Connect with us

National

'മോദിജിയുടെ സേന' പ്രയോഗം: യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈന്യത്തെ “മോദിജിയുടെ സേന” എന്നു വിശേഷിപ്പിച്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസയച്ചു. ഏപ്രില്‍ അഞ്ചിന് ഉച്ചക്കു മുമ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് നോട്ടീസ് എന്നാണ് വിവരം. പ്രതിരോധ സേനയുടെ പ്രവര്‍ത്തനങ്ങളെ തിരഞ്ഞെടുപ്പു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ച്ച് 19ന് പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ചുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പു റാലിയില്‍ യോഗി വിവാദ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ഗാസിയാബാദ് ജില്ലാ കല്കടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്ന് യു പി തിരഞ്ഞെടുപ്പു മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഞായറാഴ്ച ഗാസിയാബാദില്‍ നടത്തിയ തിരഞ്ഞെടുപ്പു റാലിക്കിടെയാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തെ വിശദീകരിച്ചു കൊണ്ടായിരുന്നു യോഗിയുടെ “മോദിജിയുടെ സൈന്യം” പരാമര്‍ശം. കോണ്‍ഗ്രസുകാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കുമ്പോള്‍ മോദിജിയുടെ സൈന്യം ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കുന്നതെന്നും യോഗി പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാര്‍ ജി എന്ന ബഹുമാന സൂചകമായ പദം ഭീകരവാദി മസ്ഹൂദ് അസ്ഹറിനെ സംബോധന ചെയ്യാനാണ് ഉപയോഗിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുകയും തിരഞ്ഞെടുപ്പു കമ്മീഷന് പരാതി ലഭിക്കുകയും ചെയ്തു.