Connect with us

International

ഇറക്കുമതിച്ചുങ്കം: ഇന്ത്യക്കെതിരെ ഡബ്ല്യു ടി ഒയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയന്‍

Published

|

Last Updated

ബ്രസല്‍സ്: ഐ ടി ഉത്പന്നങ്ങള്‍, ഔഷധങ്ങള്‍ എന്നിവയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ യഥാക്രമം ഇന്ത്യക്കും തുര്‍ക്കിക്കുമെതിരെ ലോക വ്യാപാര സംഘടന (ഡബ്ല്യു ടി ഒ) യില്‍ പരാതി നല്‍കി. ഈ രാഷട്രങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലം ഇ യു ഉത്പന്ന കയറ്റുമതിയില്‍ പ്രതിവര്‍ഷം നൂറുകോടി യൂറോയുടെ (110 കോടി ഡോളര്‍) നഷ്ടമുണ്ടാക്കുന്നതായി 28 അംഗ യൂറോപ്യന്‍ യൂണിയന്റെ വ്യാപാരം നയത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മൊബൈല്‍ ഫോണ്‍, അതുമായി ബന്ധപ്പെട്ട പാര്‍ട്‌സുകള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, തുടങ്ങിയ ഐ ടി ഉത്പന്നങ്ങള്‍ക്ക് 7.5 മുതല്‍ 20 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുവെന്നാണ് ഇന്ത്യക്കെതിരായ പരാതി. തുര്‍ക്കിയുടെ കാര്യത്തിലാണെങ്കില്‍ വിദേശ ഔഷധങ്ങളുടെ ചരക്കു നീക്കത്തില്‍ ഏര്‍പ്പെടുത്തിയ പ്രതിബന്ധങ്ങളാണ് പരാതിക്കിടയാക്കിയത്.

ഇത്തരം തര്‍ക്കങ്ങളില്‍ 60 ദിവസ പരിധിയിലെ കൂടിയാലോചനകളിലൂടെയാണ് പരിഹാരം തേടുക. ഇതുവഴി പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പ്രത്യേക കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡബ്ല്യു ടി ഒ പാനലിന് പരാതി കൈമാറാവുന്നതാണ്.

---- facebook comment plugin here -----

Latest