Connect with us

Articles

സൈബറിടങ്ങള്‍ അജൻഡകളെ ഹൈജാക്ക് ചെയ്യുന്ന വിധം

Published

|

Last Updated

സാമൂഹിക മാധ്യമങ്ങള്‍ ജനജീവിതത്തിന്റെ നിഖില മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. ഇത്തരം മാധ്യമങ്ങള്‍ കൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നല്ല. എന്നാല്‍ രാജ്യം ഒരു നിര്‍ണായക തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാകില്ല. ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എന്തെല്ലാം ചര്‍ച്ച ചെയ്യണം, ചര്‍ച്ച ചെയ്യരുത് എന്ന് സാമൂഹിക മാധ്യമങ്ങള്‍ തീരുമാനിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിയോ എന്നതാണ് ആലോചിക്കേണ്ടത്. രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തിന് തുടര്‍ച്ച വേണോ, അതോ മതേതര ജനാധിപത്യ കക്ഷികള്‍ അധികാരത്തില്‍ വരണോ എന്ന് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട സമയത്ത് നാം എന്തൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചെയ്യുന്നത്. ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങള്‍ പുതിയ പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും അതിന് പിന്നാലെ രാജ്യം പായുകയും ചെയ്യുന്ന കാഴ്ചകളാണ് നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്.

മോദി ഭരണത്തില്‍ രാജ്യം അനുഭവിച്ച കഷ്ടതകളും ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഭരണകക്ഷി തീര്‍ച്ചയായും ശ്രമങ്ങള്‍ നടത്തുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ എന്താണ് ചെയ്യുന്നത്?. ന്യൂനപക്ഷങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയും മതനിരപേക്ഷത തച്ചുതകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ അത്തരം വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്നിലേക്ക് കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ പേരില്‍ മാത്രം വിലപ്പെട്ട ആഴ്ചകള്‍ പലതും നഷ്ടപ്പെടുത്തുന്നു. രാജ്യത്തെ ദരിദ്ര ജനകോടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന “ന്യായ് ഫോര്‍ ഇന്ത്യ” പോലും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ മുന്നോട്ടു കൊണ്ടുവരാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളുടെ പിന്നാലെയാണോ പാര്‍ട്ടികളും ജനങ്ങളും പോകുന്നത്?. ഇനി അഥവാ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ ഒരു സ്വാധീനവലയത്തിലാണ് ഉള്ളതെങ്കില്‍ തന്നെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ “രാജാക്കന്മാരായ” ജനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാതെ ഓരോ ദിവസവും പുതിയ വിഷയങ്ങള്‍ വലിച്ചിഴച്ച് അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് തിരിച്ചുവിടുന്നത് കണ്ടറിയേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും പശുവിന്റെയും മതത്തിന്റെയും പേരില്‍ രാജ്യം കണ്ട നെറികേടുകള്‍, കര്‍ഷകന്റെയും അടിസ്ഥാന വര്‍ഗത്തിന്റെയും പ്രശ്നങ്ങള്‍ തുടങ്ങി അനിവാര്യമായ ചര്‍ച്ചകള്‍ നടക്കേണ്ട മേഖലകള്‍ നിരവധിയുണ്ട്. നോട്ട് നിരോധനത്തെ സംബന്ധിച്ചും അതുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചും അത് സാധാരണക്കാരുടെ നട്ടെല്ല് തകര്‍ത്തതിനെ കുറിച്ചുമൊക്കെ എവിടെയൊക്കെയോ ആരൊക്കെയോ വിളിച്ചു പറയുന്നുവെന്നല്ലാതെ അതിന്റെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് വന്നാലും ഇതുതന്നെയാണ് അവസ്ഥ. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊള്ളണമെന്നില്ലെങ്കിലും മൂന്ന് വര്‍ഷത്തെ പ്രകടനം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതില്ലേ? പൊതു ഇടത്തിലെ മലയാളി ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് വടകരയും വയനാടുമൊക്കെയാണ്. തീര്‍ച്ചയായും ഇത്തരം അപ്രസക്തമായ കാര്യങ്ങള്‍ നിരന്തരം പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ നിലനിര്‍ത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. സാധാരണക്കാരായ പൊതുജനം ഇത് പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ച് കടന്നുവരുന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പൊതുജനം ഇരകളാകരുത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കുമായും പാര്‍ട്ടികള്‍ പ്രത്യേക വിംഗുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന ചെലവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. എന്നാല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ പരമാധികാരം ഉപയോഗിക്കാന്‍ കഴിയുന്ന ജനം എങ്ങനെ അപ്രസക്ത ചര്‍ച്ചകള്‍ക്ക് പിന്നാലെ പോകുന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഇത്രയും കാലം സര്‍ക്കാറിനെതിരെ പറഞ്ഞവരും വര്‍ഗീയ കക്ഷികളെ ഭരണത്തില്‍ നിന്ന് താഴെയിറക്കണമെന്ന് പ്രസംഗിച്ചവരും എഴുതിയവരുമൊക്കെ അതിനായി എന്താണ് ചെയ്യുന്നതെന്ന് പരതിയാല്‍ വട്ടപ്പൂജ്യമായിരിക്കും ഫലം. തിരഞ്ഞെടുപ്പായാലും നിത്യജീവിതമായാലും ജനം എന്ത് ചര്‍ച്ച ചെയ്യണമെന്നും വായിക്കണമെന്നും സാമൂഹിക മാധ്യമങ്ങള്‍ തീരുമാനിക്കുന്നിടത്താണ് കാര്യങ്ങളെങ്കില്‍ ഇങ്ങനെയൊക്കെയേ സംഭവിക്കൂ.

