Connect with us

National

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ടു; റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകം പ്രസിദ്ധീകരിച്ചു

Published

|

Last Updated

ചെന്നൈ: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തടയുകയും പുസ്തകത്തിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്ത നടപടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി. കമ്മീഷന്റെ അനുമതി കൂടാതെയാണ് നടപടിയുണ്ടായതെന്നും ഉത്തരവാദികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിച്ചു.

എസ് വിജയന്റെ റഫാല്‍: എ സ്‌കാം ദാറ്റ് റോക്ക്ഡ് ദി നേഷന്‍ (റഫാല്‍: രാജ്യത്തെ പിടിച്ചുകുലുക്കിയ കുംഭകോണം) എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിനിധികള്‍ വിലക്കിയത്. പ്രകാശനം നടത്താനിരുന്ന കേന്ദ്രത്തില്‍ ചെന്ന് പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ഇവര്‍ പിടിച്ചെടുക്കുകയും ചെയ്തു. നടപടിക്കെതിരെ പുസ്തകത്തിന്റെ പ്രസാധകര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് പ്രസാധകരുടെ ചെന്നൈയിലെ ഓഫീസിലാണ് പ്രകാശന കര്‍മം നിശ്ചയിച്ചിരുന്നത്. റഫാല്‍ ഇടപാടിലെ അഴിമതികള്‍ വെളിപ്പെടുത്തിയ ദി ഹിന്ദു പത്രത്തിന്റെ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍ റാമിനെയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ടതോടെ പ്രസാധകര്‍ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടത്തി. എന്‍ റാം തന്നെയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.