Connect with us

Ongoing News

കെ എസ് ആര്‍ ടി സി വീണ്ടും തകര്‍ച്ചയിലേക്ക്

Published

|

Last Updated

ജനുവരിയില്‍ സ്വന്തം വരുമാനത്തില്‍ നിന്ന് കൃത്യസമയത്ത് ശമ്പളം നല്‍കി ചരിത്രം തീര്‍ത്ത കെ എസ് ആര്‍ ടി സിയില്‍ വീണ്ടും ശമ്പള, പെന്‍ഷന്‍ വിതരണം അവതാളത്തിലാകുന്നു. കീഴ്‌വഴക്കമനുസരിച്ച് മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. എന്നാല്‍ മാര്‍ച്ച് മാസത്തിലെ ശമ്പളത്തില്‍ ഓഫീസേഴ്‌സ് ഇതര വിഭാഗക്കാരുടെ 30 ശതമാനം മാത്രമാണ് മാസത്തിന്റെ അവസാന പ്രവൃത്തി ദിവസത്തില്‍ നല്‍കാനായത്‌.

വരുമാനം കുറഞ്ഞതും സര്‍ക്കാര്‍ ധനസഹായം തീര്‍ന്നതുമാണ് ശമ്പളം ഒന്നിച്ചു പൂര്‍ണമായി നല്‍കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചത്. 90 കോടി രൂപ വേണം ശമ്പളം പൂര്‍ണമായും നല്‍കാന്‍. എന്നാല്‍ മാര്‍ച്ച് അവസാനം 41 കോടി രൂപ മാത്രമായിരുന്നു കൈയിലിരിപ്പ്. സര്‍ക്കാറില്‍ നിന്നുള്ള ധനസഹായമായ 20 കോടി ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര ജി എസ് ടി വിഹിതം ലഭിച്ചാല്‍ മാത്രമേ ഇത് പ്രതീക്ഷിക്കേണ്ടതുള്ളൂ. എങ്കില്‍ തന്നെയും ശമ്പളം പൂര്‍ണമായും നല്‍കണമെങ്കില്‍ ലോട്ടറിയില്‍ നിന്നുള്ള വരുമാനവും കൂടി എത്തിച്ചേരണം. ഇതിന് പത്താം തീയതി വരെ കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ മാസവും അഞ്ച്, ഏഴ്, പത്ത് തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ശമ്പളം കൊടുത്തു തീര്‍ത്തത്. കുടിശ്ശിക വര്‍ധിച്ചതിനെ തുടര്‍ന്ന് എണ്ണക്കമ്പനിയും സ്‌പെയര്‍ പാര്‍ട്‌സ് കമ്പനികളും വിതരണം നിര്‍ത്തിവെക്കുമെന്ന് കോര്‍പറേഷന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എങ്കില്‍ കൂടുതല്‍ വണ്ടികള്‍ കട്ടപ്പുറത്താകും. നിലവില്‍ 1400ഓളം ബസുകള്‍ കട്ടപ്പുറത്താണ്. അതോടെ പിന്നെയും വരുമാനം കുറയും. ടോമിന്‍ തച്ചങ്കരി എം ഡിയായിരുന്ന ഘട്ടത്തില്‍ സ്ഥാപനം തകര്‍ച്ചയില്‍ നിന്നു കരകയറി വരികയായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌കരണ നടപടികളാണ് കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാവുന്ന അവസ്ഥയിലേക്ക് സ്ഥാപനത്തെ വളര്‍ത്തിയത്. ശബരിമല സീസണില്‍ സ്ഥാപനം റെക്കോര്‍ഡ് നേട്ടവുമുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്തെ വരുമാനം 15.2 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണത്തെ വരുമാനം 45.2 കോടി രൂപയായി ഉയര്‍ന്നു.
നേരത്തെ യൂനിയനുകളുടെ നിയന്ത്രണത്തില്‍ കുത്തഴിഞ്ഞ സ്ഥിതിയായിരുന്നു സ്ഥാപനത്തില്‍. സ്വകാര്യ ബസുകളുമായി യൂനിയന്‍ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി പതിവായിരുന്നു. ലാഭത്തില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസുകളുടെ റൂട്ടുകളില്‍ പോലും അവയുടെ സമയത്തിനു തൊട്ടു മുമ്പായി വാഹനം ഓടിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കും. ജീവനക്കാര്‍ ഡ്യൂട്ടി ക്രമീകരിച്ച് ഇടക്കുള്ള ദിവസങ്ങളില്‍ മറ്റു ജോലികള്‍ക്ക് പോകും. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും യൂനിയന്‍ നേതാക്കള്‍ക്കും വേണ്ടി ഭരണം നടത്തുന്ന രീതിയായിരുന്നു സ്ഥാപനത്തില്‍.

