Connect with us

National

'മോദിജിയുടെ സൈന്യം' പരാമര്‍ശം: നടപടി വേണമെന്ന് നാവികസേനാ മുന്‍ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈന്യത്തെ “മോദിജിയുടെ സൈന്യം” എന്ന രീതിയില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ ഉചിതമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് നാവിക സേന മുന്‍ മേധാവി എല്‍ രാംദാസ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സായുധ സേന ഏതെങ്കിലും വ്യക്തിയുടെയോ രാഷ്ട്രീയ കക്ഷിയുടെയോ സ്വകാര്യ സേനയല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഞായറാഴ്ച ഗാസിയാബാദില്‍ നടത്തിയ തിരഞ്ഞെടുപ്പു റാലിക്കിടെയാണ് യോഗി വിവാദങ്ങള്‍ക്കു വഴിവെച്ച പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തെ വിശദീകരിച്ചു കൊണ്ടായിരുന്നു യോഗിയുടെ “മോദിജിയുടെ സൈന്യം” പരാമര്‍ശം. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുകയും പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഗാസിയാബാദ് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികള്‍ സൈന്യത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ രാംദാസ് ഇതിനു മുമ്പും തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു.