Connect with us

Articles

ജൂലാന്‍ കുന്നും ഇസ്‌റാഈലിന് തീറെഴുതുമ്പോള്‍

Published

|

Last Updated

ലബനാന്‍, ഇസ്‌റാഈല്‍, ജോര്‍ദാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ ഭൂവിഭാഗമായ ജൂലാന്‍ കുന്നുകള്‍ക്ക് തന്ത്രപരമായ സ്ഥാനമുണ്ട്. ഇസ്‌റാഈല്‍ രാഷ്ട്രം ബലാത്കാരമായി സ്ഥാപിക്കപ്പെട്ടതാണെന്ന് തെളിയിക്കുന്ന നിരവധി ജനപഥങ്ങളില്‍ പ്രധാന ഇടമെന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യവും ഈ പീഠഭൂമിക്കുണ്ട്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ പേറി നില്‍ക്കുന്ന ജൂലാന്‍ കുന്നുകള്‍ ഒരിക്കല്‍ കൂടി സംഘര്‍ഷത്തിന്റെ ഹേതുവാകാന്‍ പോകുകയാണ്. തട്ടിയെടുത്ത ഭൂമിയില്‍ ജൂതന്‍മാര്‍ ഒരുക്കിയ മുന്തിരിത്തോട്ടങ്ങള്‍ നയനാനന്ദകരമായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്. ഗലീലി കടല്‍ മനോഹരിയായി ജൂലാന്‍ കുന്നുകള്‍ക്ക് അതിരിടുന്നുണ്ട്. സമ്മോഹനമായ ഈ കാഴ്ചകള്‍ക്കപ്പുറം കുടില രാഷ്ട്രീയത്തിന്റെ ചതിവഴികള്‍ ഈ മണ്ണിനെ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അഗ്‌നിപര്‍വതമായി മാറ്റിയിരിക്കുന്നു. ജൂലാന്‍ കുന്നുകള്‍ ഇസ്‌റാഈലിന്റെ ഭാഗമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ നഗ്നമായ അധിനിവേശത്തിന്റെ ഒരു അധ്യായം കൂടി പിറക്കുകയാണ്.
ഇസ്‌റാഈല്‍ കൈയടക്കി വെച്ചിരിക്കുന്നുവെങ്കിലും ഒരു അന്താരാഷ്ട്ര ഏജന്‍സിയും ആ അധികാര പ്രഖ്യാപനത്തിന് അംഗീകാരം നല്‍കിയിട്ടില്ല. സിറിയയുടെ ഭാഗമായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ ഈ പ്രദേശത്തെ കാണുന്നത്. 12,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം 1967ലെ ആറ് ദിവസ യുദ്ധത്തിനൊടുവില്‍ ഇസ്‌റാഈല്‍ പിടിച്ചെടുക്കുകയായിരുന്നു. ഗാസാ മുനമ്പ്, സീനായ് പ്രവിശ്യ എന്നിവ ഈജിപ്തില്‍ നിന്നും കിഴക്കന്‍ ജറൂസലം അടങ്ങുന്ന വെസ്റ്റ്ബാങ്ക് ജോര്‍ദാന്റെ നിയന്ത്രണത്തില്‍ നിന്നും ഇസ്‌റാഈല്‍ പിടിച്ചടക്കിയതും ഈ യുദ്ധത്തിലാണ്. പ്രദേശങ്ങളെ തര്‍ക്ക ഭൂമിയാക്കി മാറ്റുകയെന്നതാണ് അധിനിവേശത്തിന്റെ ഏറ്റവും വലിയ തന്ത്രം. ബാബരി മസ്ജിദിനെ തര്‍ക്ക മന്ദിരമാക്കുകയാണല്ലോ ചെയ്തത്. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ജറൂസലം അടക്കമുള്ള പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് യു എന്‍ പ്രമേയം നിലനില്‍ക്കെ തന്നെ യു എസിന്റെ പിന്തുണയോടെ അടക്കി ഭരിക്കല്‍ തുടരുകയാണ് ഇസ്‌റാഈല്‍ ചെയ്തത്. ജൂലാന്‍ കുന്നിന്റെ കാര്യത്തില്‍ ഇറാന്റെ സഹായത്തോടെ 1970കളില്‍ സിറിയ ചില സൈനിക നീക്കങ്ങള്‍ നടത്തിയപ്പോള്‍ അത് വലിയ പാതകമായി അമേരിക്കയും ഇസ്‌റാഈലും ആഘോഷിച്ചു. അതോടെ മധ്യസ്ഥര്‍ വന്നു. ഒടുവില്‍ പര്‍പ്പിള്‍ ലൈന്‍ എന്നറിയപ്പെടുന്ന വെടിനിര്‍ത്തല്‍രേഖ രൂപവത്കരിക്കപ്പെട്ടു. ഫലത്തില്‍ ജൂലാന്‍ കുന്നുകള്‍ ഇസ്‌റാഈലിന്റെ കൈയില്‍ തന്നെയാകുകയായിരുന്നു. സൈനിക നിയന്ത്രണത്തിലായിരുന്ന പ്രദേശം 1981ല്‍ ജൂലാന്‍ ഹൈറ്റ്‌സ് നിയമത്തിലൂടെ ഇസ്‌റാഈലിനോട് “നിയമപരമായി” കൂട്ടിച്ചേര്‍ക്കുകയും അവിടെ ജൂത കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. “സ്വന്തം നിയമങ്ങളും നിയമവാഴ്ചയും ഭരണവും സിറിയന്‍ ജൂലാന്‍ കുന്നുകളില്‍ നടപ്പാക്കാനുള്ള ഇസ്‌റാഈലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണെ”ന്ന് യു എന്‍ പ്രമേയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

അന്താരാഷ്ട്ര കരാറുകള്‍ നിരന്തരം കീറിയെറിയുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതൊന്നും വിഷയമല്ല. സയണിസ്റ്റ് ലോബിക്ക് മുമ്പില്‍ വിനീത ദാസനായി നില്‍ക്കുകയാണ് കാര്‍ക്കശ്യത്തിന്റെ ആള്‍രൂപമായ ട്രംപ്. കുടുസ്സായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ചരിത്രമോ വര്‍ത്തമാനകാലത്തെ പ്രത്യാഘാതമോ ഒന്നും വിഷയമല്ലാത്തതിനാല്‍ ജൂലാന്‍ കുന്നുകളുടെ മേല്‍ ഇസ്‌റാഈലിന്റെ ഉടമസ്ഥതാ പ്രഖ്യാപനത്തെ നിരുപാധികം പിന്തുണച്ചിരിക്കുന്നു ട്രംപ്. മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്ന ഈ തീരുമാനത്തില്‍ നിന്ന് ലോകം മുഴുവന്‍ എതിര്‍ത്തിട്ടും പിന്നോട്ടു പോകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ദേശരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ നീതിയുക്തമായി ഇടപെടാന്‍ യു എന്നിന് കെല്‍പ്പില്ലാത്തിടത്തോളം കാലം ട്രംപിന്റെ പ്രഖ്യാപനത്തെ പതിച്ചു കൊടുക്കലായി തന്നെ കാണണം. റഷ്യയടക്കം ഒരു ശക്തിയും ഈ അനീതിക്കെതിരെ ഫലപ്രദമായി ശബ്ദിക്കുമെന്ന് കരുതാനാകില്ല. ലോകക്രമം അത്രമേല്‍ വശം ചരിഞ്ഞതാണ്. ജറൂസലമിലേക്ക് ഇസ്‌റാഈലിന്റെ തലസ്ഥാനം മാറ്റാനുള്ള പച്ചക്കൊടി വീശിയതും ട്രംപായിരുന്നുവല്ലോ. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട ഭാഗമാണ് ജറൂസലം. മുസ്‌ലിംകളുടെ പുണ്യ ഗേഹമായ മസ്ജിദുല്‍ അഖ്‌സ നിലനില്‍ക്കുന്ന മണ്ണില്‍ ഇസ്‌റാഈല്‍ അധിനിവേശം സമ്പൂര്‍ണമാക്കുകയാണ് ട്രംപ് ചെയ്തത്. ഒരു പ്രതിരോധവും അതിനെതിരെ ഉയര്‍ന്നിട്ടില്ല.

വോട്ട് തന്നെയാണ് പ്രശ്‌നം
ജൂലാന്‍ കുന്നുകള്‍ ഇസ്‌റാഈലിന് അവകാശപ്പെട്ടതാണെന്ന് ട്വിറ്റര്‍ വഴിയാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെ സമയം പ്രധാനമാണ്. അമേരിക്കയിലും ഇസ്‌റാഈലിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നുവെന്നത് തന്നെയാണ് പ്രധാനം. പ്രതിപക്ഷത്ത് നിന്ന് ശക്തമായ വെല്ലുവിളി നേരിടുന്ന നെതന്യാഹു സര്‍ക്കാര്‍ ഏതാനും ആഴ്ചക്കകം ജനവിധിക്ക് വിധേയമാകാനിരിക്കുകയാണ്. 2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആഘോഷമായി തുടങ്ങാനിരിക്കുകയാണ് ട്രംപ്. ഇരുവര്‍ക്കും വേണം രാഷ്ട്രീയമായ വഴിയൊരുക്കല്‍. സിറിയയുമായി പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തില്‍ ഇതാദ്യമായി അമേരിക്ക നേരിട്ട് ഇടപെട്ടുവെന്നത് നെതന്യാഹുവിന് തിരഞ്ഞെടുപ്പ് സമ്മാനമാണ്. ട്രംപിന് തന്റെ എതിരാളികളെ നിലംപരിശാക്കാനുള്ള ആയുധവും. ജൂലാന്‍ തീരുമാനം കോള്‍ഡ് സ്റ്റോറേജില്‍ വെച്ച ഡെമോക്രാറ്റുകള്‍ ജൂതവിരുദ്ധമാണെന്നും താന്‍ ജൂതരുടെ സ്വന്തം ആളാണെന്നും പച്ചക്ക് പ്രഖ്യാപിക്കുകയാണ് ട്രംപ് ചെയ്തത്. വോട്ടെണ്ണത്തിനപ്പുറം ജൂത സമൂഹത്തിന് അമേരിക്കയില്‍ അഭിപ്രായ രൂപവത്കരണ ശേഷിയുണ്ടെന്ന തിരിച്ചറിവ് തന്നെയാണ് ട്രംപിനെ ഇത്തരമൊരു അത്യാവേശത്തിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 25ന് “ഗോലാന്‍ ഹൈറ്റ്‌സ് സോവേര്‍ണിറ്റി ഡിക്രി” ട്രംപ് ഒപ്പുവെച്ചത് അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (എ ഐ പി എ സി)യുടെ വാര്‍ഷിക സമ്മേളനം നടന്നുകൊണ്ടിരിക്കെയാണെന്നത് ശ്രദ്ധേയമാണ്. ആരാണ് ഈ എ ഐ പി എ? അതിശക്തരായ ഇസ്‌റാഈല്‍ ലോബീംഗ് ഗ്രൂപ്പാണിത്. ഇവരാണ് വൈറ്റ് ഹൗസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്; തലപ്പത്ത് ട്രംപായാലും മറ്റാരായാലും. ഇത്തവണ ഈ ലോബീംഗിനെ എതിര്‍ക്കാന്‍ ഡെമോക്രാറ്റുകള്‍ അല്‍പ്പം ആര്‍ജവം കാട്ടിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ട്രംപിന്റെ ജൂലാന്‍ പ്രഖ്യാപനം.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ട്രംപിന്റെ ലക്കും ലഗാനുമില്ലാത്ത പോക്ക് റിപ്പബ്ലിക്കന്‍/ ഡെമോക്രാറ്റിക് വിടവ് വര്‍ധിപ്പിച്ചുവെന്നതാണ് ശരി. ദ്വികക്ഷി സമ്പ്രദായത്തില്‍ അത് ശുഭസൂചനയാണ്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 71 ശതമാനം എതിര്‍ത്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 79 ശതമാനം പേരും ആ കുടില നീക്കത്തെ പിന്തുണക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ജൂതന്‍മാര്‍ കൂട്ടത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കുടിയേറുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രാഷ്ട്രീയ മാറ്റത്തിന് ശക്തി പകരുകയാണ് ജൂലാന്‍ തീരുമാനത്തിലൂടെ ട്രംപ് ചെയ്യുന്നത്.

എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ജൂലാന്‍ പ്രഖ്യാപനത്തില്‍ രാഷ്ട്രീയമില്ലെന്ന് വിശദീകരിക്കാന്‍ വിഫല ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “ജൂലാന്‍ കുന്നുകളുടെ കാര്യത്തില്‍ സിറിയയുടെയും ഇറാന്റെയും ഇഷ്ടത്തിനനുസരിച്ച് മൗനം പാലിച്ചാല്‍ അത് ബശര്‍ അല്‍അസദിന്റെ സ്വേച്ഛാധിപത്യത്തെ പിന്തുണക്കലാകും. ഇറാന്റെ മേധാവിത്വത്തിന് കീഴടങ്ങലുമാകും. അതുകൊണ്ട് ജനാധിപത്യപരമായ തീരുമാനമാണ് ട്രംപ് കൈകൊണ്ടത്”.
ഇവിടെ ഇറാനെ പരാമര്‍ശിച്ചത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പതിവു പോലെ ഇസ്‌റാഈല്‍ അപകടത്തില്‍ എന്ന വാദമാണ് ഇവിടെയും ഉയര്‍ത്തിയിരിക്കുന്നത്. ജൂലാന്‍ കുന്നുകളുടെ മേല്‍ സിറിയയുടെ അവകാശം സൈനികമായി ഉയര്‍ത്തുന്നത് ഇറാനും ഹിസ്ബുല്ലയുമാണെന്ന ഇസ്‌റാഈല്‍ ആരോപണം ഉച്ചത്തില്‍ ഉന്നയിക്കുകയാണ് ബോള്‍ട്ടണ്‍ ചെയ്തത്. അമേരിക്കയും റഷ്യയും ചേര്‍ന്ന് മാധ്യസ്ഥ്യം വഹിച്ച് 2017ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മേഖലയില്‍ നിന്ന് ഇറാന്‍ സാന്നിധ്യം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തതാണ്. അത് അറിയാത്ത ആളല്ല ബോള്‍ട്ടണ്‍. തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നുണ ആവര്‍ത്തിക്കുകയാണ് അദ്ദേഹം. ജൂലാന്‍ കുന്നുകളില്‍ ഇറാന്‍ മിസൈല്‍ സംവിധാനം വിന്യസിച്ചിരിക്കുന്നുവെന്നതാണ് മുട്ടന്‍ നുണ.

അങ്ങനെയൊന്ന് കണ്ടെത്താന്‍ ഒരു അന്താരാഷ്ട്ര വസ്തുതാന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. ഇരുതല മൂര്‍ച്ചയുള്ള ആരോപണമാണ് ഇറാനെതിരെ ഉയര്‍ത്തിയത്. സുരക്ഷാ വിഷയം ഉയര്‍ത്തി അമേരിക്കക്ക് ഇടപെടാന്‍ അത് അവസരമൊരുക്കുന്നു. മറുഭാഗത്ത് “ഇറാന്‍ ഭീതി” പടര്‍ത്തി അറബ് ലോകത്തിന്റെ അനുഭാവം നേടിയെടുക്കുകയും ചെയ്യുന്നു.

ചോര തന്നെ കൗതുകം
ഇവിടെ ഗൗരവമായി കാണേണ്ടത് പശ്ചിമേഷ്യയെ എന്നും സംഘര്‍ഷഭൂമിയാക്കി നിര്‍ത്തുകയെന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നു എന്നതാണ്. ഇസില്‍ തീവ്രവാദികളുടെ ശക്തി ക്ഷയിക്കുകയും ബശര്‍ അല്‍അസദ് ഭരണകൂടത്തിനെതിരായി ഉയര്‍ന്നു വന്ന സായുധ പോരാട്ടം ശമിക്കുകയും ചെയ്ത സാഹചര്യത്തില്‍ സിറിയയിലെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷ കൈവന്ന സമയമാണിത്. യു എസ് സൈന്യം അവിടെ നിന്ന് പിന്‍വാങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ബശര്‍ സ്വന്തം ജനതയെ അടിച്ചമര്‍ത്തിയെന്നതും അദ്ദേഹത്തിന് റഷ്യയുടെ പിന്തുണയുണ്ടായിരുന്നുവെന്നതും വസ്തുതയായിരിക്കുമ്പോള്‍ തന്നെ മേഖല സമ്പൂര്‍ണ അരാജകത്വത്തിലേക്ക് വീണില്ല എന്നത് കാണേണ്ടതുണ്ട്. ഇങ്ങനെ സാധ്യമായ ഇത്തിരി ആശ്വാസമാണ് ജൂലാന്‍ കുന്നിനെ മുന്‍നിര്‍ത്തിയുള്ള സംഘര്‍ഷ സൃഷ്ടിയോടെ അസ്തമിക്കുന്നത്.

മുസ്തഫ പി എറയ്ക്കല്‍

musthafalokam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest