Connect with us

National

അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ നിന്ന് പണം പിടിച്ചു; വീഡിയോ ദൃശ്യങ്ങളുമായി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപ മുഖ്യമന്ത്രി ചോണ മേന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരുള്‍പ്പെട്ട വാഹന വ്യൂഹത്തില്‍ നിന്ന് പണം പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്. വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.

500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരുന്ന 1.8 കോടി രൂപയാണ് തപീര്‍ ഗാവുവിന്റെ വാഹനത്തില്‍ നിന്ന് പിടികൂടിയതെന്ന് സുര്‍ജെവാല പറഞ്ഞു. നോട്ടിനു പകരം വോട്ട് വാങ്ങാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ റെയ്ഡ് നടത്തിയത്. അരുണാചലിലെ പസീഘട്ടില്‍ പ്രധാന മന്ത്രി പങ്കെടുത്ത റാലിക്ക് എത്തിയവര്‍ക്ക് നല്‍കുന്നതിനാണ് പണം കൊണ്ടുപോയതെന്നും തപീര്‍ ഗാവു ഇതിനു മുമ്പും പണവുമായി പിടിയിലായിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമാണിത്.

അതേസമയം, പണം പിടിച്ചതുമായി ബന്ധപ്പെട്ട് ഇതില്‍ പങ്കുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതേവരെ തയാറായിട്ടില്ലെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.

 

Latest