Connect with us

Kerala

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ ഹിന്ദി ചാനലിന്റെ ഒളി ക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ടെ സിറ്റിംഗ് എംപിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവന്‍ ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി. ഹോട്ടല്‍ വ്യവസായത്തിന് ഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളാണെന്ന വ്യാജേന എത്തിയ ചാനല്‍ റിപ്പോര്‍ട്ടറോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓപ്പറേഷന്‍ ഭാരത് വര്‍ഷ് എന്ന പേരില്‍ ടി വി 9 ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. ഭൂമി വാങ്ങുമ്പോഴുണ്ടാകുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് കോടി രൂപയാണ് രാഘവന്‍ കോഴയായി ആവശ്യപ്പെട്ടതെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തനിക്ക് 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും രാഘവന്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തുന്നുണ്ട്. പ്രിന്റിംഗ് ഇനത്തിലാണ് കൂടുതല്‍ പണം ചെലവാകുന്നതെന്നും അദ്ദേഹം പറയുന്നു. രണ്ടു കോടി മുതല്‍ അഞ്ചുകോടി രൂപ വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി നല്‍കാറുണ്ട്. കറന്‍സിയായാണ് ഇത് നല്‍കാറെന്നും രാഘവന്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ നല്‍കാമെന്നേറ്റ കോഴപ്പണവും കറന്‍സിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാല്‍ മതിയെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ രാംദാസ് തടസും ടി വി 9 ചാനലിന്റെ ഈ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയിട്ടുണ്ട്.