Connect with us

National

കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് അഞ്ചു വര്‍ഷം കൊണ്ട് തനിക്കെങ്ങനെ കഴിയും: മോദി

Published

|

Last Updated

ജമുഇ (ബീഹാര്‍): കഴിഞ്ഞ ഭരണ കാലയളവില്‍ പല കാര്യങ്ങളും ചെയ്‌തെങ്കിലും ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും അതിന് അഞ്ചു വര്‍ഷം കൂടി നല്‍കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ബീഹാറില്‍ തന്റെ ലോക്‌സഭാ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാ ജോലിയും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ല. 70 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിയാത്തത് അഞ്ചു വര്‍ഷം കൊണ്ട് എനിക്കെങ്ങിനെ നടപ്പിലാക്കാന്‍ സാധിക്കും.”- മോദി ചോദിച്ചു.
പാക്കിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിന് തെളിവു ചോദിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നതിലുപരി പാക്കിസ്ഥാന്റെ വക്താക്കളാകുകയാണ് അവര്‍ ചെയ്യുന്നത്. പാക്കിസ്ഥാനെ സഹായിക്കുന്നവരും സായുധ സൈന്യത്തിന്റെ ധാര്‍മികത നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുമാണോ അധികാരത്തില്‍ വരേണ്ടതെന്ന് രാജ്യത്തെ വോട്ടര്‍മാര്‍ ചിന്തിക്കണം.

ജമ്മു കശ്മീരില്‍ നേരത്തെയുണ്ടായിരുന്ന പ്രധാന മന്ത്രി പദവി പുനസ്ഥാപിക്കണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുടെ ആവശ്യത്തെയും മോദി വിമര്‍ശിച്ചു. ഏതെങ്കിലും രാജ്യത്ത് രണ്ട് പ്രധാന മന്ത്രിയുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചു. മഹാവിലാവത് സഖ്യത്തില്‍ (ദുഷിച്ച സഖ്യം) ഉള്‍പ്പെട്ട കോണ്‍ഗ്രസും ആര്‍ ജെ ഡിയും ഇത്തരം വിഷയങ്ങളില്‍ മറുപടി പറയണം. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തെ (മഹാഗട്ബന്ധന്‍) യാണ് മോദി ദുഷിച്ച സഖ്യമെന്ന് വിശേഷിപ്പിച്ചത്.