തിരഞ്ഞെടുപ്പ് പ്രചാരണം തകൃതി; ഹൃദ്‌രോഗികളുടെ എണ്ണം കൂടുന്നു

Posted on: April 2, 2019 8:52 pm | Last updated: April 3, 2019 at 1:03 pm

ഹൈദരാബാദ്: തിരഞ്ഞെടുപ്പും ഹൃദ്‌രോഗവും തമ്മിലെന്ത്? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്. ഉയര്‍ന്ന ഡെസിബലില്‍ നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന കിടിലന്‍ അനൗണ്‍സ്‌മെന്റുകള്‍ ഹൃദ്‌രോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും ഭീഷണിയാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് ശേഷം ഇത്തരം പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 8-10 ശതമാനം വര്‍ധിച്ചതായി പ്രമുഖ കാര്‍ഡിയോളജിസ്റ്റായ സായ് രവിശങ്കരന്‍ പറഞ്ഞു.

80 ഡെസിബലില്‍ കൂടുതല്‍ ഉള്ള ശബ്ദം വ്യക്തികള്‍ക്ക് അസ്വസ്ഥതയും സമ്മര്‍ദവും സൃഷ്ടിക്കുമെന്ന് രവിശങ്കരന്‍ പറയുന്നു. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡര്‍നാലിന്‍, കോര്‍ട്ടിസോള്‍ എന്നീ ഹോര്‍മോണുകളില്‍ വ്യതിയാനമുണ്ടാക്കാന്‍ ഉയര്‍ന്ന ശബ്ദം കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശബ്ദമലിനീകരണം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ആശുപത്രികള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും സമീപം ഇത്തരത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ അനൗണ്‍സ്‌മെന്റുകള്‍ നടത്തുന്നത് അപകടകരമാണ്.