ഇതെല്ലാം അവസാനിപ്പിച്ചതോടെയാണ് സ്ഥാപനം രക്ഷപ്പെടാന്‍ തുടങ്ങിയത്. എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചു വിടല്‍, ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കല്‍, തുടര്‍ച്ചയായി വന്‍ നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കല്‍, ജീവനക്കാരുടെ പുനര്‍വിന്യാസം, ഡിപ്പോകളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കല്‍ തുടങ്ങിയ തച്ചങ്കരിയുടെ നടപടികള്‍ സ്ഥാപനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കി. ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതിലൂടെ 30 കോടി രൂപയുടെ നേട്ടമാണ് ഒരു വര്‍ഷം പ്രതീക്ഷിച്ചിരുന്നത്.

തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ എല്ലാം മാറിമറിഞ്ഞു. പ്രവര്‍ത്തനം കുത്തഴിഞ്ഞു. ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടിക്കെതിരെ യൂനിയന്‍ നേതാക്കള്‍ രംഗത്തു വന്നു. ഈ ഡ്യൂട്ടിക്ക് സന്നദ്ധരായവരെ അതിന് അനുവദിക്കാതെ മടക്കി അയക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത സംഭവം വരെയുണ്ടായി. ഇതോടെ സംസ്ഥാനത്തിന്റെ പലഭാഗത്തും സര്‍വീസ് വൈകുകയും മുടങ്ങുകയും ചെയ്തു. ജനുവരിയില്‍ ചില ദിവസങ്ങളില്‍ 8.5 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. ഇപ്പോള്‍ വരുമാനം ഗണ്യമായി കുറഞ്ഞു വരികയാണ്. 50 ലക്ഷം മുതല്‍ ഒരുകോടി രൂപയുടെ വരെ വരുമാനക്കുറവാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തച്ചങ്കരിയുടെ കാലത്ത് സര്‍വീസുകളും ഷെഡ്യൂളുകളും വെട്ടിച്ചുരുക്കിയപ്പോള്‍, സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയല്ല കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയാണ് സ്ഥാപനത്തെ രക്ഷപ്പെടുത്തേണ്ടതെന്നായിരുന്നു യൂനിയന്‍ നേതാക്കള്‍ ഉന്നയിച്ച വിമര്‍ശം. ഇപ്പോള്‍ സ്ഥാപനം വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കി കൊണ്ടിരിക്കയാണ്. നേതാക്കള്‍ക്ക് ഒരു പരാതിയുമില്ല. ഡിപ്പോകളിലെ ഡ്യൂട്ടികള്‍ പഴയപടി സീനിയോറിറ്റി അടിസ്ഥാനത്തില്‍ വീതം വെച്ച് യൂനിയന്‍ നേതാക്കള്‍ക്ക് സൗകര്യപ്രദമായ ഡ്യൂട്ടി തിരഞ്ഞെടുക്കാനുള്ള നീക്കമാണിപ്പോള്‍ നടന്നു വരുന്നത്.
ട്രേഡ് യൂനിയന്റെയും രാഷ്ട്രീയക്കാരുടെയും നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചെങ്കില്‍ മാത്രമേ കെ എസ് ആര്‍ ടി സി ഉള്‍പ്പടെ ഏത് പൊതുമേഖലാ സ്ഥാപനവും രക്ഷപ്പെടുകയുള്ളൂ. സര്‍ക്കാര്‍ മാസാമാസം 20 കോടി രൂപ ധനസഹായം നല്‍കി കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്തുന്നത് തന്നെ യാത്രക്കാരുടെ താത്പര്യത്തേക്കാളേറെ ജീവനക്കാര്‍ക്ക് വേണ്ടിയാണ്. ഈ ബോധ്യത്തോടെ സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടി മേധാവികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അംഗീകരിക്കുകയും ജീവനക്കാരുടെ പുനര്‍വിന്യാസമുള്‍പ്പടെയുള്ള നടപടികളുമായി സഹകരിക്കുകയുമാണ് യൂനിയന്‍ നേതൃത്വങ്ങള്‍ ചെയ്യേണ്ടത്. അതിന് സന്നദ്ധമാകാതെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന യൂനിയന്‍ നേതാക്കളെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാറും ജീവനക്കാരും സന്നദ്ധമാകണം. അല്ലാത്ത കാലത്തോളം സ്ഥാപനം കരകയറുക പ്രയാസമാണ്.

---- facebook comment plugin here -----

Latest