Connect with us

Ongoing News

കർണാടകയിൽ ചുനവാന ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

|

Last Updated

ബെംഗളൂരു: കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നവീകരിച്ച ചുനവാന മൊബൈൽ ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഈ ആപ്പ് പുറത്തിറക്കുന്നത്. തിരഞ്ഞെടുപ്പിൽ ബൂത്തുകൾ കണ്ടെത്തുന്നതിനും വോട്ടർ പട്ടിക പരിശോധനക്കും ഉൾപ്പെടെ ഈ ആപ്ലിക്കേഷൻ സഹായകമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലധികം പേരാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചത്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്തെ ലക്ഷക്കണക്കിന് പേരാണ് ചുനവാന ആപ്ലിക്കേഷനിലൂടെ വോട്ടിംഗ് നില ഉൾപ്പെടെ അറിഞ്ഞത്.

കർണാടകയിലെ 28 ലോക്‌സഭാ മണ്ഡലങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിഷ്‌കരിച്ച ആപ്ലിക്കേഷനാണ് ഇപ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജീവ്കുമാർ പുറത്തിറക്കിയത്. അംഗ പരിമിതർക്ക് വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ചുനവാന ആപ്ലിക്കേഷനിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ ഇതുവഴി സാധിക്കും.
ഇത്തരത്തിൽ വിവരം അറിയിക്കുന്നവർക്ക് അവരുടെ ബൂത്തുകളിൽ വോട്ട് ചെയ്യുന്നതിനായി വീൽ ചെയർ, ബ്രെയിലി ലിപി സൗകര്യം, ബൂത്തുകളിൽ പ്രത്യേക ക്യൂ, വീട്ടിലേക്ക് വാഹന സൗകര്യം എന്നിവ ഒരുക്കി നൽകും. ഇതോടൊപ്പം തിരക്കേറിയ സ്ഥലങ്ങളിലെ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂവിനെക്കുറിച്ചും ആപ്ലിക്കേഷനിൽ വിവരം ലഭിക്കും. ഇത് നോക്കി തിരക്ക് കുറഞ്ഞ സമയത്ത് വോട്ട് ചെയ്യാൻ പോകാൻ കഴിയും.
കർണാടകയിലെ എല്ലാ ബൂത്തുകളുടെയും വിവരങ്ങളും ലൊക്കേഷൻ മാപ്പും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Latest