Connect with us

Kerala

രാഹുലിന്റെ പരിപാടിയില്‍ മുസ്ലിം ലീഗ് പതാക ഉപയോഗിക്കുന്നതിന് വിലക്കില്ല: കെപിഎ മജീദ്

Published

|

Last Updated

കോഴിക്കോട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് പതാക ഉപയോഗിക്കുന്നതിന് ഒരു വിലക്കും ഏര്‍പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. നാളെ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പതാകയേന്തി തന്നെ പങ്കെടുക്കുമെന്നും അദ്ദേഹം സിറാജ്‌ലൈവിനോട് വ്യക്തമാക്കി.

വയനാട് മണ്ഡലത്തില്‍ പാര്‍ട്ടി പതാക ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് പ്രചരിപ്പിച്ച് തന്റെ പേരില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നെഞ്ചേറ്റിയത്. ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെയാണെന്നും മജീദ് വ്യക്തമാക്കി.

Read more: ലീഗിന്റെ പച്ചക്കൊടിക്ക് വയനാട്ടില്‍ നിയന്ത്രണം: ലീഗ് നേതാവിന്റെ പേരിലുള്ള വോയ്‌സ്‌ സന്ദേശം ചര്‍ച്ചയാകുന്നു

അതേസമയം, രാഹുലിന്റെ പരിപാടിയില്‍ പാര്‍ട്ടി പതാക ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹിയാഖാന്റെ ശബ്ദസന്ദേശം സംബന്ധിച്ച ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മജീദിന്റെ പ്രതികരണം.

പാക്കിസ്ഥാന്‍ പതാകയോട് സാമ്യമുള്ളതിനാല്‍ മുസ്ലിം ലീഗിന്റെ പതാകയെ പാക് പതാകയെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജെപി നേതാക്കള്‍ ഉത്തരേന്ത്യയില്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ രാഹുലിന്റെ പരിപാടിയില്‍ പാര്‍ട്ടി പതാക ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന യഹിയാ ഖാന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തായിരുന്നു.

Latest