Connect with us

Kerala

''കോഴയാരോപണം രാഷ്ട്രീയപ്രേരിതം, ആത്മഹത്യ ചെയ്യാന്‍ കഴിയില്ല''; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി എംകെ രാഘവന്‍

Published

|

Last Updated

കോഴിക്കോട്: ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും കോഴിക്കോട്ടെ സിപിഎം നേതൃത്വം തന്നെ വ്യക്തിഹത്യനടത്തുവാനാണ് ശ്രമിക്കുന്നതെന്നും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാഥിയും എംപിയുമായ എംകെ രാഘവന്‍. തന്റെ രാഷ്ട്രീയ ജീവതത്തില്‍ ഇതിലും വലിയ അപമാനം നേരിട്ട സമയമില്ലെന്നും ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും പറഞ്ഞ് രാഘവന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി. രാഘവനെതിരെ ഒരു ഹിന്ദി ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ഓപ്പറേഷന്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വികാരധീനനായത്.

തന്റെ വീട്ടില്‍ പലരും വരാറുണ്ട്. മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞാണ് ചാനല്‍ സംഘം തന്നെ സമീപിച്ചത്. അവരോട് തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചോ മറ്റോ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ എടുത്ത ശേഷം വാക്കുകള്‍ ആവശ്യമായ രീതിയില്‍ ഡബ് ചെയ്ത് കയറ്റുകയാണ് ചാനല്‍ ചെയ്തതെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വളരെ ബോധപൂര്‍വം നടത്തിയ നീക്കമാണിത്. ഇതിന്റെ പിറകില്‍ കോഴിക്കോട്ടെ സിപിഎം നേതൃത്വമാണ്. ഇതിലൂടെ തന്നെ നിശ്ബ്ദനാക്കാമെന്ന് സിപിഎം കരുതേണ്ട. പോരാടാന്‍ തന്നെയാണ് തീരുമാനം. ഏതറ്റം വരെ പോകാനും തയ്യാറാണ്. നിയമപരമായും നേരിടുമെന്നും ഇന്നല്ലെങ്കില്‍ നാളെ ആ ഗൂഢാലോചന പുറത്തുവരുമെന്നും രാഘവന്‍ പറഞ്ഞു.

രാഘവനെതിരെ കൃത്യമായ ഗൂഢാലോചന നടന്നതിന് തെളിവുകളുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. ഒരു മനുഷ്യന് എതിരായി തിരഞ്ഞെടുപ്പ് ജയിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനം വൃത്തികെട്ട വേട്ടയാടലായി മാറിയെന്നും ഇത് ജനം സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് 9 എന്ന ഹിന്ദി ചാനലാണ് എം കെ രാഘവന് എതിരെ ഇന്നലെ കോഴ ആരോപണം ഉന്നയിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളുകള്‍ എന്ന വ്യാജേന രാഘവനെ കണ്ട മാധ്യമപ്രവര്‍ത്തകരോട് ഹോട്ടല്‍ ബിസിനസിന് സ്ഥലം ലഭ്യാമാക്കാന്‍ എം കെ രാഘവന്‍ അഞ്ച് കോടി കോഴ ചോദിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിടുകയായിരുന്നു.

Latest