Connect with us

Editors Pick

ഇന്ത്യയില്‍ വായു മലിനീകരണം ഭീതിദമായി വര്‍ധിക്കുന്നു; 2017ല്‍ മാത്രം മരിച്ചത് 12 ലക്ഷം പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ വായു മലിനീകരണത്തെ തുടര്‍ന്ന് 2017ല്‍ മാത്രം ലോകത്ത് 50 ലക്ഷം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ പകുതി പേരും ഇന്ത്യയിലും ചൈനയിലുമാണെന്ന് യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇഫക്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രസ്തുത വര്‍ഷം വായു മലിനീകരണത്തിന്റെ ഫലമായുള്ള ഇന്ത്യയിലെ മരണ നിരക്ക് 12 ലക്ഷമാണ്.

വര്‍ധിച്ച തോതിലുള്ള വായു മലിനീകരണം മൂലം ഹൃദയാഘാതം, പ്രമേഹം, ഹൃദയ സ്തംഭനം, ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ബാധിച്ചാണ് 2017ല്‍ ലോകത്ത് 50 ലക്ഷം പേരെ മരണം തട്ടിയെടുത്തത്.

ഇന്ത്യയില്‍ മരണത്തിനിടയാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മൂന്നാം സ്ഥാനമാണ് വായു മലിനീകരണത്തിനുള്ളത്. പുകവലിക്കും മുകളിലായാണ് ഇതിന്റെ സ്ഥാനം. ദക്ഷിണേഷ്യയില്‍ വായു മലിനീകരണത്തോത് ഇത്രയും ഉയര്‍ന്ന തോതില്‍ തുടര്‍ന്നാല്‍ ഇന്ന് ജനിക്കുന്ന ഒരു കുഞ്ഞിന്റെ ആയുസ്സില്‍ രണ്ടര വര്‍ഷത്തെ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള തലത്തില്‍ ഇത് 20 മാസമാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജന, വീടുകള്‍ കേന്ദ്രീകരിച്ചുള്ള എല്‍ പി ജി പദ്ധതി, വാഹനപ്പുകയുടെ നിയന്ത്രണം, പുതിയ ദേശീയ വായു ശുദ്ധീകരണ പദ്ധതി തുടങ്ങിയവ വരും വര്‍ഷങ്ങളില്‍ വായു മലിനീകരണം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ഇതോടൊപ്പം ഭാവിയില്‍ വായു ശുദ്ധീകരണത്തിനുള്ള തുടര്‍ച്ചയായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റ് റോബര്‍ട്ടോ കീഫ് പറയുന്നു.

Latest