Connect with us

Socialist

'മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്'; ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published

|

Last Updated

മലപ്പുറം: “ഒരു ദിവസം എന്റെ മുഖപുസ്തകത്തിലെ പച്ചലൈറ്റണയും. ഇനി ഒരിക്കലും തെളിയാത്ത രൂപത്തില്‍….” ഈ വരികള്‍ കുറിച്ചിട്ട പാണ്ടിക്കാട് സ്വദേശി ആരിഫ് മുസമ്മിലിന്റെ പേരിന് നേരയും മുഖപുസ്തകത്തില്‍ ഇനി മുതല്‍ ആ പച്ചലൈറ്റ് തെളിഞ്ഞു കത്തില്ല. അനുശോചനക്കുറിപ്പുകളും പ്രാര്‍ഥനകളും ഇന്നലെ മുതല്‍ കൂട്ടുകാര്‍ അവന്റെ ടൈംലൈനിലേക്ക് ടാഗ് ചെയ്തു. പനിയെ തുടര്‍ന്ന് ഒരാഴ്ചയോളം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന ജാമിഅ മുഈനിയ്യ കോളജ് വിദ്യാര്‍ഥി ആരിഫ് മുസമ്മില്‍ ഇന്നലെ നാഥന്റെ വിളിക്കുത്തരം നല്‍കി യാത്രയായപ്പോള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ട കവിതയില്‍ പ്രാര്‍ഥനയുമായെത്തുകയാണ് സുഹൃത്തുക്കള്‍. “മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്” എന്ന പേരില്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ അനുശോചനക്കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നന്നായി ഇടപെടാറുള്ള ആരിഫ് നിരവധി സൗഹൃദങ്ങള്‍ക്കും ഉടമയാണ്. ഡല്‍ഹിയില്‍ നടന്ന എസ് എസ് എഫിന്റെ ദേശീയ സമ്മേളനത്തിന്റെ പ്രചാരണമടക്കമുള്ള സംഘടനാ ചലനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിപ്പിക്കുന്നതില്‍ ആരിഫിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 23നാണ് “മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്” എന്ന കവിത ആരിഫ് പോസ്റ്റ് ചെയ്തത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:

#മരിച്ച_ശേഷം
#എന്റെ_ഫേസ്ബുക്

ഒരു ദിവസം എന്‍റെ
മുഖപുസ്തകത്തിലെ
പച്ചലൈറ്റണയും.
ഇനി ഒരിക്കലും
തെളിയാത്ത രൂപത്തിൽ.

ടാഗുകൾ നിരസിക്കുന്ന
എന്റെ വാളിൽ അന്ന്
ടാഗുകൾ നിറയും,
ഞാൻ അറിയാതെ,
അപ്രൂവ് ചെയ്യാതെ തന്നെ.

ചിരിക്കുന്ന എന്റെ മുഖ –
മെടുത്ത് കരയുന്ന
ഇമോജുകൾ വെച്ച്
ആദരാഞ്ജലികൾ
എഴുതി വെക്കും.

പ്രിയപ്പെട്ടവർ പ്രാർത്ഥിക്കാൻ
പറഞ്ഞ് പോസ്റ്റ്‌ ഇടും.
ഏറെ സ്നേഹിക്കുന്നവർ
അനുസ്മരിക്കും.
സതീർഥ്യരുടെ ഓർമ
കുറിപ്പുകൾ വരും.

ഞാൻ ആരുമല്ലാതിരുന്നിട്ടും
അടയാളപ്പെടുത്തലുകൾ
ഇല്ലാതിരുന്നിട്ടും ഞാൻ
ആരൊക്കെയോ ആയ
മാനസങ്ങൾ ഉള്ളിൽ തേങ്ങും….

(ആരിഫ്‌ മുസ്സമിൽ വളളുവങ്ങാട്.. #FB post)

Latest