Connect with us

Kerala

ടൈം മാഗസിന്റെ കവറില്‍ സ്വന്തം തല വെട്ടിക്കേറ്റി കണ്ണന്താനത്തിന്റെ പ്രചരണം

Published

|

Last Updated

ടൈം മാഗസിന്റെ യഥാര്‍ഥ കവര്‍ ചിത്രം (ഇടത്ത്), വലത്ത് കണ്ണന്താനം ഫോട്ടോഷോപ് ചെയ്ത് ഫേസ്ബുക്കിലിട്ട ചിത്രം

കൊച്ചി: ടൈം മാഗസിന്റെ കവര്‍ പേജില്‍ സ്വന്തം തല വെട്ടിച്ചേര്‍ത്ത് വ്യാജ ഫോട്ടോഷോപ്പ് ചിത്രവുമായി എറണാകുളം എന്‍ ഡി എ സ്ഥാനാര്‍ഥി അല്‍ഫോണ്‍ കണ്ണന്താനം. തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ഫോട്ടോഷോപ്പ് നുണപ്രചരണം പൊടിപൊടിക്കുന്നതിനിടെയാണ് കണ്ണന്താനവും സമാന വഴിയിലേക്ക് നീങ്ങിയത്. ഫേസ്ബുക്കിലാണ് ബി ജെ പിയുടെ കേന്ദ്രമന്ത്രികൂടിയായ കണ്ണന്താനത്തിന്റെ ഈ വ്യാജ ഫോട്ടോ.

അമേരിക്കയുടെ 50 ഭാവിനേതാക്കളെക്കുറിച്ചുള്ള ടൈമിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടിലാണ് കണ്ണന്താനം ചിത്രവും തലക്കെട്ടും വ്യാജമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടൈമിന്റെ ഒറിജിനല്‍ തലക്കെട്ട് തിരുത്തി നൂറ് ആഗോള നേതാക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്നുമാക്കിയിട്ടുണ്ട്. അമേരിക്കയുടെ 40 വയസിനുതാഴെയുള്ള ഭാവി നേതാക്കള്‍ എന്ന അടിക്കുറിപ്പ് വെട്ടിമാറ്റി, പുതിയ നൂറ്റാണ്ടിലെ യുവ നേതാക്കള്‍ എന്നുമാക്കി.

1994ലേതെന്ന് പ്രചരിപ്പിച്ച ചിത്രവും കണ്ണന്താനത്തിന്റെ 2019ലെ ലോക്സഭാ പ്രചരണത്തിനുപയോഗിച്ചിരിക്കുന്ന ചിത്രവും ഒന്നുതന്നെയാണ്. രണ്ട് പോസ്റ്ററുകളും ഒരേ ഫേസ്ബുക്ക് പോസ്റ്റില്‍തന്നെയാണ് കൊടുത്തിരിക്കുന്നത്.

പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍ ക്രെയ്ഗ് ഫ്രേസിയര്‍ തയ്യാറാക്കിയ കവര്‍ ചിത്രത്തിലാണ് കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് പ്രയോഗം. 40കാരനായ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നെന്ന അടിക്കുറിപ്പുമുണ്ട്.

നേരത്തെ മണ്ഡലം മാറി വോട്ട് ചോദിച്ചും കോടതിയില്‍ കയറി വോട്ട് ചോദിച്ചും കണ്ണന്താനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ ഫോട്ടോഷോപ്പ് പ്രചാരണവും.