നാം എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആരാണെന്നതാണ് ചോദ്യം. ഭരണകൂടങ്ങളുടെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന അവസരം സാമൂഹിക മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണോ നാം വിനിയോഗിക്കേണ്ടത്? യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെയും രാഷ്രീയ പാര്‍ട്ടികളുടെയും മീഡിയ തന്ത്രങ്ങള്‍ പൊതുജനം തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവ് എത്രത്തോളം ഉണ്ടാകുന്നുവോ അതിനനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം.

പുല്‍വാമയും മിഷന്‍ ശക്തിയും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് രാജ്യത്തെ സമാധാന കാംക്ഷികളായ പൗരന്മാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നതില്‍ സംശയമില്ല. എങ്കിലും ഇവിടെ സംഭവിക്കുന്ന വലിയൊരു അപകടമുണ്ട്. ഈ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട അടിസ്ഥാന വിഷയങ്ങള്‍ പിറകിലേക്ക് പോകുന്നു. ഇത്തരം വിഷയങ്ങള്‍ അനുകൂലമായും പ്രതികൂലമായും ചര്‍ച്ച ചെയ്യുന്നത് മോദി സര്‍ക്കാറിന് ഗുണമേ ചെയ്യുകയുളളൂ. ഇതൊന്നും ചര്‍ച്ച ചെയ്യേണ്ട എന്നല്ല, അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് തെന്നിമാറാന്‍ ഭരണകൂടത്തിന് ഈ വിഷയങ്ങള്‍ അവസരമാക്കിക്കൊടുക്കരുതെന്നാണ് ചുരുക്കം. കഴിഞ്ഞ അഞ്ച് വര്‍ഷം പൊതുജനം അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ഭരണകൂട കൈയേറ്റങ്ങളും മുന്‍പന്തിയില്‍ നില്‍ക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതും. കാരണം ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പിന്തുടരാന്‍ നിര്‍ബന്ധിതരാണ്. സാമൂഹിക മാധ്യമങ്ങളാണെങ്കിലോ പുതിയ പുതിയ വാര്‍ത്തകള്‍ക്കു പിറകിലാണ്. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ അടിസ്ഥാന വിഷയങ്ങള്‍ ലൈവ് ആയി നിലനിര്‍ത്തേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസിയുടെയും ബാധ്യതയായി മാറുകയാണ്.

വി പി എം സാലിഹ്‌