Connect with us

National

യുദ്ധവിമാനങ്ങളുടെ കുറവ്; 21മിഗ്-29 ജെറ്റുകള്‍ ആവശ്യമെന്ന് വ്യോമസേന

Published

|

Last Updated

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളുടെ കുറവ് കണക്കിലെടുത്ത് 21 റഷ്യന്‍ നിര്‍മിത മിഗ്-29 പോര്‍വിമാനങ്ങള്‍ കൂടി വാങ്ങണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ വെച്ച് വ്യോമ സേന (ഐ എ എഫ്). ചുരുങ്ങിയത് 16-18 യുദ്ധവിമാനങ്ങള്‍ വീതമുള്ള 42 സൈനിക വ്യൂഹങ്ങളെങ്കിലും ആവശ്യമാണെന്നിരിക്കെ 30 എണ്ണം മാത്രമാണ് സേനയുടെ കൈവശമുള്ളത്. മിഗ്-29 വിമാനങ്ങളുള്‍പ്പെട്ട മൂന്ന് സേനാ വ്യൂഹങ്ങളാണ് നിലവില്‍ ഇന്ത്യക്കുള്ളത്. ഇവ മൂന്നും പടിഞ്ഞാറേ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഒരു സംഘം മിഗ് 29 വിമാനങ്ങള്‍ പരിശോധിക്കുന്നതിനായി റഷ്യ സന്ദര്‍ശിച്ചിരുന്നു.
റഫാല്‍ കരാര്‍ പ്രകാരമുള്ള ആദ്യഘട്ട യുദ്ധ ജെറ്റുകള്‍ (ഫ്രഞ്ച് നിര്‍മിത ബഹുതല ആക്രമണ വിമാനങ്ങള്‍) 2019 സെപ്തംബറില്‍ ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യന്‍ നാവികസേനയും മിഗ്-29 വിഭാഗത്തില്‍ പെട്ട യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഐ എന്‍ എസ് വിക്രമാദിത്യയിലാണ് അവ സജ്ജീകരിച്ചിട്ടുള്ളത്.