Connect with us

Editorial

മയക്കു മരുന്ന് മാഫിയ ശക്തം

Published

|

Last Updated

അമിത ലഹരി ഉപയോഗം മൂലം കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ യുവാവ് മരിച്ചത് രണ്ടാഴ്ച മുമ്പാണ്. ലഹരി മാഫിയയുടെ മര്‍ദനത്തില്‍ തിരുവനന്തപുരത്ത് കരുമനയില്‍ അനന്തുവും ചിറയിന്‍കീഴ് വിഷ്ണുവും കൊല്ലപ്പെട്ടതും അടുത്തിടെയാണ്. സംസ്ഥാനത്ത് ലഹരി ഉപയോഗം പൂര്‍വോപരി വര്‍ധിച്ചിരിക്കയാണ്. കഞ്ചാവിന്റെയും ലഹരി ഗുളികകളുടെയും പുകയില ഉത്പന്നങ്ങളുടെയും അടിമകളായി മാറിയിരിക്കയാണിന്ന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ യുവ തലമുറയില്‍ നല്ലൊരു ശതമാനം. ദിനംപ്രതിയെന്നോണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഹരിയുമായി പിടിയിലാകുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ലഹരി മാഫിയയുടെ വലയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ടവരില്‍ കൗമാരക്കാരും പെണ്‍കുട്ടികളും കുരുന്നുകളും വരെയുണ്ട്. ഇതിനിടെ ഷാഡോ പോലീസിന്റെ പിടിയിലകപ്പെട്ട ഒരു ലഹരി സംഘത്തില്‍ വിദ്യാര്‍ഥിനികളുമുണ്ടായിരുന്നു.
കൂടുതല്‍ മയക്കു മരുന്ന് ഉപയോഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട് കേരളം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് 800 കോടി രൂപയുടെ മയക്കു മരുന്ന് വസ്തുക്കളാണ്. 100 കോടിയുടെ പുകയില ഉത്പന്നങ്ങള്‍ മാത്രം പിടിച്ചെടുത്തു നശിപ്പിച്ചതായി എക്‌സൈസ് വകുപ്പ് വെളിപ്പെടുത്തുകയുണ്ടായി. അധികൃതരുടെ പിടിയിലകപ്പെടാതെ കടത്തുകയും വിപണനം നടത്തുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍ ഇതിന്റെ അനേക മടങ്ങ് വരും.

900 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് 2004ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2018ല്‍ എത്തിയപ്പോഴേക്കും ഇത്തരം കേസുകളുടെ എണ്ണം 77,000 ആയി ഉയര്‍ന്നു. 7,802 പേരാണ് അറസ്റ്റിലായത്.
കരമാര്‍ഗം മാത്രമല്ല, കടല്‍ വഴിയും ആകാശ മാര്‍ഗവും സംസ്ഥാനത്തേക്ക് മയക്കു മരുന്നുകള്‍ എത്തുന്നുണ്ടെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉശിലാംപട്ടി തുടങ്ങിയിടങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നത്. ബംഗളൂരുവില്‍ നിന്ന് എല്‍ എസ് ഡി ഉള്‍പ്പടെയുള്ള മറ്റു ലഹരി വസ്തുക്കളും എത്തുന്നു. സംസ്ഥാനത്തെ ചില ചില്ലറ മരുന്നുവിൽപ്പന ശാലകള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യാവുന്ന മരുന്നുകള്‍ അനധികൃതമായി വിൽപ്പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആള്‍പാര്‍പ്പില്ലാത്ത കെട്ടിടങ്ങളും ഒഴിഞ്ഞ ഇടങ്ങളും കേന്ദ്രീകരിച്ചായിരുന്നു നേരത്തെ ലഹരിയുടെ വിൽപ്പനയെങ്കില്‍ ഇപ്പോള്‍ വിദ്യാലയങ്ങളുടെ പരിസരത്തെ വീടുകളും കടകളും കേന്ദ്രീകരിച്ചും വില്‍പന നടക്കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ അധികൃതര്‍ ഒരുക്കുന്ന ഗോവ, മൈസൂര്‍, ഊട്ടി തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്കുള്ള “പഠന”യാത്രകളില്‍ മയക്കു മരുന്ന് ഉപയോഗം വന്‍തോതില്‍ നടക്കുന്നുണ്ട്. പല വിദ്യാര്‍ഥികളും ലഹരി ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത് ഇത്തരം വേളകളിലാണ്. കോളജ്, സ്‌കൂള്‍ കലോത്സവങ്ങളും വിദ്യാര്‍ഥി ലോകത്തിന് കഞ്ചാവിലും മദ്യത്തിലുമായി അഴിഞ്ഞാടാനുള്ള അവസരമായി മാറുന്നു. അധ്യാപകരില്‍ വിശ്വാസമര്‍പ്പിച്ചാണ് രക്ഷിതാക്കള്‍ മക്കളെ ടൂറിനും മറ്റും അയക്കുന്നത്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ അധ്യാപകരും സ്ഥാപന അധികൃതരും വിദ്യാര്‍ഥികളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയാണ് പതിവ്. ഇത് മുതലെടുത്താണ് അവര്‍ വേണ്ടാത്തരത്തിലേക്ക് പോകുന്നത്.

