Connect with us

Kerala

പ്രവര്‍ത്തകരുടെ ഹൃദയം കീഴടക്കി നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാര്‍ വയനാടന്‍ മലയിറങ്ങി

Published

|

Last Updated

കല്‍പ്പറ്റ: ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകരുടെ സ്‌നേഹാഭിവാദ്യങ്ങളേറ്റുവാങ്ങി, വയനാട് കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്, സഹോദരി പ്രിയങ്കക്കൊപ്പം കല്‍പ്പറ്റ നഗരത്തെ ഇളക്കിമറിച്ച റോഡ് ഷോക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മടങ്ങി. രാഹുലിനെ കാണാന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിൻെറ അതിര്‍ത്തിപ്രദേശങ്ങളിൽ നിന്നും ഇന്ന് പുലര്‍ച്ചെ മുതല്‍ കല്‍പ്പറ്റയിലേക്ക് ഒഴുകിയെത്തിയ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനമായ ഇന്ന് രാവിലെ 10.30ഓടെയാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനായി വെസ്റ്റ്ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് യാത്ര തിരിച്ചത്. വിക്രം മൈതാനിക്ക് പരിസരത്ത് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു. 11.02ഓടെ കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടിന് മുകളില്‍ രാഹുലിന്റെ ഹെലികോപ്ടര്‍ എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു.

ജനബാഹുല്ല്യം മൂലം സുരക്ഷാ ഭീഷണി മുന്നില്‍കണ്ട് ദേശീയപാതയിലെ ഗതാഗതം പോലീസ് പൂര്‍ണമായും നിരോധിച്ചിരുന്നു. കല്‍പ്പറ്റ നഗരത്തിൽ റോഡിന്റെ ഇരു ഭാഗവും പ്രവര്‍ത്തകര്‍ നിറഞ്ഞതിനാല്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് അവരെ നിയന്ത്രിച്ചത്. ഹെലികോപ്ടര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതോടെ കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ഗ്രൗണ്ടിലേക്കെത്തി രാഹുലിനെയും പ്രിയങ്കയെയും വരവേറ്റു.

തുടര്‍ന്ന് തുറന്ന വാഹനത്തില്‍ യു ഡി എഫ് നേതാക്കള്‍ക്കൊപ്പം പത്രിക സമര്‍പ്പിക്കാന്‍ കലക്ടറേറ്റിലേക്ക് പോകുകയായിരുന്നു. യു ഡി എഫ് നേതാക്കളായ ഐ സി ബാലകൃഷ്ണന്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികയാണ് രാഹുല്‍ സമര്‍പ്പിച്ചത്. 15 മിനുട്ട് നീണ്ട നിന്ന പത്രിക സമര്‍പ്പണത്തിന് ശേഷമാണ് വയനാട് ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത റോഡ് ഷോ നടന്നത്.

കലക്ടറേറ്റ് പരിസരത്ത് നിന്നും നഗരത്തിലൂടെ ഒരു കിലോമീറര്‍ ദുരമാണ് റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കൊപ്പം തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. റോഡിന് ഇരുവശവും ബില്‍ഡിംഗുകള്‍ക്ക് മുകളിലായും തടിച്ച്കൂടിയ ജനങ്ങളെ കൈവീശിയും പുഞ്ചിരിച്ചും രാഹുലും പ്രിയങ്കയും അഭിവാദ്യം ചെയ്തു. ജനക്കൂട്ടത്തില്‍ നിന്നും മുന്നോട്ട് ആഞ്ഞ് കൈ നല്‍കിയ പ്രവര്‍ത്തകരെ പ്രിയങ്ക നിരാശയാക്കിയില്ല. പ്രവര്‍ത്തകരില്‍ ചിലര്‍ രാഹുലിനും പ്രിയങ്കക്കും തൊപ്പികള്‍ സമ്മാനിച്ചു. രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിച്ച പാര്‍ട്ടി പതാക രാഹുല്‍ പ്രവര്‍ത്തകനില്‍ നിന്ന് വാങ്ങി ഉയര്‍ത്തി വീശി. 45 മിനുട്ടോളം നീണ്ടുനിന്ന റോഡ് ഷോക്ക് ശേഷം എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് രാഹുലും പ്രിയങ്കയും കരിപ്പൂരിലേക്ക് മടങ്ങുകയായിരുന്നു.

മടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെ രാഷ്ട്രീയവും രാഹുല്‍ വിശദീകരിച്ചു. ഇന്ത്യ ഒന്നെന്ന സന്തോഷം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നത്. ഇടതുപക്ഷത്തിന് എതിരല്ല തന്റെ പോരാട്ടം. ദക്ഷിണ ഇന്ത്യ ഒറ്റപ്പെട്ടെന്ന പരാതിയുണ്ട്. സി പി എമ്മിന്റെ വിമര്‍ശനത്തെ സന്തോഷത്തോടെ നേരിടുന്നു. മറുപടി പറയാനില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.