Connect with us

Gulf

മര്‍വാ ദ്വീപില്‍ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തി

Published

|

Last Updated

അബുദാബി: അബുദാബി മര്‍വാ ദ്വീപില്‍ പുരാവസ്തു ഗവേഷകര്‍ ഏറ്റവും പുതിയ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തി. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിലാണ് 8,000 വര്‍ഷം പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അഞ്ച് ആഴ്ചകളായി നടത്തിയ ഖനനത്തിലാണ് അബുദാബി നിയോലിത്തിക്ക് നിവാസികളുടെ വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയുടെ പുതിയ തെളിവുകള്‍ കണ്ടെത്തിയത്.
അബൂദാബി നഗരത്തില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തായി 100 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് മര്‍വാ ദ്വീപ്. മിര്‍ഫ തുറമുഖത്ത് നിന്നും വടക്കുപടിഞ്ഞാറായി 25 കിലോമീറ്റര്‍ ദൂരമാണ് മര്‍വാ ദ്വീപിലേക്കുള്ളത്. ദ്വീപിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഗുബ്ബ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പാറക്കെട്ടിലെ ഉപരിതലത്തിലെ കുഴികളില്‍ നടത്തിയ ഖനനത്തിലാണ് ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്.

ദ്വീപില്‍ ഏഴ് കുന്നുകളാണുള്ളത്. തകര്‍ന്ന നിയോലിത്തിക് കല്ലുകളുടെ നിര്‍മാണത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന് പുരാവസ്ഥ വകുപ്പ് അറിയിച്ചു. ദ്വീപില്‍ പുരാവസ്തു വകുപ്പ് 1992 ലാണ് ആദ്യമായി ഗവേഷണം നടത്തിയത്. മുന്‍ കാലങ്ങളില്‍ തന്നെ ഗവേഷകര്‍ ഖനനം നടത്തുന്നതിന് മര്‍വാ ദ്വീപില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നന്നായി നിര്‍മിച്ചതും മൂന്ന് മുറികളുള്ളതുമായ കെട്ടിടവും നിരവധി ശ്രദ്ധേയമായ വസ്തുക്കളും കണ്ടെത്തിയിരുന്നു. മര്‍വാ ദ്വീപില്‍ നിന്നും കണ്ടെത്തിയ പുരാവസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി ലൂവ്രേ അബുദാബിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദ്വീപില്‍ നിന്നും കണ്ടെത്തിയ മുത്തുകള്‍ അബുദാബി ഖസ്ര്‍ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പാത്രങ്ങളുടെ ശകലങ്ങള്‍, ഷെല്ലുകള്‍, മുത്തുകള്‍, കടല്‍ ഷെല്ലുകള്‍, മത്സ്യ എല്ലുകള്‍, ഡോള്‍ഫിനുകളുടെ അസ്ഥികള്‍ എന്നിവയാണ് കണ്ടെത്തിയത്.

Latest