Connect with us

National

ഉമറിന്റെ ഭൂതകാലം ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റേതെന്ന് ബി ജെ പി വക്താവ്; അഭിമാനമെന്ന് തിരിച്ചടിച്ച് ഉമര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ ട്വിറ്ററിലൂടെ നടത്തുന്ന വകതിരിവില്ലാത്ത ആരോപണങ്ങള്‍ തുടരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ഒരിക്കല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയിരുന്നുവെന്ന ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശമാണ് ഇതില്‍ ഏറ്റവും പുതിയത്. കശ്മീര്‍ വിഷയത്തില്‍ ഉമറും മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും തമ്മിലുള്ള ട്വിറ്റര്‍ വാഗ്വാദത്തില്‍ ഇടപെട്ടാണ്‌
നൂപുര്‍ ശര്‍മയുടെ പരാമര്‍ശം. ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന താങ്കള്‍ അറിയാവുന്ന കാര്യങ്ങള്‍ മാത്രം സംസാരിക്കാനും ബി ജെ പി വക്താവ് ഉമറിനെ ഉപദേശിച്ചിട്ടുണ്ട്.

നൂപുറിന്റെ പരാമര്‍ശം തന്റെ എളിയ തുടക്കങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് ഉമര്‍ ആരോപിച്ചു. “ബി ജെ പി നേതാക്കളുടെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്. സത്യസന്ധമായ ഏതു ജോലി ചെയ്യുന്നതും അന്തസ്സുളവാക്കുന്നതാണ്. ഞാനെങ്ങനെ ജീവിതം ആരംഭിച്ചു എന്നുള്ളതില്‍ എനിക്ക് അഭിമാനമേയുള്ളൂ”- ഉമര്‍ തിരിച്ചടിച്ചു.

ജമ്മു കശ്മീരില്‍ പ്രസിഡന്റ്, പ്രധാന മന്ത്രി പദവികള്‍ പുനസ്ഥാപിക്കുന്നതിന് തന്റെ പാര്‍ട്ടി പരിശ്രമം നടത്തുമെന്ന ഉമറിന്റെ പ്രസ്താവനയാണ് അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന ഗംഭീറുമായുള്ള വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയത്. സമുദ്രത്തിന് മുകളിലൂടെ നടക്കാമെന്നും പന്നികള്‍ പറക്കുമെന്നും പറയുന്നതു പോലെ നിരര്‍ഥകമാണ് ഉമറിന്റെ പ്രസ്താവനയെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

Latest