൽ മത്സരിക്കുന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ ജയിപ്പിക്കാൻ അധികാര സ്വാധീനം ഉപയോഗിച്ച് ചട്ടവിരുദ്ധമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാർഥി സുമലതയാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതേ തുടർന്ന് മാണ്ഡ്യ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അക്രം പാഷയെ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. പകരം പ്രിയങ്ക മേരി ഫ്രാൻസിസിനെ നിയമിച്ചു.

രാഷ്ട്രീയ നേതാക്കളുമായുള്ള വിക്രം പാഷയുടെ അവിശുദ്ധ ബന്ധം തെളിയിക്കുന്ന രേഖകൾ സഹിതം സുമലതയും ബി ജെ പിയും നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചട്ടങ്ങളും വ്യവസ്ഥകളും കാറ്റിൽ പറത്തി തിരഞ്ഞെടുപ്പ് ഓഫീസർ നിഖിൽ ഗൗഡക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നുവെന്നാണ് പരാതി. സുമലതയെ പിന്തുണച്ച് ബി ജെ പിയും ബി എസ് പിയും രംഗത്തെത്തുകയായിരുന്നു.
നിഖിൽ കുമാരസ്വാമി പത്രിക സമർപ്പിച്ചത് ചട്ടവിരുദ്ധമായാണെന്നും എന്നാൽ പത്രികയിലെ പിഴവ് ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത് തിരുത്തിയെന്നുമാണ് സുമലത ആരോപിക്കുന്നത്. പത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി കുമാരസ്വാമി ജില്ലാ കലക്ടർ കൂടിയായ വരണാധികാരി മഞ്ജുശ്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പിഴവ് തിരുത്തിക്കുകയായിരുന്നുവെന്നാണ് പരാതി. സർക്കാർ സംവിധാനത്തിന്റെ ദുരുപയോഗമാണിതെന്ന് മഞ്ജുശ്രീക്കെതിരെ നടപടി ആവശ്യപ്പെട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ്കുമാറിന് പരാതി നൽകിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ സീരിയൽ നമ്പർ അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് സുമലത ആരോപിക്കുന്നു. യന്ത്രത്തിൽ ആദ്യനമ്പർ അനുവദിച്ചത് നിഖിലിനാണ്. സുമലതക്ക് 20ാം നമ്പറാണ് അനുവദിച്ചത്. ഒരു വോട്ടിംഗ് യന്ത്രത്തിൽ 16 സ്ഥാനാർഥികളുടെ പേരുകൾ മാത്രമേ പരമാവധി ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നിരിക്കെ സുമലതയുടെ പേര് രണ്ടാമത്തെ വോട്ടിംഗ് യന്ത്രത്തിലായിരിക്കും രേഖപ്പെടുത്തുക. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നതാണ് സുമലതയുടെ പരാതി.
മാണ്ഡ്യ അതീവ പ്രശ്‌ന ബാധിത മണ്ഡലമായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകനെ നിയോഗിക്കണമെന്നും സുമലതയും ബി ജെ പിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാണ്ഡ്യയിൽ നിഖിൽഗൗഡയെയും ഹാസനിൽ പ്രജ്വൽ രേവണ്ണയെയും ജയിപ്പിക്കാൻ മുഖ്യമന്ത്രി കുമാരസ്വാമിയും ജെ ഡി എസ് നേതാക്കളും രണ്ട് മണ്ഡലങ്ങളിലും ക്യാമ്പ് ചെയ്തുള്ള പ്രചാരണ പ്രവർത്തനമാണ് നടത്തി വരുന്നത്.

Latest