ഇനി ‘ഗ്രൂപ്പു’കളി നടക്കില്ല; പ്രെെവസി സെറ്റിംഗ്‌സില്‍ പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്

Posted on: April 3, 2019 5:03 pm | Last updated: April 3, 2019 at 7:38 pm

ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസ്സേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രൈവസി സെറ്റിംഗസില്‍ പുതിയ മാറ്റം കൊണ്ടുവന്നു. നിങ്ങളെ ആര്‍ക്കൊക്കെ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. അനധികൃതമായും സമ്മതം കൂടാതെയും സ്പാം ഗ്രൂപ്പുകളിലും മറ്റും ആളുകളെ ഉള്‍പ്പെടുത്തുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പിന്റെ പരിഷ്‌കാരം. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് ബീറ്റാ വെര്‍ഷനിലാണ് പുതിയ അപ്‌ഡേഷന്‍ ഉള്ളത്.

പുതിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തപ്പെടുന്നത് തടയാന്‍ പ്രൈവസി സെറ്റിംഗ്‌സില്‍ മൂന്ന് ഓപ്ഷനുകളാണ് വാട്‌സ്ആപ്പ് ചേര്‍ത്തിരിക്കുന്നത്. ഇത് ലഭിക്കാനായി Account > Privacy > Groups എന്നതില്‍ കയറി Nobody, My Contacts, Everyone എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. Nobody സെലക്ട് ചെയ്താല്‍ നിങ്ങളുടെ അനുമതി ഇല്ലാതെ മറ്റാര്‍ക്കും നിങ്ങളെ ഗ്രൂപ്പിള്‍ ചേര്‍ത്താനാവില്ല. My Contacts ആണ് സെലക്ട് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം. Everyone എന്നതാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ സമ്മതം കൂടാതെ തന്നെ ആര്‍ക്കും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

Nobody സെലക്ട് ചെയ്ത ഒരാളെ ഗ്രൂപ്പില്‍ ചേര്‍ക്കണമങ്കില്‍ അദ്ദേഹത്തിന് ഒരു പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ വാട്‌സ്ആപ്പ് ആവശ്യപ്പെടും. ഇതനുസരിച്ച് അയക്കുന്ന സന്ദേശത്തില്‍ സ്വീകരിക്കാനും തള്ളാനുമുള്ള സൗകര്യമുണ്ടാകും. മൂന്ന് ദിവസമാണ് ഈ സന്ദേശത്തിന്റെ കാലാവധി.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്‌കാരങ്ങള്‍.