പടിപടിയായി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച നടപടികള്‍ മയക്കു മരുന്നു കടത്തും ഉപയോഗവും വര്‍ധിക്കാനിടയാക്കുമെന്നും, മദ്യ നിരോധനമല്ല ബോധവത്കരണത്തിലൂടെ മദ്യവര്‍ജനം നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് ഇടതുമുന്നണി നിലപാട്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും ഈ വാദം ഏറ്റുപിടിച്ചു. ഇതടിസ്ഥാനത്തില്‍ നിലവിലെ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യനയം ഉദാരമാക്കുകയും കഴിഞ്ഞ ഭരണത്തില്‍ പൂട്ടിയ ഒട്ടേറെ ബാറുകള്‍ തുറക്കുകയുമുണ്ടായി. എന്നിട്ടും സംസ്ഥാനത്ത് മയക്കു മരുന്നു ഉപയോഗവും കടത്തും വിൽപ്പനയും വര്‍ധിക്കുകയാണെന്ന വസ്തുത, മദ്യലഭ്യത വര്‍ധിപ്പിച്ചാല്‍ മയക്കു മരുന്നുപയോഗം കുറയുമെന്ന വാദത്തിന്റെ പൊള്ളത്തരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭ്യമാവുകുയും അവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികാന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ കേവല ബോധവത്കരണം കൊണ്ട് മാത്രം അവയുടെ ഉപയോഗം കുറക്കാനാകില്ല.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെയും കെടുതികളെയും കുറിച്ച് സമൂഹത്തെ, വിശിഷ്യാ കൗമാരക്കാരെയും യുവതലമുറയെയും, ബോധവത്കരിക്കേണ്ടതാവശ്യം തന്നെ. ഇതോടൊപ്പം അവയുടെ ലഭ്യത തടയുകയും വേണം. പഠന കാര്യത്തില്‍ രക്ഷിതാക്കളില്‍ നിന്നുണ്ടാകുന്ന അമിത സമ്മര്‍ദം, സാമൂഹിക വിരുദ്ധരുമായുള്ള കൂട്ടുകെട്ട്, വിനോദ യാത്രകളിലെയും ആഘോഷ വേളകളിലെയും കടിഞ്ഞാണില്ലായ്മ തുടങ്ങി ലഹരി ഉപയോഗത്തിലേക്ക് അവരെ നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും വേണം. 50 ശതമാനം മാര്‍ക്ക് വാങ്ങാന്‍ മാത്രം കഴിയുന്ന കുട്ടിയെ നൂറ് ശതമാനത്തിലെത്തിക്കാന്‍ രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദവും ഡോക്ടറും എന്‍ജിനീയറുമാക്കാനുള്ള അമിത താത്പര്യവും സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം വിദ്യാര്‍ഥികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ കണ്ടെത്തല്‍. ഇതോടൊപ്പം ലഹരി ഉപയോഗത്തിനു പ്രചോദനം നല്‍കുന്ന സിനിമകളും സീരിയലുകളും പരസ്യങ്ങളും നിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. സമൂഹത്തെ ഈ നീരാളിപ്പിടിത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ലഹരി വിമുക്തി സെന്റര്‍ ഉൾപ്പെടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചു പോകാതെ തുടര്‍ച്ച ഉറപ്പ് വരുത്തുകയും മത, സന്നദ്ധ സംഘടനകള്‍ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സഹകരണം തേടുകയും ചെയ്യേണ്ടതാണ്.

Latest