Connect with us

Kerala

പ്രളയം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം: അമിക്കസ് ക്യൂറി

Published

|

Last Updated

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ കേരളത്തെ മുക്കിയ പ്രളയത്തിന് കാരണമെന്ന് പരിശോധിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ജുഡഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉളളത്. കാലാവസ്ഥാ വിദഗ്ദന്‍ ഉള്‍പ്പെട്ട ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും, പല ഡാമുകളിലും ചെളി അടിഞ്ഞത് തിരിച്ചറിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കനത്ത മഴയുടെ വരവ് മനസിലാക്കുന്നതില്‍ പിഴവ് സംഭവിച്ചു. ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചു. ഡാം മാനേജ്‌മെന്റില്‍ പാളിച്ചയുണ്ടായി. ഡാമുകളുടെ പരിസരത്ത് നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതില്‍ വീഴ്ചപറ്റി. ഭാവിയില്‍ സമാന ദുരിതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇതേ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാന്‍ അഡ്വക്കേറ്റ് അലക്‌സ് പി ജേക്കബിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഈ സമിതിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അതേ സമയം പ്രളയം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് അണിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും കോടതിയില്‍ സര്‍ക്കാറിന്റെ
വാദം ഉന്നയിക്കാന്‍ അവസരമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

Latest