Connect with us

Ongoing News

പൊന്നാനിപ്പോരിന് കടുപ്പമേറെ

Published

|

Last Updated

ഇ ടി മുഹമ്മദ് ബഷീർ, പി വി അൻവർ, വി ടി രമ

പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പോരിന് ഇത്തവണ വീറും വാശിയും ഏറെയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ പാർട്ടികൾ കാഴ്ചവെക്കുന്നത്. ഇടത്, വലത് മുന്നണികൾക്കൊപ്പം എൻ ഡി എയും എസ് ഡി പി ഐയും പി ഡി പിയും മത്സരിക്കുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് എണ്ണം യു ഡി എഫിനൊപ്പവും മൂന്ന് എണ്ണം ഇടതിനൊപ്പവുമാണ് നിന്നത്. ഈ മണ്ഡലങ്ങളിലെല്ലാം എൻ ഡി എ സഖ്യമായിരുന്നു മൂന്നാമത്. തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, തൃത്താല എന്നിവയിൽ യു ഡി എഫ് വെന്നിക്കൊടി പാറിപ്പിച്ചപ്പോൾ പൊന്നാനി, തവനൂർ, താനൂർ എന്നിവിടങ്ങളിൽ ചെങ്കൊടി ഉയർന്നു. ഈ കണക്കുകൂട്ടലുകൾ കണ്ടാണ് മുന്നണികൾ മത്സരത്തിന് അരയും തലയും മുറുക്കി നാടും വീടും കയറി വോട്ട് പെട്ടിയിലാക്കാൻ ശ്രമം തുടരുന്നത്.

സിറ്റിംഗ് എം പിയും മുസ്്ലിം ലീഗ് സ്ഥാനാർഥിയുമായ ഇ ടി മുഹമ്മദ് ബഷീറിനെയാണ് യു ഡി എഫ് കളം പിടിക്കാൻ രംഗത്തിറക്കിയത്. നിലമ്പൂർ നിയോജക മണ്ഡലം എം എൽ എയായ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിനാണ് മണ്ഡലം പിടിക്കാൻ സി പി എം നേതൃത്വം ചുമതല നൽകിയത്.
തൃത്താലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി രംഗത്തെത്തിച്ച പ്രൊഫ. വി ടി രമയാണ് എൻ ഡി എയുടെ സാരഥി. എസ് ഡി പി ഐ സ്ഥാനാർഥിയായി അഡ്വ. കെ സി നസീറും പി ഡി പി സ്ഥാനാർഥിയായി പുന്തുറ സിറാജും മത്സരിക്കുന്നു. കൂടാതെ സ്വതന്ത്ര സ്ഥാനാർഥികളായി രണ്ട് പേരും നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.

മുസ്‌ലിം ലീഗിന് ഏറെ വേരോട്ടമുള്ള മണ്ഡലത്തിൽ 2009 ലെ തിരഞ്ഞെടുപ്പിൽ 82,684 വോട്ടായിരുന്നു യു ഡി എഫിന്റെ ഭൂരിപക്ഷം. എന്നാൽ 2014ൽ ഇത് 25,410 ആയി കുറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനങ്ങൾ മണ്ഡലത്തിൽ അലയടിച്ചു. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് മണ്ഡലമായ താനൂരിൽ ഇടത് പടയോട്ടത്തിൽ കോണിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. കൂടാതെ എല്ലാ മണ്ഡലത്തിലും വോട്ടിംഗ് നില ഉയർത്താനും ഇടതിന് സാധിച്ചു. ഈ സാഹചര്യം ഗുണകരമാക്കാനാണ് ഇടത് പാളയം മത്സരം കടുപ്പിക്കുന്നത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് തന്റെ വോട്ട് നില ഉയർത്താൻ ലീഗ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീർ വലിയ പ്രചാരണമാണ് മണ്ഡലത്തിൽ രാവുംപകലും നടത്തുന്നത്. കൂടാതെ ന്യൂനപക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക സംവരണവും മുത്വലാഖ് വിഷയവും പ്രചാരണത്തിനായി യു ഡി എഫ് പ്രയോഗിക്കുന്നുണ്ട്. മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളും ഇ ടി വോട്ടർമാരെ ബോധ്യപ്പെടുത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ പിടിച്ചടക്കിയ വീര്യത്തിലാണ് പി വി അൻവർ എന്ന ഇടത് സ്വതന്ത്രൻ പൊന്നാനിയിലേക്ക് എത്തുന്നത്. 2009ലും 2014ലും സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി മത്സരിച്ച പോലെയാണ് അൻവറിന്റെ സ്ഥാനാർഥിത്വവും. കഴിഞ്ഞ തവണ പിടിച്ചതിൽ കൂടുതൽ വോട്ടുകൾ ഈ മത്സരത്തിൽ നേടി വിജയ തിലകം ചാർത്താൻ സാധിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. നിയമസഭാ സാമാജികനായി അധികാരമേറ്റത് മുതൽ നിലമ്പൂർ മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന വികസന മാതൃകകൾ പൊന്നാനിയിൽ സാധ്യമാക്കാൻ കഴിയുമെന്ന് അറിയിച്ചാണ് അദ്ദേഹം വോട്ടിനായി ജനങ്ങളെ തേടി എത്തുന്നത്. കൂടാതെ മണ്ഡലത്തിലെ വികസന മുരടിപ്പും പ്രചാരണ ആയുധമാണ്. 2011ൽ നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അൻവർ ഒറ്റക്ക് നിന്ന് നേടിയത് പോലെ വോട്ടുകൾ ഈ മണ്ഡലത്തിലും തുണയാകുമെന്നതും ഇടത് പ്രത്യാശയാണ്. 2016ൽ തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പരിചയ സമ്പത്തുമായാണ് ബി ജെ പി സാരഥി പ്രൊഫ. വി ടി രമ കളത്തിലിറങ്ങിയത്. വനിതാ മോർച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാമ്പി സംസ്‌കൃത കോളജ് വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ച ഇവർ ബി ജെ പി സംസ്ഥാന സമിതി അംഗവുമാണ്. തൃത്താലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14,510 വോട്ട് നേടി മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയിരുന്നത്. ഈ ആത്മവിശ്വാസം കൈമുതലാക്കിയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകളിലും കന്നി വോട്ടുകളിലും പ്രതീക്ഷ അർപ്പിച്ചുമാണ് രമ പ്രചാരണം നടത്തുന്നത്.

