Connect with us

Gulf

പ്രഥമ ഗ്ലോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് ഈ മാസം അഞ്ചിന് ദുബൈയില്‍

Published

|

Last Updated

ദുബൈ: കുറെ ദശകങ്ങളിലൂടെ സര്‍വ മേഖലകളിലും ഇന്ത്യ ആര്‍ജിച്ച നേട്ടങ്ങളും വളര്‍ച്ചയും ത്വരിതപ്പെടുത്തുവാന്‍ ലക്ഷ്യമിടുന്ന ആഗോള പ്രവാസീ ഭാരതീയ ഉച്ചകോടി ഈ മാസം അഞ്ചിന് ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ “ദി ഡോമി”ല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയും യു എ ഇയും തമ്മില്‍ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ബന്ധങ്ങളില്‍ ഇപ്പോഴുണ്ടായ ഉണര്‍വിന്റെ പശ്ചാതലത്തിലാണ് സമ്മേളനം. ലോകത്തുടനീളം പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മികച്ച സംഭാവനകള്‍ സ്വന്തം നാടിനുവേണ്ടി കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഗ്ലോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് പോലുള്ള വേദികളെ അതിനായി പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ യു എ ഇയിലെയും ഇന്ത്യയിലെയും രാഷ്ട്രനേതാക്കള്‍ പരസ്പരം സന്ദര്‍ശനം നടത്തുകയും സുപ്രധാനമായ കരാറുകള്‍ ഒപ്പിടുകയും ചെയ്തത് ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തിനും ജനങ്ങള്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ തേടുകയാണ് ഗ്ലോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റിന്റെ ഉദ്ദേശ്യമെന്നും പ്രഥമ ഉച്ചകോടിയുടെ രക്ഷാധികാരിയായ ഡോ. ബി ആര്‍ ഷെട്ടി സൂചിപ്പിച്ചു.
ഉദ്ഘാടന ഉച്ചകോടിയെന്ന നിലയില്‍ സുപ്രധാന വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനും പ്രവാസികളുടെ താത്പര്യങ്ങള്‍ ആരായുന്നതിനും ഗ്ലോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് എന്ന വേദിയുടെ പൊതുനയം രൂപീകരിക്കുന്നതിനും മുന്‍തൂക്കം നല്‍കും. ഇന്ത്യയുടെ വികസന അജണ്ടയ്ക്കും ഇന്ത്യ-യു എ ഇ ബന്ധത്തിനും സഹായകമാവുന്ന രീതിയില്‍ ഉച്ചകോടിയെ ഒരു വാര്‍ഷിക പരിപാടിയായി നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും സംഘാടകര്‍ പറഞ്ഞു. സംഘാടകര്‍ക്കൊപ്പം സ്വാമി പരമാത്മാനന്ദ സരസ്വതി, ലെന ബക്കര്‍ തുടങ്ങിയവരും സംബന്ധിച്ചു.

---- facebook comment plugin here -----

Latest