സ്ത്രീയുടെ ജീവന് ഭീഷണിയെങ്കില്‍ 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭഛിദ്രമാകാം: ബോംബെ ഹൈക്കോടതി

Posted on: April 4, 2019 4:33 pm | Last updated: April 4, 2019 at 10:13 pm

മുംബൈ: സ്ത്രീയുടെ ജീവന് ഭീഷണിയെങ്കില്‍ 20 ആഴ്ച കഴിഞ്ഞാലും അംഗീകൃത ഡോക്ടറുടെ അനുമതിയോടെ ഗര്‍ഭഛിദ്രം നടത്താമെന്ന് ബോംബേ ഹൈക്കോടതി. ഇതിന് കോടതിയുടെ അനുമതി തേടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎസ് ഓക, എംഎസ് സോനക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.

20 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടുന്ന സ്ത്രീകളെ പരിശോധിക്കുന്നതിന് മൂന്ന് മാസത്തിനകം ജില്ലാ തലങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി മഹാരാഷ്ട്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഭ്രൂണത്തിന് അസാധാരണമാം വിധം വൈകല്യമുണ്ടെന്നും ഗര്‍ഭധാരണം തുടരുന്നത് മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ കോടതിക്ക് മുമ്പാകെ ലഭിക്കുന്നതായി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടങ്ങളില്‍ ഗര്‍ഭധാരണം തുടരുന്നത് സ്ത്രീയുടെ ജീവന് ഭീഷണിയാകുമെന്ന് ഒരു അംഗീകൃത ഡോക്ടര്‍ കണ്ടെത്തുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്താന്‍ കോടതിയുടെ അനുമതിക്ക് കാത്തുനിക്കേണ്ട കാര്യമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിലവിലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം അനുസരിച്ച് 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാകില്ല. അമ്മയുടേയും കുഞ്ഞിന്റെയും ജീവന് ഭീഷണി ഉണ്ടെങ്കിലും 24 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നാണ് നിയമത്തില്‍ പറയുന്നത്. 2016 ജൂലൈയില്‍ ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത് ചരിത്രപരമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഗര്‍ഭഛിദ്ര നിയമത്തിലെ വകുപ്പുകള്‍ ചോദ്യം ചെയ്ത് ബലാത്സംഗത്തിന് ഇരയായ മുംബൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച പിന്നിട്ട ശേഷമായിരുന്നു ഇത്.