എസ് ഡി പി ഐയും പി ഡി പിയും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച വെൽഫെയർ പാർട്ടി ഇത്തവണ സ്ഥാനാർഥിയെ നിർത്തുന്നില്ല. അവർ യു ഡി എഫിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃത്താല, പൊന്നാനി, തവനൂർ എന്നിവിടങ്ങളിൽ ഇടത്പക്ഷം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. നിയമസഭയിലേക്ക് വന്നപ്പോൾ പൊന്നാനി, താനൂർ, തവനൂരായി ഇത് മാറി. യു ഡി എഫ് സ്ഥാനാർഥിക്ക് ലോക്‌സഭയിൽ തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, താനൂർ എന്നിവ വിജയത്തിന് കൂട്ട് നിന്നപ്പോൾ നിയമസഭയിലേക്ക് വന്നപ്പോൾ താനൂർ പോയി തൃത്താല കിട്ടി.

എല്ലാ തവണത്തേതും പോലെ ന്യൂനപക്ഷ വോട്ടുകൾ തന്നെയാകും മണ്ഡലത്തിൽ സ്ഥാനാർഥികളുടെ വിധി നിർണയിക്കുക. കൂടാതെ കേന്ദ്ര സർക്കാറിന്റെ പദ്ധതികളുടെ അവലോകനവും ന്യൂനപക്ഷ പദ്ധതികളും മറ്റു കാര്യങ്ങളും ഇടത്, വലത് മുന്നണികൾ ആയുധമാക്കുന്നു. സ്ഥാനാർഥി പ്രഖ്യാപന സമയത്ത് യു ഡി എഫ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിരുന്നെങ്കിലും പിന്നീട് നേതൃത്വം ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചത് യു ഡി എഫിന് ശക്തി പകരുന്നു. മുൻ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലും വോട്ടർമാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി. കേന്ദ്ര സർക്കാറിന്റെ വികസനം വോട്ടായി വരുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ. എല്ലാ മുന്നണികളും ശുഭ പ്രതീക്ഷയോടെയാണ് പൊന്നാനി കടലോരത്തെ കാറ്റിനെ കാണുന്നത്.

എൽ ഡി എഫ്
സാധ്യത: നിലമ്പൂരിലെ വികസനം. വർധിച്ച് വരുന്ന മണ്ഡലത്തിലെ ഇടത് വോട്ട്. സർക്കാർ നേട്ടങ്ങൾ
ആശങ്ക: സ്ഥാനാർഥിക്കെതിരെ ഉയർന്ന ആരോപണങ്ങൾ

യു ഡി എഫ്
സാധ്യത: മണ്ഡലത്തിലെ വികസന നേട്ടങ്ങൾ, പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലം
ആശങ്ക: കഴിഞ്ഞ തവണ ഭൂരിപക്ഷത്തിലെ കുറവ്, മണ്ഡലങ്ങളിലെ കോൺഗ്രസ്- ലീഗ് പോര്

എൻ ഡി എ
സാധ്യത: കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങൾ, ശബരിമലയിലെ ബി ജെ പി നിലപാട്, മണ്ഡലത്തിലെ വികസന പ്രശ്‌നം
ആശങ്ക: മണ്ഡലത്തിലെ ന്യൂനപക്ഷ വികാരം

Latest