Connect with us

Gulf

ഭീകരാക്രമണക്കേസില്‍ പ്രതിയായ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദിയെ യുഎഇ ഇന്ത്യക്ക് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി: 2017 ഡിസംബറില്‍ ജമ്മു കാശ്മീരിലെ ലത്തേപുരിയില്‍ അഞ്ച് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ യുഎഇ ഇന്ത്യക്ക് കൈമാറി. ഭീകര സംഘടനയായ ജെയ്‌ഷേ മുഹമ്മദിന്റെ പ്രവര്‍ത്തകന്‍ നിസാര്‍ അഹമ്മദ് തന്ത്രയെയാണ് ഇന്ത്യയിലെത്തിച്ചത്.

ഞായറാഴ്ച പ്രത്യേക വിമാനത്തിലാണ് ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചത്. തുടര്‍ന്ന് ദേശീയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ എന്‍ഐഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ യുഎഇ ഇന്ത്യക്ക് കൈമാറിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും യുഎഇയും തമ്മില്‍ സഹകരണം ശക്തമാക്കിയതോടെ കുറ്റവാളികളെ പരസ്പരം കൈമാറുന്നുണ്ട്. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ മുഖ്യപ്രതി ക്രിസ്റ്റിയന്‍ മിഷേല്‍, പ്രതിരോധ ഇടനിലക്കാരന്‍ ദീപക് തല്‍വാര്‍, മുതിര്‍ന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അബ്ദുല്‍ വാഹിദ് സിദ്ദിബാപ തുടങ്ങിയവരെ അടുത്തിടെ യുഎഇ ഇന്ത്യക്ക് കൈമാറിയിരുന്നു.

Latest